തസ്ലീമ സുല്‍ത്താനയും താരങ്ങളും തമ്മിലുള്ള ചാറ്റുകള്‍ എക്‌സൈസിനു കിട്ടി; ഒരുമിച്ച് പലതവണ ലഹരി ഉപഗോയിച്ചതായും മൊഴി; ശ്രീനാഥ് ഭാസിയും ഷൈന്‍ ടോം ചാക്കോയും വീണ്ടും കുരുക്കിലോ? മുടിയും രക്തവും പരിശോധിച്ച് 'ഹൈബ്രിഡ് ലഹരി' കണ്ടെത്തും; മോളിവുഡിന് തസ്ലീമ പ്രിയങ്കരിയോ? സൂപ്പര്‍ സ്റ്റാറുകള്‍ അടക്കം നിരീക്ഷണത്തിലേക്ക്

Update: 2025-04-03 04:32 GMT

ആലപ്പുഴ: രണ്ട് കോടിയിലേറെ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ആലപ്പുഴയില്‍ യുവതി അറസ്റ്റിലായ സംഭവത്തില്‍ സിനിമാ നടന്മാരുടെ രക്ത പരിശോധന നടത്തും. ഇതിനൊപ്പം മുടിയും പരിശോധിക്കും. സംഭവത്തില്‍ അന്വേഷണം കടുപ്പിച്ച് എക്‌സൈസ് മുമ്പോട്ട് പോവുകയാണ്. മട്ടാഞ്ചേരിയിലെ ചില പ്രധാനികള്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്നാണ് വിലയിരുത്തല്‍. കണ്ണൂര്‍ സ്വദേശിനിയായ തസ്ലീമ സുല്‍ത്താനയാണ് പിടിയിലായത്. പ്രതി രണ്ട് സിനിമാ താരങ്ങളുടെ പേരുകളാണ് വെളിപ്പെടുത്തിയതെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എസ് വിനോദ് കുമാര്‍ പ്രതികരിച്ചു. മലയാളത്തിലെ പല സൂപ്പര്‍ താരങ്ങളും എക്‌സൈസിന്റെ നിരീക്ഷണത്തിലുണ്ട്. സംശയമുള്ളവരെ എല്ലാം എക്‌സൈസ് ചോദ്യം ചെയ്യാനും സാധ്യത ഏറെയാണ്.

നടന്‍മാരായ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരിമരുന്ന് നല്‍കാറുണ്ടെന്നാണ് മൊഴി. കണ്ണൂര്‍ സ്വദേശിയാണെങ്കിലും ചെന്നൈയും കൊച്ചിയുമാണ് താവളം. ഏതാനും സിനിമകളില്‍ മുഖം കാണിച്ചിട്ടുള്ള ഇവര്‍ക്ക് സിനിമാ മേഖലയിലുള്ളവരുമായി അടുത്ത ബന്ധമുണ്ട്. സെക്‌സ് റാക്കറ്റ് കേസില്‍ ഒരു തവണ പിടിയില്‍ ആയിട്ടുമുണ്ട്. വാട്‌സാപ്പ് സന്ദേശങ്ങളും സിനിമ മേഖലയിലെ പ്രമുഖര്‍ അടക്കമുള്ളവരുടെ നമ്പറുകളും വാട്‌സാപ്പ് ചാറ്റുകളും തസ്ലീമയുടെ ഫോണില്‍ കണ്ടെത്തി. ആലപ്പുഴ ടൂറിസം മേഖലയില്‍ വിതരണം ചെയ്യുന്നതിനാണ് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത്.

സിനിമാ താരങ്ങളെ എക്‌സൈസ് നോട്ടീസ് അയച്ച് വിളിപ്പിക്കും. വിദേശത്ത് നിന്നും എത്തിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് കൊച്ചിയില്‍ യുവതി വിതരണം ചെയ്തിരുന്നു എന്നാണ് സൂചന. ആലപ്പുഴയില്‍ വിതരണക്കാര്‍ക്ക് നല്‍കാന്‍ കഞ്ചാവുമായെത്തിയപ്പോഴാണ് തസ്ലീമ പിടിയിലായത്. എക്സൈസ് ഇവരെ പിടികൂടുന്ന സമയം മക്കളും ഒപ്പം ഉണ്ടായിരുന്നു. ആലപ്പുഴ നര്‍കോട്ടിക്സ് സി ഐ മഹേഷും സംഘവുമാണ് ഇവരെ പിടികൂടിയത്. ക്രിസ്റ്റീന എന്നും വിളിപ്പേരുള്ള തസ്‌ളീമ തായ്ലാന്‍ഡില്‍ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് വരുത്തിയത്. എംഡിഎംഎയെക്കാള്‍ ലഹരിയേറിയതാണ് ഹൈബ്രിഡ് കഞ്ചാവ്.

മുന്‍പ് പെണ്‍കുട്ടിയെ ലഹരി നല്‍കി മയക്കിയ ശേഷം പീഡിപ്പിച്ച സംഭവത്തിലെ പ്രതിയാണ് തസ്‌ളീമ. ഹൈടെക് ഇടപാടുകളാണ് ലഹരിക്കടത്തില്‍ തസ്ലീമയും സംഘവും നടത്തിയിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ വഴിയാണ് പ്രതികള്‍ ഇടപാട് നടത്തിയിരുന്നത്. വാട്‌സാപ്പ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്ത നിലയിലാണ്. കുറച്ചു ചാറ്റുകള്‍ കിട്ടിയിട്ടുണ്ട്. ഇവ വീണ്ടെടുക്കാന്‍ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. കാര്‍ വാടകയ്ക്ക് എടുത്താണ് പ്രതികള്‍ ആവശ്യക്കാര്‍ക്ക് ലഹരി എത്തിച്ചിരുന്നത്. സമീപകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് കേസെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ് വിനോദ് കുമാര്‍ പറഞ്ഞു.

മുഖ്യപ്രതി തസ്ലീമ സുല്‍ത്താനയും താരങ്ങളും തമ്മിലുള്ള ചാറ്റുകള്‍ എക്‌സൈസിനു ലഭ്യമായിട്ടുണ്ട്. പ്രതിയുമായി ഒരുമിച്ച് പലതവണ ലഹരി ഉപഗോയിച്ചതായും മൊഴിയുണ്ട്. തസ്ലീമ സുല്‍ത്താനയ്ക്കായി കസ്റ്റഡി അപേക്ഷ നല്‍കും. ലഹരി കേസ് കൂടാതെ സെക്‌സ് റാക്കറ്റുമായി സംബന്ധിച്ച വിവരങ്ങള്‍ പൊലീസിന് കൈമാറും. രണ്ടുകോടി വില വരുന്ന അത്യുഗ്ര ഹൈബ്രിഡ് കഞ്ചാവാണ് തസ്ലീമ സുല്‍ത്താനയില്‍ നിന്ന് എക്‌സൈസ് പിടികൂടിയത്. യുവതിക്കൊപ്പം മണ്ണഞ്ചേരി സ്വദേശിയായ ഫിറോസ് എന്നയാളെയും എക്‌സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫിറോസുമായി ചേര്‍ന്ന് വില്പന നടത്താനായാണ് ഇവര്‍ ലഹരി വസ്തുക്കളുമായി ആലപ്പുഴയില്‍ എത്തിയത്.

ഇടപാടുകള്‍ക്കായി തസ്ലിമ റിസോര്‍ട്ടിലെത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിഞ്ഞിരുന്നു. ഫിറോസിനോടൊപ്പം കാറിലെത്തിയ ഇവരെ പുറത്തിറങ്ങിയ ഉടന്‍ പിടിച്ചു. ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കുമൊപ്പമാണു വന്നതെങ്കിലും അവരെ റിസോര്‍ട്ടിനു പുറത്തിറക്കിയിരുന്നു. അവര്‍ക്ക് കഞ്ചാവുകടത്തുമായി ബന്ധമില്ലെന്ന് എക്സൈസ് പറഞ്ഞു. ആലപ്പുഴയില്‍ ടൂറിസംരംഗത്തുള്ളവര്‍ക്കു കഞ്ചാവ് എത്തിക്കുന്നതിനാണ് സുഹൃത്തായ ഫിറോസിന്റെ സഹായംതേടിയത്. ഓണ്‍ലൈനായാണ് പണമിടപാട്. കഞ്ചാവെത്തിക്കുന്നത് ഫിറോസായിരുന്നു. തസ്ലിമ ലഹരിക്കടത്തിന് മറയായി ഉപയോഗിച്ചിരുന്നത് കുടുംബത്തെയാണ്. ഭര്‍ത്താവും രണ്ടു മക്കളുമടങ്ങുന്നതാണ് ഇവരുടെ കുടുംബം. ഇവര്‍ ചെന്നൈയിലാണ് സ്ഥിരതാമസം. വന്‍ തോതില്‍ ലഹരികടത്തേണ്ട സാഹചര്യമുണ്ടാകുമ്പോള്‍ ഇവരെയും കൂട്ടും. കൊച്ചിയില്‍നിന്ന് കഞ്ചാവുമായി ആലപ്പുഴയിലേക്കുള്ള കാര്‍യാത്രയിലും കുടുംബം ഒപ്പമുണ്ടായിരുന്നു. പരിശോധനയ്ക്കുള്ള സാധ്യത കുറയുമെന്നതിനാലാണ് കുടുംബത്തെ കൂട്ടുന്നത്.

ഭര്‍ത്താവിനോ മക്കള്‍ക്കോ ലഹരിക്കടത്തിനെ സംബന്ധിച്ച് യാതൊരറിവുമില്ലെന്നാണ് എക്സൈസ് കണ്ടെത്തിയിരിക്കുന്നത്. യുവതി മാരാരിക്കുളത്തെ റിസോര്‍ട്ടിലേക്ക് കയറുമ്പോള്‍ കുടുംബത്തെ പുറത്ത് നിര്‍ത്തിയിരിക്കുകയായിരുന്നു. എക്സൈസ് ഇവരെ പിടികൂടുമ്പോഴാണ് കുടുംബം അറിയുന്നത്. ഒരു കൂസലും എതിര്‍പ്പും യുവതിക്ക് ഇല്ലായിരുന്നു. കൃത്യമായ വിവരങ്ങള്‍ ഇവര്‍ പറയുന്നില്ലെങ്കിലും നടപടികളെയൊന്നും ഭയമില്ലാത്ത രീതിയിലാണ് പെരുമാറ്റം. രാത്രി കസ്റ്റഡിയില്‍ കഴിഞ്ഞ ഇവര്‍ സുഖമായി ഉറങ്ങിയതായും ഭക്ഷണമെല്ലാം ആവശ്യത്തിന് ചോദിച്ചുവാങ്ങി കഴിച്ചതായും എക്സൈസ് പറഞ്ഞു.

Tags:    

Similar News