ആ ഹോം സ്റ്റേ ഉടമയെയും ഇസ്രായേലി ടൂറിസ്റ്റിനെയും ബലാത്സംഗം ചെയ്തത് അതിക്രൂരമായി; രാജ്യത്തെ നടുക്കിയ ഹംപി കൂട്ടബലാത്സംഗ കേസിൽ അറസ്റ്റ്; ഗംഗാവതി സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ; ഒരാൾക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്; ഇരകൾ സുഖംപ്രാപിച്ചു വരുന്നതായി ഡോക്ടർമാർ; കൊടുംക്രൂരതയ്ക്ക് മുൻപിൽ തലതാഴ്ത്തി കർണാടക!

Update: 2025-03-08 15:16 GMT

ബംഗളൂരു: രാജ്യത്തെ തന്നെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് ഒരു ക്രൂര ബലാത്സംഗ കേസ് കർണാടകയിൽ നിന്നും പുറം ലോകം അറിഞ്ഞത്. രാത്രി അത്താഴം കഴിഞ്ഞ് നക്ഷത്ര നിരീക്ഷണത്തിനായി ഇറങ്ങിയ ഹോം സ്റ്റേ ഉടമയെയും ഇസ്രായേലി ടൂറിസ്റ്റിനെയും അതിക്രൂരമായിട്ടാണ് ബലാത്സംഗം ചെയ്തത്. കൂടെ ഉണ്ടായിരുന്നവർക്ക് പരിക്ക് പറ്റുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. ഇപ്പോഴിതാ രാജ്യത്തെ നാണം കെടുത്തിയ സംഭവത്തിൽ പോലീസ് നടപടി ഉണ്ടായിരിക്കുകയാണ്.

കർണാടകയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ഹംപിയെ ഞെട്ടിച്ച കൂട്ടബലാത്സംഗ കേസിൽ രണ്ട് പേർ അറസ്റ്റിലായി. ഗംഗാവതി സ്വദേശികളായ ചേതൻ സായ്, സായ് മല്ലു എന്നിവർ ആണ് അറസ്റ്റിലായത്. ഇവർക്കൊപ്പം ഒരാൾ കൂടി ഉണ്ടായിരുന്നെന്നും ഇയാൾക്ക് വേണ്ടി തെരച്ചിൽ തുടരുന്നു എന്നും കൊപ്പൽ എസ് പി അറിയിച്ചു. കർണാടകയിലെ ഹംപിയിൽ വിദേശ വനിതയെയും ഹോം സ്റ്റേ ഉടമയേയുമാണ് കൂട്ടബലാത്സംഗം ചെയ്തത്. ഇവരുടെ കൂടെയുണ്ടായിരുന്ന യുവാക്കളെ അക്രമികൾ മർദ്ദിച്ച് തടാകത്തിൽ തള്ളിയ ശേഷമായിരുന്നു കൂട്ടബലാത്സംഗം. ഇതിലൊരാൾ മരണപ്പെട്ടിരുന്നു. ഒരു യു എസ് പൗരനടക്കം രണ്ട് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു.

പണം ചോദിച്ചെത്തിയവരാണ് തർക്കത്തിന് പിന്നാലെ ക്രൂര അതിക്രമം നടത്തിയത്. രാജ്യത്തെ തന്നെ പ്രധാനപ്പെട്ട പൗരാണിക വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഹംപി. അവിടെ വച്ചാണ് വിദേശികൾക്കടക്കം ഈ കൊടും ക്രൂരത നേരിടേണ്ടി വന്നതെന്നത് രാജ്യത്തെയാകെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.

ഇന്നലെ രാത്രി പത്തരയോടെ സനാപൂർ തടാകത്തിന് സമീപത്ത് ഇരിക്കുകയായിരുന്നു നാല് ടൂറിസ്റ്റുകളടങ്ങിയ ഒരു യാത്രാ സംഘം. ഹംപിയിലെ ഒരു ഹോം സ്റ്റേ ഉടമയായ യുവതിയാണ് സ്റ്റാർ ഗേസിംഗ് - മ്യൂസിക് യാത്ര സംഘടിപ്പിച്ചത്. ഇവരുടെ അടുത്ത് മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം പെട്രോളുണ്ടോ എന്ന് അന്വേഷിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോൾ നൂറ് രൂപ തരാൻ ആവശ്യപ്പെട്ടു. അതിനും വിസമ്മതിച്ച ഹോം സ്റ്റേ ഉടമയായ യുവതിയോട് സംഘം തട്ടിക്കയറി, വാഗ്വാദമായി. പിന്നീട് ഇവരുടെ കൂടെ ഉണ്ടായിരുന്ന മൂന്ന് പുരുഷൻമാരെയും അക്രമിസംഘം മർദ്ദിച്ചവശരാക്കി, അവരെ തടാകത്തിലേക്ക് തള്ളിയിട്ടു.

പിന്നീടാണ് ഇസ്രയേലി സ്വദേശിനിയായ ടൂറിസ്റ്റിനെയും ഹോം സ്റ്റേ ഉടമയായ യുവതിയെയും അക്രമികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. വെള്ളത്തിൽ വീണ യു എസ് പൗരനായ യുവാവും മഹാരാഷ്ട്ര സ്വദേശിയും പരിക്കുകളോടെ രക്ഷപ്പെട്ടു. എന്നാൽ ഒഡിഷ സ്വദേശിയായ യുവാവിനെ കാണാതായി. പതിനാല് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് തടാകത്തിന്‍റെ ഒരു കൈവഴിയിൽ ഈ യുവാവിന്‍റെ മൃതദേഹം കണ്ടത്. മഞ്ഞുകാലം ഏതാണ്ട് അവസാനിക്കുന്ന ഈ കാലത്ത് ഹംപിയിൽ യാത്രക്കാർ നിരവധി എത്താറുള്ളപ്പോഴാണ് ഈ സംഭവമുണ്ടാകുന്നത് എന്നതാണ് ഏറ്റവും ഗൗരവതരം.

വ്യാഴാഴ്ച രാത്രി താനും നാല് അതിഥികളും ചേർന്ന് തുംഗഭദ്രയിലെ കനാൽ തീരത്ത് നക്ഷത്ര നിരീക്ഷണത്തിനായി പോയിരുന്നുവെന്നാണ് പീഡനത്തിനിരയായ ഹോംസ്റ്റേ ഉടമയായ സ്ത്രീയുടെ പരാതിയിൽ പറയുന്നത്. ഇതിനിടെ ബൈക്കിലെത്തിയ മൂന്ന് പ്രതികൾ പെട്രോൾ എവിടെ കിട്ടുമെന്നു ചോദിച്ചു. തുടർന്ന് ഇസ്രയേലി യുവതിയോട് 100 രൂപ ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ചതോടെ തർക്കമായി. തുടർന്ന് പ്രതികൾ ആക്രമിക്കുകയായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്. അതിനു ശേഷം ഇവർ ബൈക്കിൽ രക്ഷപ്പെട്ടു.

സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പീഡനത്തിനിരയായ സ്ത്രീകൾ സുഖം പ്രാപിച്ചുവരുന്നതായി പൊലീസ് അറിയിച്ചു. ആവശ്യമെങ്കിൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാമെന്നും പൊലീസ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗം, കൂട്ടബലാത്സംഗം, കവർച്ച എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കേസന്വേഷണത്തിനായി രണ്ട് പ്രത്യേക സംഘങ്ങളെ കർണാടക പോലീസ് നിയോഗിച്ചിട്ടുണ്ട്.

Tags:    

Similar News