തൃശ്ശൂരില്‍ ആളില്ലാത്ത വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച; 35 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു; വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ തക്കം നോക്കി മോഷണം; മുന്‍വശത്തെ വാതിലും കിടപ്പ് മുറിയുടെ ലോക്കും കുത്തിത്തുറന്ന നിലയില്‍; അന്വേഷണം തുടങ്ങി പോലീസ്

തൃശ്ശൂരില്‍ ആളില്ലാത്ത വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച

Update: 2025-04-13 15:28 GMT

തൃശൂര്‍: തൃശ്ശൂരില്‍ ആളില്ലാത്ത വീട്ടില്‍ കയറി മോഷണം. പന്നിത്തടം എയ്യാലില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 35 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. എയ്യാല്‍ ചുങ്കം സെന്ററിന് സമീപം താമസിക്കുന്ന ഒറുവില്‍ അംജതിന്റെ വീട്ടിലാണ് മോഷണം നടന്നത്. പാലക്കാട് കഞ്ചിക്കോടുള്ള സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരനായ അംജത് ജോലി സ്ഥലത്താണ് താമസിക്കുന്നത്.

വീട്ടിലുണ്ടായിരുന്ന ഭാര്യ ഫാദിയ, മാതാവ് നഫീസ എന്നിവര്‍ കഴിഞ്ഞ തിങ്കളാഴ്ച ബന്ധുവീടുകളിലേക്ക് പോയതായിരുന്നു. ഈ സമയത്താണ് മോഷണം നടന്നത്. തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം മനസിലാക്കിയത്. വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് കിടപ്പ് മുറിയുടെ ലോക്ക് കുത്തിത്തുറന്ന് അകത്ത് പ്രവേശിച്ച് അലമാര കുത്തിത്തുറന്നാണ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്.

അലമാരയ്ക്കകത്തുണ്ടായിരുന്ന വസ്ത്രങ്ങള്‍ വലിച്ചിട്ട നിലയിലാണുള്ളത്. 24 ലക്ഷത്തിലേറെ രൂപ വില വരുന്ന സ്വര്‍ണമാണ് മോഷണം പോയിട്ടുള്ളത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന നെക്ലസ്, വള, താലി, പാദസ്വരം, തള എന്നിവയാണ് നഷ്ടപ്പെട്ടത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. അടുത്തകാലത്തായി സമാനമായ മോഷണങ്ങള്‍ തൃശ്ശൂര്‍ ജില്ലയില്‍ നടന്നിട്ടുണ്ട്. അതുകൊണ്ട് സ്ഥിരം മോഷണ സംഘങ്ങളെ കേന്ദ്രീകരിച്ചു അന്വേഷണം നടക്കും.

കുന്നംകുളം എ.സി.പി. സി.ആര്‍. സന്തോഷ്, എരുമപ്പെട്ടി ഇന്‍സ്പെക്ടര്‍ ജെ.എസ്. അശ്വിനി, എസ്.ഐ. കെ.വി. ജോണി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡ് വീട്ടിലെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരായ കെ.പി. ബാലകൃഷ്ണന്‍, എം.അതുല്യ എന്നിവരുടെ നേതൃത്വത്തില്‍ തെളിവുകള്‍ ശേഖരിച്ചു.

Tags:    

Similar News