വീടിന് അടച്ചുറപ്പില്ലാത്തതിനാൽ സ്വർണം കയ്യിലെടുത്തു; ഏഴ് പവന്റെ സ്വർണ വളകൾ സൂക്ഷിച്ചത് ഓട്ടോറിക്ഷയിൽ; പിന്നീട് കണ്ടത് വാഹനത്തിന്റെ ഡാഷ് ബോർഡ് കുത്തി തുറന്ന നിലയിൽ; പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പൊക്കി പോലീസ്

Update: 2026-01-12 04:34 GMT

കാഞ്ഞങ്ങാട്: മാവുങ്കാലിലെ സ്വകാര്യ ആശുപത്രി കോമ്പൗണ്ടിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്ന് ഏഴ് പവൻ സ്വർണവളകൾ മോഷ്ടിച്ച കേസിൽ രണ്ടുപേരെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി ഹൊസ്ദുർഗ് പോലീസ്. കള്ളാർ ഒക്ലാവിലെ സുബൈർ (23), കാഞ്ഞങ്ങാട് വടകരമുക്കിലെ ആഷിഖ് (28) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. മോഷണം പോയ സ്വർണവളകൾ പൂർണമായും കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

വെള്ളരിക്കുണ്ട് കല്ലഞ്ചിറയിലെ അഷറഫിന്റെ ഓട്ടോറിക്ഷയിൽനിന്നാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ സ്വർണം നഷ്ടപ്പെട്ടത്. അഷറഫിന്റെ ഭാര്യപിതാവ് കോളിച്ചാലിലെ പി. അബ്ദുള്ള വീണ് തുടയെല്ലിന് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ എത്തിയതായിരുന്നു ഇവർ. വീട്ടിൽ സുരക്ഷിതമല്ലാത്തതിനാൽ അബ്ദുള്ളയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണവളകൾ ഇവർ കൈയിലെടുക്കുകയായിരുന്നു. ആശുപത്രിയിലെത്തിയശേഷം സ്വർണം ഓട്ടോറിക്ഷയുടെ ഡാഷ് ബോർഡിൽ വെച്ച് പൂട്ടി.

അബ്ദുള്ളയെ അഡ്മിറ്റ് ചെയ്തതിന് ശേഷം രണ്ടുമണിക്കൂറിനകം തിരികെ ഓട്ടോയുടെ അടുത്തെത്തിയപ്പോഴാണ് ഡാഷ്‌ബോർഡ് കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയതും സ്വർണം നഷ്ടപ്പെട്ടതും. ഉടൻതന്നെ ആശുപത്രി അധികൃതരെ വിവരമറിയിക്കുകയും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. ഓട്ടോറിക്ഷയുടെ മുൻസീറ്റിലേക്ക് ഒരാൾ കയറുന്നതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വി.യിൽ പതിഞ്ഞിരുന്നു. തുടർന്ന് ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ ഇ. അനൂപ്കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തിരച്ചിൽ ആരംഭിച്ചു. ഒടുവിൽ അമ്പലത്തറയിൽ വെച്ച് സുബൈറിനെ പിടികൂടി.

ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ ആഷിഖിനെ കാഞ്ഞങ്ങാട് വടകരമുക്കിലുള്ള ഇയാളുടെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയും അവിടെ സൂക്ഷിച്ചിരുന്ന ഏഴ് സ്വർണവളകളും കണ്ടെത്തുകയുമായിരുന്നു. എസ്.ഐ. ശാർങ്ധരൻ, എ.എസ്.ഐ.മാരായ സുനിൽകുമാർ, സുഗുണൻ, ആനന്ദകൃഷ്ണൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.ടി. അനിൽ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.

Tags:    

Similar News