ബൈക്കുമായി റോഡിൽ മൂന്ന് ഫ്രീക്കന്മാരുടെ 'ഷോ'..; യാത്രക്കാർക്ക് ഭീഷണി ഉണ്ടാക്കി അഭ്യാസ പ്രകടനം; ചോദ്യം ചെയ്ത പോലീസിനോട് ഇവർ ചെയ്തത്; പിടികൂടാനെത്തിയപ്പോൾ കത്തി കാട്ടി വിരട്ടൽ; ഏറെനേരത്തെ ഭീകരാന്തരീക്ഷത്തിനൊടുവിൽ നടന്നത്!

Update: 2025-01-22 13:13 GMT

തൃശൂര്‍: നാട്ടുകാർക്ക് ശല്യം ഉണ്ടാക്കി അപകടകരമായ രീതിയിൽ റോഡിൽ പാഞ്ഞ മൂന്ന് ഫ്രീക്കന്മാർ ഒടുവിൽ പോലീസ് വലയിൽ കുടുങ്ങി. ഇവർ ഏറെ നേരം റോഡിൽ അഭ്യാസ പ്രകടനം നടത്തുകയായിരുന്നു. ഒടുവിൽ സഹിക്കെട്ട് പോലീസ് ചോദ്യം ചെയ്തപ്പോൾ അവർക്കെതിരെയും ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഏറെ നേരം ഇവർ റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. തൃശൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

പോലീസിന് നേരെ കത്തി കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസില്‍ കാപ്പാ പ്രതിയടക്കം മൂന്ന് പേരെ ഗുരുവായൂര്‍ പോലീസ് പിടികൂടി. വടക്കേകാട് കല്ലുര്‍ കണ്ടമ്പുള്ളി അക്ഷയ് (24), ഒരുമനയൂര്‍ ഒറ്റത്തെങ് കോറോട്ട് നിതുല്‍ (25), വടക്കേകാട് കല്ലൂര്‍ പ്രദീപ് (20) എന്നിവരെയാണ് ഗുരുവായൂര്‍ പോലീസ് എസ്.എച്ച്.ഒ. സി. പ്രേമാനന്ദകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ. അനുരാജും സംഘവും അറസ്റ്റ് ചെയ്തത്.

മൂന്നുപേരും ബൈക്കില്‍ വളരെ അപകടകരമായ രീതിയില്‍ അഭ്യാസപ്രകടനം നടത്തുന്നത് കണ്ട പോലീസുകാരന്‍ ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതത്രെ. തുടര്‍ന്ന് വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അഞ്ഞൂര്‍ നമ്പീശന്‍ പടിയില്‍ നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്. പിടികൂടാന്‍ എത്തിയ പോലീസുകാര്‍ക്ക് നേരെയും ഇവര്‍ കത്തി കാട്ടി ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

പോലീസ് സാഹസികമായാണ് ഇവരെ കീഴടക്കിയത്. ജില്ലയില്‍ പ്രവേശനവിലക്കുള്ള കാപ്പാ കേസിലെ പ്രതിയാണ് അക്ഷയ്. വടക്കേക്കാട് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇയാള്‍ക്കെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ ഉണ്ട്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നിതുലും ചാവക്കാട് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ പ്രതികൾ ഉള്‍പ്പെട്ടിട്ടുണ്ട്.

Tags:    

Similar News