ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്ന ഉപഭോക്താവിന് 10,000 രൂപ വിലയുള്ള രത്‌നാഭവണം സമ്മാനം; നിക്ഷേപകരില്‍ നിന്ന് പിരിച്ചെടുത്തത് കോടികള്‍; ശേഷം ജ്വല്ലറി ഉടമകള്‍ ഔട്ട്ലെറ്റുകള്‍ അടച്ചുപൂട്ടി; ടോറസ് ജ്വല്ലറി തട്ടിപ്പില്‍ യുക്രെയ്ന്‍ സ്വദേശിയായ നടന്‍ അര്‍മന്‍ പിടിയില്‍; പിടിയിലായത് മുംബൈയില്‍

Update: 2025-01-29 06:29 GMT

മുംബൈ: നിക്ഷേപത്തിന് ഉയര്‍ന്ന പ്രതിഫലം വാഗ്ദാനം ചെയ്ത് നൂറുകണക്കിന് നിക്ഷേപകരെ കബളിപ്പിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ യുക്രെയ്ന്‍ സിനിമ താരം അറസ്റ്റില്‍. വന്‍ സാമ്പത്തിക കുംഭകോണത്തിലെ സൂത്രധാരന്മാരെ സഹായിച്ചതിനാണ് സിനിമ താരം അര്‍മന്‍ അറ്റൈനെ മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. മുംബൈയിലെ മാല്‍വണില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. സംഭവത്തില്‍ കഴിഞ്ഞ ദിവസം ടോറസ് ജ്വല്ലറി സിഇഒ തൗസിഫ് റിയാസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇതുവരെ ആറു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്മാരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് മുംബൈ പൊലീസ്. തട്ടിപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുക്രെയ്ന്‍ പൗരന്മാരായ ആര്‍ടെമും ഒലീന സ്റ്റോയിനും പൊലീസ് പിടിയിലാണ്. രത്‌നക്കല്ലുകള്‍, സ്വര്‍ണം, വെള്ളി എന്നിവയിലെ നിക്ഷേപത്തിനായി ആളുകളെ എങ്ങനെ ആകര്‍ഷിക്കാമെന്ന ഗൂഢാലോചനയില്‍ ഇരുവരും പങ്കാളികളാണെന്ന് പൊലീസ് പറയുന്നു.

മുംബൈയില്‍ ടോറസ് ജ്വല്ലറി തുറക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചയാളാണ് അര്‍മന്‍ എന്ന പോലീസ് പറഞ്ഞു. ജ്വല്ലറി ശൃംഖലയിലെ ഓഹരിയെന്ന പേരിലും സ്വര്‍ണച്ചിട്ടിയെന്ന പേരിലുമായി 3700 ത്തിലേറെ പേരില്‍ നിന്നും പണം തട്ടിയെന്നാണ് കേസ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മുംബൈയിലും പരിസരങ്ങളിലുമായി ആറിടത്ത് ടോറസ് ജ്വലറി ഔട്ട്ലെറ്റുകള്‍ തുറന്നിരുന്നു. ഔട്ട്ലെറ്റുകള്‍ വഴി രത്‌നാഭരണങ്ങള്‍ വില്‍പന നടത്തുകയും ബോണസ് സ്‌കീം വാഗ്ദാനം ചെയ്യുകയും ചെയ്തു.

ഈ സ്‌കീം പ്രകാരം ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്ന ഉപഭോക്താവിന് 10,000 രൂപ വിലയുള്ള മോയ്സനൈറ്റ് കല്ലുള്ള പെന്‍ഡന്റ് ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. തുടര്‍ന്ന് നിക്ഷേപകരില്‍ നിന്ന് കോടികള്‍ പിരിച്ചെടുത്ത ശേഷം ജ്വല്ലറി ഉടമകള്‍ ഔട്ട്ലെറ്റുകള്‍ അടച്ചുപൂട്ടിയിരുന്നു.

Tags:    

Similar News