മൂന്ന് ബൈക്കുകളിലായി പാഞ്ഞെത്തി; സർവേ..എടുക്കാൻ വന്നതാണെയെന്ന് യുവതി; വീടിനകത്ത് കയറി നിന്ന് അടുപ്പം മറയാക്കി സംസാരം; വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു; ബാഗ് എടുക്കാൻ മറന്നെന്ന പേരിൽ വീണ്ടുമെത്തി; കത്തി കാട്ടി മാല പൊട്ടിച്ചെടുത്ത് ഇറങ്ങിയോടി; മൂന്നാം കണ്ണ് പരിശോധിച്ചപ്പോൾ സംഭവിച്ചത്!

Update: 2025-03-11 10:38 GMT

തിരുവനന്തപുരം: വീട്ടിൽ സർവേ എടുക്കാൻ വന്നതാണെയെന്ന വ്യാജേനയെത്തി മാല മോഷ്ടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. വീട്ടിൽ കയറിയ ശേഷം കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മാല തട്ടിയെടുത്ത സംഭവത്തിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതികൾ പിടിയിലായി. കരമന നെടുങ്കാട് പുതുമന ലെയ്നിൽ ബൈക്കിൽ എത്തിയ സ്ത്രീ ഉൾപ്പെടുന്ന മൂന്നംഗ സംഘമാണ് വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയത്. സിസിടിവി ദ്യശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതികളെക്കുറിച്ച് സൂചന ലഭിച്ച പോലീസ് നടത്തിയ അടിയന്തര ഇടപെടലിൽ പ്രതികൾ കുടുങ്ങി. കരമന സ്വദേശി അനീഷ്, സഹോദരൻ അജിത്, അജിതിന്റെ പെൺസുഹൃത്ത് കാർത്തിക എന്നിവരാണ് അറസ്റ്റിലായത്.

അനീഷിന്റെ പേരിൽ ക്രിമിനൽ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. നെടുങ്കാട് പുതുമന ലെയ്നിൽ ഹേമലത, ജ്യോതിപത്മജ എന്നിവർ താമസിക്കുന്ന വീട്ടിലാണ് മോഷ്‌ടാക്കൾ എത്തിയത്. ഇന്നലെ വൈകിട്ട് 6.45 ഓടെയായിരുന്നു മോഷണം. നാലര പവൻ സ്വർണം നഷ്‌ടമായതായാണ് വിവരം. മോഷ്ടാക്കളെത്തിയപ്പോൾ സഹോദരിമാരായ ഹേമലതയും ജ്യോതിപത്മജയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

മൂന്നു ബൈക്കുകളിലായി സർവേയ്ക്ക് എന്ന പേരിൽ എത്തിയ സംഘം വീടിനകത്ത് കയറി വിവരങ്ങൾ ചോദിച്ചു. തുടർന്ന് പുറത്തേക്ക് ഇറങ്ങി. ഇതിനിടയിൽ ബാഗ് മറന്നതായി പറഞ്ഞ് കാർത്തിക വീണ്ടും അകത്തേക്ക് കയറി. പിന്നാലെ അനീഷും എത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. ശബ്ദമുണ്ടാക്കിയാൽ ആക്രമിക്കുമെന്നും സ്വർണാഭരണങ്ങൾ നൽകാനും ആവശ്യപ്പെടുകയും ചെയ്തു.

ഹേമലതയുടെയും ജ്യോതി പത്മജയുടെയും കഴുത്തിൽ കിടന്ന സ്വർണമാലകൾ വലിച്ച് പൊട്ടിച്ച് എടുത്താണ് സംഘം സ്ഥലം വിട്ടത്. സംഭവം അറിഞ്ഞതിന് പിന്നാലെ സമീപത്തെയും പരിസരങ്ങളിലും കരമന പോലീസ് പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. രാത്രി വൈകിയും പൊലീസ് സ്ക്വാഡുകളായി തിരിഞ്ഞ് നടത്തിയ പരിശോധനയിലാണ് സിസിടിവി ദ്യശ്യങ്ങളിൽ നിന്നും പ്രതികളുടെ ദൃശ്യങ്ങൾ ലഭിച്ചത്. പരിശോധനയിൽ രാത്രി ഒന്നരയോടെ പ്രതികളെ നഗരത്തിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.

Tags:    

Similar News