വാഗമണ്‍ അപകടം; അപകടമുണ്ടാക്കിയ ഡ്രൈവര്‍ക്ക് ഗുരുതര വീഴച സംഭവിച്ചതായി മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട്ട്; ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിച്ചതിലും വലിയ പാകപ്പിഴവ് സംഭവിച്ചെന്നും റിപ്പോര്‍ട്ട്
വാഗമണ്‍: വഴിക്കടവിലെ ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനില്‍ വാഹനം ഇടിച്ചുകയറി നാല് വയസ്സുകാരന്‍ മരണപ്പെട്ട ദാരുണ അപകടവുമായി ബന്ധപ്പെട്ട് മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയില്‍ ഡ്രൈവര്‍ക്കും ചാര്‍ജിങ് സ്റ്റേഷന്‍ മാനേജ്‌മെന്റിനും ഗുരുതര വീഴ്ച ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട്.
ചെറിയ കയറ്റത്തിലായിരുന്ന സ്റ്റേഷനിലേക്ക് നിയന്ത്രണം വിട്ട് കാര്‍ കയറിയപ്പോള്‍ ഡ്രൈവര്‍ അമിതമായി ആക്‌സിലറേറ്റര്‍ അമര്‍ത്തിയതും പിന്നീട് നിയന്ത്രണം നഷ്ടപ്പെട്ട ശേഷം പാളിച്ചയായി വീണ്ടും ആക്‌സിലറേറ്റര്‍ അമര്‍ത്തിയതുമാണ് അപകടത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിരപ്പായ സ്ഥലത്തായിരുന്നെങ്കില്‍ അപകടം കുറയ്ക്കാനാകുമായിരുന്നു എന്നും പരിശോധനയില്‍ വ്യക്തമാക്കുന്നു.
ചാര്‍ജിങ് സ്റ്റേഷനില്‍ വേഗം നിയന്ത്രിക്കാനുള്ള സംവിധാനങ്ങളായി സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിച്ചിരുന്നില്ല. ടൈലിംഗിനായി മിനുസമുള്ള ഉപാധികള്‍ ഉപയോഗിച്ചിരുന്നതും മഴയെത്തുടര്‍ന്ന് പാതയ്ക്ക് നേരിയ സ്ലിപ്പ് വന്നതും അപകടം ഉണ്ടാകാനുള്ള സാഹചര്യം സൃഷ്ടിച്ചതായി കണ്ടെത്തി. വിശ്രമസൗകര്യങ്ങള്‍ ഇല്ലാത്തതും മറ്റൊരു ഗൗരവകരമായ കാര്യമായി ചൂണ്ടിക്കാട്ടപ്പെടുന്നു.
ശനിയാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് തിരുവനന്തപുരം നേമം ശാസ്താംലെയിലെ നാഗമ്മല്‍ വീട്ടില്‍ ശബരിനാഥിന്റെയും ആര്യ മോഹന്റെയും മകന്‍ എസ്. അയാന്‍ഷ് നാഥ് (4) മരണമടഞ്ഞത്. അമ്മയുടെ മടിയിലിരുന്ന കുട്ടിയിലേക്കാണ് കാറ് നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്. അപകടത്തില്‍ അമ്മയും ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ആര്‍. ശ്യാം, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി. ആശാകുമാര്‍, എഎംവിഐ ജോര്‍ജ് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തുകയും നടപടിക്ക് വേണ്ടിയുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുമാണ് ചെയ്തത്.