യുകെയില്‍ കെയര്‍ ടേക്കര്‍ വിസ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ചു തിരുവനന്തപുരം സ്വദേശിനിയില്‍ നിന്നും ജോണ്‍സണ്‍ വാങ്ങിയത് 44 ലക്ഷം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറുടെ ഭാര്യയും വിശ്വാസം നേടാന്‍ ഒപ്പം നിന്നും; ഒടുവില്‍ വിസയുമില്ല, പണവുമില്ല; തട്ടിപ്പുകേസില്‍ കല്‍പ്പറ്റ സ്വദേശി അറസ്റ്റില്‍; ഒന്നാം പ്രതി അന്ന ഗ്രേസ് ഓസ്റ്റിന്‍
യുകെയില്‍ കെയര്‍ ടേക്കര്‍ വിസ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ചു തിരുവനന്തപുരം സ്വദേശിനിയില്‍ നിന്നും ജോണ്‍സണ്‍ വാങ്ങിയത് 44 ലക്ഷം
കല്‍പ്പറ്റ: മലയാളിയുടെ വിദേശ മോഹങ്ങളെ കരുവാക്കി തട്ടിപ്പു നടത്തുന്നത് പതിവാക്കിയവര്‍ നിരവധിയുണ്ട്. ഇത്തരം തട്ടിപ്പുകളില്‍ എത്ര മലയാളികള്‍ അകപ്പെട്ടാലും വീണ്ടും പഠിക്കാത്ത അവസ്ഥയാണ്. സമാനമായ തട്ടിപ്പുകള്‍ നിരന്തരം നടക്കുന്ന സാഹചര്യമാണ് സംജാതമാകുന്നത്. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവരാണ് പതിവായി കെണിയില്‍ വീഴുന്നത്. യുകെ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ വയനാട് സ്വദേശി അറസ്റ്റിലായി.
കല്‍പ്പറ്റ സ്വദേശി ജോണ്‍സണാണ് അറസ്റ്റിലായത്. ഇന്‍ഫ്‌ലുവന്‍സര്‍ അന്ന ഗ്രേസും കേസില്‍ പ്രതിയാണ്. തിരുവനന്തപുരം സ്വദേശിനി ആര്യ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. യു.കെയിലേക്ക് കൊണ്ടു പോകുന്നതിന് വിസ നല്‍കാം എന്ന് പറഞ്ഞ് 44 ലക്ഷം രൂപ തട്ടിയെടുക്കുകയാിയരുന്നു ഇവര്‍. യുകെയില്‍ കെയര്‍ ടേക്കര്‍ വിസ ശരിയാക്കാം എന്ന് വിശ്വസിപ്പിച്ചണ് ദമ്പതികള്‍പണം തട്ടിയത്.
മുട്ടില്‍ എടപ്പട്ടി കിഴക്കേപുരക്കല്‍ ജോണ്‍സണ്‍ സേവ്യര്‍ (51) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ഉച്ചയോടെ കോഴിക്കോട് വെച്ചാണ് കല്‍പ്പറ്റ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സേവ്യറിന്റെ ഭാര്യയും കേസിലെ ഒന്നാം പ്രതിയുമായ അന്ന ഗ്രേസ് ഓസ്റ്റിനെ പിടികൂടാനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ഇവര്‍ ഒളിവിലാണെന്നാണ് സൂചന. ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുവന്‍സറായ ഇവരാണ് വിസ വാഗ്ദാനങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞതും.
2023 ഓഗസ്റ്റ് മുതല്‍ 2024 മെയ് വരെയുള്ള കാലയളവിലാണ് 44.71675 ലക്ഷം രൂപ സേവ്യറും ഭാര്യയും കൂടെ തിരുവനന്തപുരം, ആറ്റിങ്ങല്‍ സ്വദേശിനിയില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമായി തട്ടിയെടുത്തത്. ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് എന്നിങ്ങനെയുള്ള സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയുള്ള പരസ്യം കണ്ടാണ് ഇവരുമായി യുവതി ബന്ധപ്പെടുന്നത്. ഓട്ടിസം ബാധിച്ച കുട്ടിക്ക് യു കെയില്‍ മികച്ച ചികിത്സാ സൗകര്യം ഒരുക്കി നല്‍കുമെന്നും കുടുംബത്തോടൊപ്പം അവിടെ താമസിക്കാമെന്നും വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്.
ഇവരുടെ മോഹന വാഗ്ദാനത്തില്‍ വിശ്വസിച്ച യുവതി പലപ്പോഴായി പണം നല്‍കുകയും ചെയ്തു. ഒടുവില്‍ വിസ ലഭിക്കാത്ത അവസ്ഥ വന്നതോടെ ചോദ്യം ചെയ്തപ്പോള്‍ ഉടന്‍ വരുമെന്ന് വിശ്വസിപ്പിച്ചു. ഇത് ആവര്‍ത്തിക്കപ്പെട്ടതോടയാണ് കബളിപ്പിക്കപ്പെട്ടുവെന്ന വിവരം യുവതിക്ക് മനസ്സിലായത്. ഇതോടയാണ് പരാതിയുമായി രംഗത്തുവന്നതും. സമാനമായ തട്ടിപ്പുകള്‍ ഇവര്‍ നടത്തിയിട്ടുണ്ടെന്നും സൂചനകളുണ്ട്.
സംസ്ഥാനത്ത് വേറെയും ആളുകള്‍ ഇവരുടെ വലയില്‍ അകപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഡി വൈ എസ് പി ഷൈജു പി എല്ലിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ ബിജു ആന്റണി, എസ് ഐ രാംകുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഗിരിജ, അരുണ്‍ രാജ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ദിലീപ്, ലിന്‍ രാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയായ അന്ന ഗ്രേസ് ഓസ്റ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.