രാത്രി പോലീസ് കൺട്രോൾ റൂമിലേക്ക് ഭീതിപ്പെടുത്തുന്ന സന്ദേശം; ട്രാക്കിലൂടെ കുതിച്ചുപാഞ്ഞ ട്രെയിനിനെ പിടിച്ചിട്ട് ജാഗ്രത; റെയിൽവേ സ്റ്റേഷൻ മുഴുവൻ വളഞ്ഞ് പോലീസ് സംഘം; ഫോണുകൾ സ്വിച്ച് ഓഫാക്കിയുള്ള ആ രണ്ടുപേരുടെ നീക്കത്തിൽ ദുരൂഹത; ഒടുവിൽ അന്വേഷണത്തിൽ ഞെട്ടൽ
കാൺപൂർ: ജനറൽ കംപാർട്ട്‌മെന്‍റിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് സഹയാത്രികരുമായി വഴക്കിട്ട രണ്ട് സഹോദരങ്ങൾ ട്രെയിനിൽ ബോംബ് വെച്ചതായി വ്യാജ സന്ദേശം നൽകി. യാത്രക്കാരെ പരിഭ്രാന്തരാക്കി പുറത്തിറക്കി സീറ്റ് നേടാമെന്നായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാൽ, ഇവരുടെ ഈ നീക്കം വിഫലമാവുകയും അവസാനം ജയിലിൽ അടയ്ക്കപ്പെടുകയുമായിരുന്നു. ലുധിയാനയിൽ മെക്കാനിക്കായി ജോലി ചെയ്യുന്ന ദീപക് ചൗഹാൻ, നോയിഡയിലെ ഒരു ഫാക്ടറിയിൽ ജീവനക്കാരനായ സഹോദരൻ അങ്കിത് എന്നിവരാണ് ഈ സംഭവത്തിന് പിന്നിൽ.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സിനിമയെ വെല്ലും അരങേറിയത്. ഡൽഹിയിൽ നിന്ന് അമൃത്സറിലേക്കും പിന്നീട് ബിഹാറിലെ കതിഹാറിലേക്കും സർവീസ് നടത്തുന്ന അമ്രപാലി എക്സ്പ്രസ് ട്രെയിനിലാണ് ഇരുവരും യാത്ര ചെയ്തത്. എന്നാൽ, ട്രെയിനിൽ അവർക്ക് ഇരിക്കാൻ സീറ്റ് ലഭിച്ചില്ല. ഏകദേശം നാല് മണിക്കൂറോളം യാത്ര ചെയ്ത ശേഷം, ഉത്തർപ്രദേശിലെ ഇത്വാ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഇവർക്ക് സീറ്റ് സംബന്ധിച്ച് മറ്റ് യാത്രക്കാരുമായി വാക്കേറ്റമുണ്ടായത്.
ഈ തർക്കത്തെത്തുടർന്ന്, തങ്ങൾക്കിടമുണ്ടായിരുന്ന സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിൽ, ദീപകും അങ്കിതും ചേർന്ന് കാൺപൂരിലെ ഇത്വാ സ്റ്റേഷനിൽ നിന്ന് പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് ട്രെയിനിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ വിവരം നൽകുകയായിരുന്നു.
വിവരം ലഭിച്ചയുടൻ, ബോംബ് സ്ക്വാഡ്, ഫയർ ബ്രിഗേഡ് എന്നിവരുൾപ്പെടെയുള്ള നിരവധി പോലീസ് സംഘങ്ങൾ കാൺപൂർ സെൻട്രൽ സ്റ്റേഷനിലേക്ക് കുതിച്ചെത്തി. ഉടൻ തന്നെ ട്രെയിൻ നിർത്തിയിടുകയും എല്ലാ യാത്രക്കാരോടും ട്രെയിനിൽ നിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. പോലീസ് സംഘങ്ങൾ ഓരോ കോച്ചുകളിലും വിശദമായ പരിശോധന നടത്തി. ഏകദേശം 40 മിനിറ്റോളം നീണ്ട പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പരിശോധനയ്ക്ക് ശേഷം ട്രെയിൻ യാത്ര പുനരാരംഭിച്ചു.
വൻ പോലീസ് സന്നാഹം കണ്ട് ഭയന്ന ദീപകും അങ്കിതും, പോലീസിന്റെ കണ്ണിൽപ്പെടാതിരിക്കാൻ തങ്ങളുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തു. ട്രെയിനിൽ നിന്ന് ഇറങ്ങി കാൺപൂരിലെ ഫെയ്ത്ത്ഫുൾഗഞ്ച് പ്രദേശത്ത് ഒളിച്ചുതാമസിക്കാൻ അവർ തീരുമാനിച്ചു.
പോലീസ് നടത്തിയ അന്വേഷണത്തിൽ, ബോംബ് ഭീഷണി മുഴക്കിയ മൊബൈൽ ഫോൺ ട്രാക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും ആദ്യം വിജയിച്ചില്ല. എന്നാൽ, പിറ്റേന്ന് വെള്ളിയാഴ്ച രാവിലെ സഹോദരങ്ങൾ ഫോൺ വീണ്ടും ഓൺ ചെയ്തതോടെ പോലീസിന് അവരുടെ ലൊക്കേഷൻ കണ്ടെത്താൻ സാധിച്ചു. തുടർന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്തു.
അറസ്റ്റിലായ സഹോദരങ്ങൾക്ക് മുൻകാല ക്രിമിനൽ പശ്ചാത്തലങ്ങളൊന്നും ഇല്ലെന്ന് അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ ആകാംക്ഷ പാണ്ഡെ അറിയിച്ചു. എങ്കിലും, ഇത്തരം വ്യാജ സന്ദേശങ്ങൾ സൃഷ്ടിക്കുന്ന ഭീതിയും അതുമൂലമുണ്ടാകുന്ന സുരക്ഷാ പ്രശ്നങ്ങളും കണക്കിലെടുത്ത്, ഇവരെ ആന്‍റി ടെററിസ്റ്റ് സ്ക്വാഡും ചോദ്യം ചെയ്യുന്നുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.