ഇന്‍ഫ്‌ലുവന്‍സര്‍ പ്രതിയായ യു. കെ വിസ തട്ടിപ്പു കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍; പരാതിക്കാരിയില്‍ നിന്നും അക്കൗണ്ട് വഴി പണം സ്വീകരിച്ചവരെ കര്‍ണാടകത്തില്‍ നിന്നും പൊക്കി പോലീസ്; 'കെട്ട്യോന്‍ ഉണ്ട തിന്നിരിക്കുകയല്ല' എന്നയുടെ വാദവും പാളി; ജോണ്‍സണ്‍ സേവ്യറിനെ റിമാന്‍ഡ് ചെയ്തു കോടതി
ഇന്‍ഫ്‌ലുവന്‍സര്‍ പ്രതിയായ യു. കെ വിസ തട്ടിപ്പു കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍
കല്‍പറ്റ: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സര്‍ പ്രതിയായ യു കെ വിസ തട്ടിപ്പു കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. യു.കെയിലേക്ക് കുടുംബ വിസ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിയില്‍ നിന്നും 44 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിലാണ് രണ്ട് പേരെ കര്‍ണാടക ഹുന്‍സൂരില്‍ നിന്ന് പോലീസ് പിടികൂടി.
പരാതിക്കാരിയില്‍ നിന്നും അക്കൗണ്ട് വഴി പണം സ്വീകരിച്ച കല്‍പറ്റ ചുഴലി മാമ്പറ്റ പറമ്പില്‍ സബീര്‍ (25), കോട്ടത്തറ പുതുശ്ശേരിയില്‍ അലക്‌സ് അഗസ്റ്റിന്‍ (25) എന്നിവരെയാണ് ഹുന്‍സൂരില്‍ ഇഞ്ചിത്തോട്ടത്തില്‍ ഒളിച്ചു കഴിയവേ പൊലീസ് പിടികൂടിയത്. ഒന്നാം പ്രതിയായ അന്നയുടെ നിര്‍ദേശ പ്രകാരം പരാതിക്കാരി ഇരുവരുടെയും അക്കൗണ്ടുകളിലേക്ക് ഒമ്പതു ലക്ഷം രൂപ കൈമാറിയിരുന്നു. 2023 ആഗസ്റ്റ് മുതല്‍ 2024 മേയ് വരെയുള്ള കാലയളവില്‍ സേവ്യറും ഭാര്യ അന്നയും കൂട്ടാളികളും കൂടി തിരുവനന്തപുരം, ആറ്റിങ്ങല്‍ സ്വദേശിനിയില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമായി 4471675 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്.
കേസില്‍ നേരത്തേ അറസ്റ്റിലായ അന്ന ഗ്രേസ് ഓസ്റ്റിന്റെ ഭര്‍ത്താവ് മുട്ടില്‍ എടപ്പട്ടി കിഴക്കേപുരക്കല്‍ ജോണ്‍സണ്‍ സേവ്യറി (51)നെ കോടതി റിമാന്‍ഡ് ചെയ്തു. വെള്ളിയാഴ്ച കോഴിക്കോട്ടുനിന്നാണ് ജോണ്‍സണ്‍ സേവ്യറിനെ കല്പറ്റ പോലീസ് അറസ്റ്റു ചെയ്തത്. തുടര്‍ന്ന് തിങ്കളാഴ്ച വീണ്ടും ഹാജരാവണമെന്ന വ്യവസ്ഥയോടെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
തിങ്കളാഴ്ച വീണ്ടും കോടതിയില്‍ ഹാജരായപ്പോള്‍ വാദം കേട്ട് കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ജോണ്‍സണ്‍ സേവ്യറിനെ വൈത്തിരി സബ് ജയിലിലേക്ക് മാറ്റി. അന്ന ഗ്രേസ് ഓസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്. അന്നയുടെ നിര്‍ദേശപ്രകാരം പല അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. ആറ്റിങ്ങല്‍ സ്വദേശിനിയില്‍നിന്ന് മൂന്നേമുക്കാല്‍ ലക്ഷം രൂപ ഇത്തരത്തില്‍ ജോണ്‍സണ്‍ സേവ്യറിന്റെ അക്കൗണ്ടിലേക്ക് വന്നതായും പോലീസ് കണ്ടെത്തി. അന്നയ്‌ക്കെതിരേ കളമശ്ശേരി, കൂരാച്ചുണ്ട് സ്റ്റേഷനുകളിലും കേസുണ്ട്.
ജോണ്‍സര്‍ സേവ്യര്‍ക്ക് ഇടക്കാല ജാമ്യം കിട്ടിയപ്പോള്‍ ഭര്‍ത്താവ് ഉണ്ട തിന്നുകയല്ല എന്നു പറഞ്ഞു ഇന്ന രംഗത്തുവന്നിരുന്നു. വിസ തട്ടിപ്പില്‍ ഭര്‍ത്താവിന് അവര്‍ ക്ലീന്‍ചിറ്റും നല്‍കി കൊണ്ടായിരുന്നു അന്ന സോഷ്യല്‍ മീഡിയയിലൂടെ രംഗത്തുവന്നത്. സ്റ്റുഡന്റ് വിസ എന്താണെന്ന് പോലും തന്റെ ഭര്‍ത്താവിന് അറിയില്ലെന്നാണ് അന്ന വാദിച്ചത്. ഭര്‍ത്താവിന് കേസുമായി ബന്ധമില്ലെന്നും വളരെ അവിചാരിതമായാണ് അദ്ദേഹത്തെ പോലീസ് കസ്റ്റഡിയില്‍ എടുത്തതെന്നും അന്ന ഗ്രേസ് ഓസ്റ്റിന്‍ പ്രതികരിച്ചിരുന്നു. ഒരു വീഡിയോ ചെയ്തതിന്റെ ഭാഗമായുള്ളതാണ് നിലവിലെ എഫ്.ഐആറുകളെന്നും അതിനെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ വിശദീകരിക്കാന്‍ പറ്റില്ലെന്നും അവര്‍ പറഞ്ഞിരുന്നു.
അന്വേഷണം തുടങ്ങിയനാള്‍ മുതല്‍ വിളിച്ചപ്പോഴെല്ലാം സ്റ്റേഷനില്‍ പോയിട്ടുണ്ട്. തട്ടിപ്പ് നടത്തിയിട്ടില്ല. 'എന്നെ വിശ്വസിക്കുന്നവരോട് ഒരു വാക്ക്' എന്ന അടിക്കുറിപ്പോടെയാണ് അന്ന ഗ്രേസ് ഓസ്റ്റിന്‍ ഇന്‍സ്റ്റഗ്രാമില്‍ കേസുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് ആദ്യം വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രതികരിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ രണ്ടുലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഇന്‍ഫ്‌ലുവെന്‍സറാണ് അന്ന.
യു.കെ.യില്‍ കെയര്‍ടേക്കര്‍ വിസ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിനിയായ യുവതിയില്‍നിന്നും ബന്ധുക്കളില്‍നിന്നുമായി 44,71,675 രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. 2023 ഓഗസ്റ്റ് മുതല്‍ 2024 മേയ് വരെയുള്ള കാലയളവിലാണ് ഇത്രയും തുക വാങ്ങിയെടുത്തത്. ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക്, യുട്യൂബ് എന്നിങ്ങനെയുള്ള സോഷ്യല്‍ മീഡിയാപേജുകള്‍ വഴിയുള്ള പരസ്യം കണ്ടാണ് ഇവരുമായി യുവതി ബന്ധപ്പെടുന്നത്.
ഓട്ടിസം ബാധിച്ച കുട്ടിക്ക് യു.കെ.യില്‍ മികച്ച ചികിത്സാസൗകര്യം ഒരുക്കിനല്‍കുമെന്നും കുടുംബത്തോടൊപ്പം അവിടെ താമസിക്കാമെന്നും വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. സോഷ്യല്‍ മീഡിയ വഴിയാണ് പരിചയപ്പെട്ടത്. ഇവര്‍ വര്‍ക്ക് വിസ ചെയ്യുന്നുണ്ടെന്ന് പറഞ്ഞാണ് സമീപിച്ചതെന്നും തട്ടിപ്പിന് ഇരയായ യുവതി പറയുന്നു. കുടുംബത്തോടെ യുകെയില്‍ പോകാമെന്നായിരുന്നു വാഗ്ദാനം ചെയ്തത്. കുട്ടികളുടെ വിദ്യാഭ്യാസം സൗജന്യമാണ്, നിങ്ങള്‍ക്ക് ജോലി ചെയ്യാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. പണം വാങ്ങിയത് നേരിട്ടായിരുന്നു, ജിഎസ്ടിയുടെ പ്രശ്‌നമുണ്ടെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. പണം തന്നാല്‍ മാത്രം മതി, മറ്റെല്ലാം ശരിയാക്കാമെന്നാണ് വാഗ്ദാനം ചെയ്തത്. വ്യാജ മാരേജ് സര്‍ട്ടിഫിക്കറ്റ് വരെ ഉണ്ടാക്കുന്ന വ്യക്തിയാണ് അവരെന്നും യുവതി പറഞ്ഞു.
പണം വാങ്ങിയ ശേഷം നിങ്ങളുടെ ഡോക്യുമെന്റ് ശരിയായില്ല എന്നു വിസ റിജെക്ട് ചെയ്തുവെന്നാണ് പറഞ്ഞത്. പണം തിരികെ കിട്ടില്ലെന്നും പറഞ്ഞു. അതിന് ശേഷം ഓസ്‌ട്രേലിയയിലേക്ക് വിസ തരപ്പെടുത്താമെന്നും ഭര്‍ത്താവിന് ജോലി തരപ്പെടുത്താന്‍ കഴിയുമെന്നും പറഞ്ഞു. ഇതോടെ മൂന്ന് മാസം കൊണ്ട് കടം തീര്‍ത്താമെന്നും പറഞ്ഞു. ഇതിന് ശേഷവും ആറ് ലക്ഷം കൊടുത്തു. എന്നിട്ടും വിസ ശരിയായില്ല. ഇതോടെ വഴക്കായതോടെ ഏത് പോലീസില്‍ പരാതിപ്പെട്ടാലും പണം നല്‍കില്ലെന്ന് പറഞ്ഞു. ഇതോടെയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതെന്നും തട്ടിപ്പിന് ഇരയായി യുവതി പറഞ്ഞു. സമാനമായ വിധത്തില്‍ നിരവധി പേര്‍ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
തട്ടിപ്പില്‍ പോലീസ് കേസെടുത്തതോടെ കോഴിക്കോട്ടെ ഫ്ലാറ്റിലേക്ക് മാറിത്താമസിക്കുന്നതിനിടെയാണ് ജോണ്‍സണ്‍ സേവ്യറിനെ പിടികൂടിയത്. ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ നിര്‍ദേശ പ്രകാരം കല്‍പറ്റ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ബിജു ആന്റണിയുടെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്പെക്ടര്‍ രാംകുമാറും സംഘവുമാണ് കേസിലെ മൂന്ന് പ്രതികളെയും പിടികൂടിയത്.