എന്‍ജിനിയറിങ് വിദ്യാര്‍ഥികളുമായി 'ആവേശം' സ്റ്റൈല്‍ കൂട്ടുകെട്ട്; ഒടുവില്‍ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ടു: പ്രതിയെ സിനിമാ സ്റ്റൈലില്‍ പിടികൂടി പോലിസ്

വിദ്യാര്‍ഥികളുമായി 'ആവേശം' സ്റ്റൈല്‍ കൂട്ടുകെട്ട്; ഒടുവില്‍ തട്ടിക്കൊണ്ടു പോയി: അറസ്റ്റ് ചെയ്ത് പോലിസ്‌

Update: 2024-10-19 02:51 GMT

കാക്കനാട്: എന്‍ജിനിയറിങ് വിദ്യാര്‍ഥികളുമായി 'ആവേശം' സിനിമയിലെ രംഗണ്ണന്‍ സ്റ്റൈലില്‍ ചങ്ങാത്തത്തിലാകുകയും പിന്നീട് തട്ടിക്കൊണ്ടുപോയി, മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്ത യുവാവിനെ പോലിസ് സിനിമാ സ്‌റ്റൈലില്‍ അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട അരിപുരം അമ്പലത്തിനു സമീപം പുത്തുപുര വീട്ടില്‍ അക്ഷയ് (ഷാജി - 22), കൂട്ടുപ്രതി രിസാലില്‍ എന്നിവരാണ് ഇന്‍ഫോപാര്‍ക്ക് പോലീസിന്റെ പിടിയിലായത്.

രാജഗിരി കോളേജിലെ രണ്ട് എന്‍ജിനിയറിങ് വിദ്യാര്‍ഥികളെയാണ് യുവാവ് ഭീഷണിപ്പെടുത്തി സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയത്. വിദ്യാര്‍ത്ഥികളുമായി അടുപ്പം ഉണ്ടാക്കിയെടുത്ത ശേഷമാണ് ഇവരെ കടത്തിക്കൊണ്ടു പോയത്. ശേഷം കുട്ടികളെ മോചിപ്പിക്കുന്നതിന് പണം ആവശ്യപ്പെടുക ആയിരുന്നു. തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥികളില്‍ ഒരാളുമായി ഇന്‍സ്റ്റഗ്രാം വഴി പ്രതി അക്ഷയ് സൗഹൃദം സ്ഥാപിക്കുക ആയിരുന്നു. അതിനു ശേഷം മയക്കുമരുന്ന് ഇടപാടുകളിലേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കുട്ടികള്‍ ഇതില്‍ നിന്നും ഒഴിഞ്ഞു മാറി.

ഇതോടെ താന്‍ പ്രമുഖ ഗുണ്ടാസംഘത്തിലെ അംഗമാണെന്നും എന്ത് വിഷയം ഉണ്ടെങ്കിലും സഹായിക്കാം എന്നുമായി. ഇതിനിടെ കോളേജിനു സമീപം അടിയുണ്ടായപ്പോള്‍ അക്ഷയിന്റെ പരിചയക്കാരനായ വിദ്യാര്‍ഥിക്കും കൂട്ടുകാര്‍ക്കും അടികിട്ടി. ഇക്കാര്യം വിദ്യാര്‍ത്ഥികള്‍ അക്ഷയുമായി പങ്കുവെച്ചു. തുടര്‍ന്ന് സംഭവം തിരക്കാന്‍ അക്ഷയ് മൂന്ന് സുഹൃത്തുക്കളെയും കൂട്ടി കഴിഞ്ഞ ദിവസം രാത്രി 7.30-ന് നിലംപതിഞ്ഞിമുകളില്‍ എത്തി. ഇവരെ ഒപ്പംകൂട്ടിയാല്‍ പ്രശ്നമാകുമെന്ന് മനസ്സിലാക്കിയ വിദ്യാര്‍ഥികള്‍ പ്രതികളെ അനുനയിപ്പിച്ച് തിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

തുടര്‍ന്നാണ് പരാതിക്കാരനായ വിദ്യാര്‍ഥിയെയും കൂട്ടുകാരനെയും അക്ഷയ് സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയത്. ഉടനെ 15,000 രൂപ കൊടുത്തില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. സംഭവം മറ്റ് വിദ്യാര്‍ഥികള്‍ പോലീസിനെ അറിയിക്കുക ആിരുന്നു. ഇതോടെ അക്ഷയ്‌നെ കുടുക്കാന്‍ പോലിസ് വിദ്യാര്‍ത്ഥികളെ കൊണ്ട് തന്നെ വലവിരിച്ചു.

പണം തരപ്പെടുത്താന്‍ കാലതാമസം വരുമെന്നും സുഹൃത്തിന്റെ സ്വര്‍ണമാല തരാമെന്നും വിദ്യാര്‍ഥികളെ കൊണ്ട് പറയിപ്പിച്ച ശേഷം പ്രതിയൊട് കാക്കനാട് എത്താനും നിര്‍ദേശിച്ചു. പോലീസ് പിടിക്കുമെന്നായതോടെ വ്യവസായ മേഖലയ്ക്കു സമീപം വിദ്യാര്‍ഥികളെ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടി.

കൂട്ടുപ്രതി രിസാലിനെ മരടില്‍നിന്നാണ് പിടിച്ചത്. പോലീസിനെ കണ്ട ഇയാള്‍ ബ്ലേഡ് കൊണ്ട് കഴുത്തിലും ശരീരത്തില്‍ പലയിടത്തും സ്വയം മുറിവുണ്ടാക്കിയ ശേഷം അന്വേഷണ സംഘത്തിനു നേരേ പാഞ്ഞടുത്തു. ഇയാളെ കീഴ്‌പ്പെടുത്തി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മയക്കുമരുന്ന് വില്‍പ്പന ഉള്‍പ്പെടെ വിവിധ കേസുകളിലെ പ്രതിയാണ് അക്ഷയ് എന്ന് പോലീസ് പറഞ്ഞു.

Tags:    

Similar News