ബെംഗളൂരുവില്‍നിന്ന് കൊച്ചിയിലെത്തിയശേഷം മുംബൈ വഴി ടൂറിസ്റ്റ് വിസയില്‍ കെനിയയിലെ നെയ്റോബിയിലേക്ക്; അവിടെ നിന്നും പറന്നത് കാനഡയിലേക്ക്; ആ തട്ടിപ്പ് ദമ്പതികളെ ഇനി കണ്ടെത്തുക പ്രയാസകരം; രാമങ്കരിക്കാരന് ലുക്ക് ഔട്ട് നോട്ടീസ്; ടോമിയേയും ഭാര്യയേയും പൊക്കാന്‍ ഇന്റര്‍പോളുമെത്തും
ബംഗളൂരു: ബംഗളൂരുവില്‍ ചിട്ടിക്കമ്പനി നടത്തി മുങ്ങിയ മലയാളി ദമ്പതികള്‍ വിദേശത്തേക്കു കടന്നുവെന്ന് ഉറപ്പായി. ബംഗളൂരു രാമമൂര്‍ത്തി നഗറില്‍ എ ആന്‍ഡ് എ ചിട്ടി ഫണ്ട് ആന്‍ഡ് ഫൈനാന്‍സ് നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി എ.വി. ടോമി, ഭാര്യ ഷൈനി ടോമി എന്നിവരുടെ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയിലേക്കു വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഈ ടിക്കറ്റില്‍ ഇവര്‍ യാത്ര ചെയ്‌തോയെന്ന് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
യാത്രാവിവരങ്ങള്‍ വിമാനക്കമ്പനി അധികൃതരോടു പോലീസ് തേടിയിട്ടുണ്ട്. കഴിഞ്ഞ് ഒന്നിന് അസുഖബാധിതനായ ആലപ്പുഴയിലുള്ള ബന്ധുവിനെ കാണാനെന്നു പറഞ്ഞാണ് ഇരുവരും ബംഗളൂരുവില്‍നിന്ന് വിട്ടത്. എന്നാല്‍, മൂന്നിനു കൊച്ചിയില്‍നിന്നു മുംബൈയിലേക്കും അവിടെനിന്നു നെയ്‌റോബിയിലേക്കും ഫ്‌ലൈറ്റില്‍ പോയെന്നാണ് സൂചനയുണ്ട്. ഇവരുടെ ഒരു മകന്‍ കാനഡയിലാണ്. കെനിയയില്‍ നിന്നും കാനഡയിലേക്ക് പോകാനും സാധ്യതയുണ്ട്. വിദേശത്തേക്ക് പണം കടത്തിയത് എങ്ങനെ എന്നും പരിശോധിക്കുന്നുണ്ട്. തന്ത്രപരമായ തട്ടിപ്പാണ് ഇവര്‍ നടത്തിയതെന്ന് വ്യക്തമാണ്. ഇതുവരെ 489 പരാതികളാണു രാമമൂര്‍ത്തി നഗര്‍ പോലീസ് സ്റ്റേഷനില്‍ ലഭിച്ചിരിക്കുന്നത്. വിദേശത്ത് ആയതിനാല്‍ ഇന്റര്‍പോള്‍ സഹായം ഇവരെ പിടികൂടാനായി പോലീസ് തേടിയേക്കും.
ബെംഗളൂരുവില്‍നിന്ന് കൊച്ചിയിലെത്തിയശേഷം മുംബൈ വഴി ടൂറിസ്റ്റ് വിസയില്‍ കെനിയയിലെ നെയ്റോബിയിലേക്ക് പോയതായാണ് വിവരം ലഭിച്ചിരിക്കുന്നത്. വ്യാഴാഴ്ച കൊച്ചിയില്‍നിന്ന് വിമാനം കയറിയതായാണ് പോലീസ് പറയുന്നത്. ഇവരെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി പോലീസ് പറഞ്ഞു. ബെംഗളൂരുവിലെ വീടും വാഹനങ്ങളും വിറ്റശേഷമാണ് ഇവര്‍ മുങ്ങിയത്. 100 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. ചിട്ടിക്കമ്പനിയില്‍ ആയിരത്തോളം പേര്‍ അംഗങ്ങളായിരുന്നു. അഞ്ചുലക്ഷം രൂപ വരെയുള്ള ചിട്ടികള്‍ പല വിഭാഗങ്ങളായി നടത്തിയിരുന്നു.
കൂടാതെ, ഫിക്‌സഡ് ഡിപ്പോസിറ്റായി തുക വാങ്ങി ദമ്പതികളുടെ ഫിനാന്‍സ് കമ്പനിയില്‍ 12 മുതല്‍ 22 ശതമാനം വരെ പലിശ നല്കുമെന്നു പറഞ്ഞ് പലരും ഉയര്‍ന്ന തുക നിക്ഷേപിച്ചിരുന്നു. 20 വര്‍ഷമായി ചിട്ടി നടത്തിവരികയായിരുന്നു ദമ്പതികള്‍. സ്വദേശമായ കുട്ടനാട് രാമങ്കരിയില്‍ ഡിവൈഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്ന ടോമി വര്‍ഷങ്ങള്‍ക്കു മുന്‍പാണു ബെംഗളൂരുവില്‍ എത്തിയത്. ബിസിനസ് നടത്തുകയാണെന്നാണ് നാട്ടില്‍ ലഭിച്ച വിവരം.
മകളുടെ ആദ്യ കുര്‍ബാനയ്ക്കായി രണ്ടുവര്‍ഷം മുന്‍പ് ദമ്പതികള്‍ നാട്ടിലെത്തിയിരുന്നു. മാമ്പുഴക്കരിക്കു സമീപമുള്ള കുടുംബവീട് വര്‍ഷങ്ങളായി അടച്ചിട്ടിരിക്കുകയാണ്. അമ്മ ടോമിയുടെ സഹോദരനൊപ്പം ചങ്ങനാശ്ശേരിയിലാണു താമസിക്കുന്നത്.