വിജിലന്‍സിന്റെ രാത്രികാല മിന്നല്‍ പരിശോധന; കൊച്ചറ നെറ്റിത്തൊഴു ബെവ്കോ ഔട്ട്ലെറ്റില്‍ നിന്നും കണക്കില്‍പ്പെടാതെ കണ്ടെത്തിയത് 19,000 രൂപ; പണം കണ്ടെത്തിയത് ജീവനക്കാരന്റെ കാറില്‍ നിന്ന്

ബെവ്കോ ഔട്ട്ലെറ്റില്‍ നിന്നും കണക്കില്‍പ്പെടാത്ത 19,000 രൂപ പിടിച്ചെടുത്തു

Update: 2025-07-12 12:00 GMT

ഇടുക്കി: വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കൊച്ചറ നെറ്റിത്തൊഴു ബെവ്കോ ഔട്ട്ലെറ്റില്‍ നിന്നും കണക്കില്‍പ്പെടാത്ത 19,000 രൂപ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇടുക്കി യൂണിറ്റ് വിജിലന്‍സ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. കട്ടപ്പന സ്വദേശിയായ ജീവനക്കാരന്റെ കാറിനുള്ളില്‍ നിന്നുമാണ് പണം കണ്ടെത്തിയത്.

ബില്ലിനേക്കാള്‍ കൂടിയ തുകയ്ക്ക് കണക്കില്‍ കൂടുതലും ബില്ല് നല്‍കാതെയും മദ്യം വില്‍ക്കുന്നത് സംബന്ധിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പരിശോധനയില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയതായി വിജിലന്‍സ് അധികൃതര്‍ അറിയിച്ചു. പരിശോധനയുടെയും ക്രമക്കേടിന്റെയും വിശദാംശങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് വകുപ്പ് അധികൃതര്‍ക്ക് കൈമാറുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.അതേസമയം വിജിലന്‍ സംഘം പരിശോധന നടത്തുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി

പ്രചരിപ്പിച്ച വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനെ ബിവറേജ് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയതായി ആക്ഷേപമുണ്ട്.

മൂണ്‍ ലൈറ്റില്‍ കുടുങ്ങിയെങ്കിലും നടപടിയുണ്ടായില്ല

ബീവറേജസ് ഔട്ട്ലെറ്റുകളില്‍ സ്വകാര്യ മദ്യകമ്പനികളില്‍ നിന്നും പണം കൈപ്പറ്റുന്നതടക്കമുള്ള ആക്ഷേപങ്ങളും സ്വന്തം നിലയില്‍ സ്റ്റാഫിനെ നിര്‍ത്തല്‍ തുടങ്ങി വിജിലന്‍സിന് ലഭിച്ച പരാതിയില്‍ സംസ്ഥാന വ്യാപകമായി 2023 ല്‍ നടത്തിയ റെയ്ഡിലും ഈ ഔട്ട്ലെറ്റില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്തിരുന്നു. പാര്‍ട്ട് ടൈം സ്വീപ്പറുടെ പക്കല്‍ നിന്നുമാണ് അന്ന് 20,000 രൂപയും കണക്കു ക്ലോസ് ചെയ്ത ശേഷം 5000 രൂപയും കണ്ടെത്തിയത്. എന്നാല്‍ പണം പിടിച്ചെടുത്ത് രണ്ടുവര്‍ഷം പിന്നിടുമ്പോഴും ഇവിടുത്തെ ജീവനക്കാരെ സ്ഥലം മാറ്റാന്‍ പോലും കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.

കഴിഞ്ഞവര്‍ഷം നടത്തിയ പരിശോധനയില്‍ ക്യൂ.ആര്‍ കോഡില്‍ തട്ടിപ്പ് കണ്ടെത്തിയിരുന്നു. മദ്യം വാങ്ങുന്നവര്‍ക്ക് പണം നല്‍കാന്‍ സ്ഥാപിച്ച ബോര്‍ഡില്‍ സ്വന്തം ക്യുആര്‍ കോഡ് നല്‍കി പണം ജീവനക്കാരന്‍ അക്കൗണ്ടിലേക്ക് മാറ്റി തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയത്. ഭരണകക്ഷിയുടെ ട്രേഡ് യൂണിയന്‍ നേതാവായ ഇയാളെ സസ്പെന്‍ഡ് ചെയ്തുവെങ്കിലും ഏതാനും മാസങ്ങള്‍ക്ക് ശേഷം തിരിച്ചെടുത്ത് സമീപപ്രദേശത്തെ ഔട്ട്ലെറ്റില്‍ നിയമിച്ചു.

Tags:    

Similar News