അഷറഫിന്റെ കുടുംബവുമായി അടുപ്പമുള്ള അയല്‍വാസി; ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയത് മൂന്ന് മാസം മുമ്പ്; നാട്ടില്‍ വെല്‍ഡിംഗ് ജോലി; മോഷ്ടിച്ച സ്വര്‍ണം സൂക്ഷിച്ചത് കട്ടിലിന് അടിയില്‍ പ്രത്യേക അറയുണ്ടാക്കി; ഒന്നുമറിയാത്ത പോലെ നിന്നു; അയല്‍പക്കത്തെ കള്ളന്‍ ലിജീഷ് ഞെട്ടിക്കുമ്പോള്‍
അഷറഫിന്റെ കുടുംബവുമായി വളരെ അടുപ്പമുള്ള അയല്‍വാസി
കണ്ണൂര്‍: വളപട്ടണത്ത് വ്യാപാരിയുടെ വീട്ടില്‍നിന്ന് ഒരു കോടി രൂപയും 300 പവനും കവര്‍ന്ന സംഭവത്തില്‍ അയല്‍വാസിയായ യുവാവ് അറസ്റ്റിലാകുമ്പോള്‍ കുടുംബത്തിനും ഞെട്ടല്‍. അഷറഫിന്റെ അടുത്ത അയല്‍വാസിയും വെല്‍ഡിംഗ് തൊഴിലാളിയുമായ ലിജീഷാണ് കേസില്‍ അറസ്റ്റിലായത്. ഇയാളെ വിശദമായി പോലീസ് ചോദ്യം ചെയ്തു വരികയാണ്. കൂറേക്കാലം പ്രവാസിയായിരുന്നു ഇയാള്‍. മൂന്ന് മാസം മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്. നാട്ടില്‍ വെല്‍ഡിംഗ് ജോലികളുമായി കഴിയുകയായിരുന്നു ലിജീഷ്.
പൂട്ടുപൊളിച്ചതില്‍ അടക്കം ഒരു വിദഗ്ധന്റെ സാന്നിധ്യം ഉണ്ടാകുമെന്ന് പോലീസ് വിലയിരുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പരിശോധനകള്‍ നടന്നത്. ഇതിനൊടുവിലാണ് പോലീസ് ലിജീഷിലേക്ക് സംശയം നീട്ടിയതും ഇയാളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതും. അഷറഫിന്റെ വീട്ടിലെ മോഷണം വിവരം പുറത്തുവന്നതിന് ശേഷം ഒന്നുമറിയാത്തതു പോലെ ഇയാള്‍ പരിസരത്ത് കഴിയുകയായിരുന്നു. നാട്ടിലെല്ലാം സ്വാഭാവികമായി ഇടപെട്ടു. അഷറഫിന്റെ കുടുംബവുമായും അടുത്തു ക്ഷേമാന്വേഷണങ്ങള്‍ നടത്തി. ഇങ്ങനെയെല്ലാം അടുത്തു ഇടപഴകിയ ആളാണ് മോഷ്ടാവ് എന്നറിഞ്ഞ ഞെട്ടലിലാണ് നാട്ടുകാര്‍.
അതേസമയം മോഷ്ടിച്ച സ്വര്‍ണവും പണവും ഇയാളുടെ വീട്ടില്‍ നിന്നു തന്നെ കണ്ടെടുത്തിട്ടുണ്ട്. വെല്‍ഡിംഗ് തൊഴിലാളിയായ ഇയാള്‍ മോഷണ മുതല്‍ ഒളിപ്പിച്ചതും വളരെ സമര്‍ത്ഥമായാണ്. കട്ടിലിന്റെ അടിയിലായി പ്രത്യേക അറയുണ്ടാക്കി അതില്‍ ഒന്നുമറിയാത്തതു പോലെ സമാനമായ പെയിന്റും അടിച്ചാണ് പണം ഒളിപ്പിച്ചത്. പ്രൊഫഷണല്‍ കള്ളന്‍മാരെ പോലും വെല്ലുന്ന വിധത്തിലായിരുന്നു ലിജീഷിന്റെ ഓപ്പറേഷന്‍.
സി.സി.ടി.വി. ദൃശ്യങ്ങളും വിരലടയാളങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് പോലീസ് എത്തിയത്. ഞായറാഴ്ച രാവിലെ പ്രതിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. വൈകിട്ട് തിരിച്ച് വാങ്ങാന്‍ പൊലീസ് ആവശ്യപ്പെട്ടു. ഇത് വാങ്ങാന്‍ എത്തിയപ്പോഴാണ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു.
കവര്‍ച്ച നടന്നതിന് തൊട്ടടുത്ത ദിവസവും പ്രതി ഇതേ വീട്ടിലെത്തിയതുള്‍പ്പെടെയുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. മോഷണത്തിന് പിന്നില്‍ വീട്ടുകാരെ നേരിട്ട് അറിയുന്നവര്‍ ഉണ്ടെന്ന് സംശയം തുടക്കം മുതല്‍ ഉണ്ടായിരുന്നു. വീട്ടീന് അകത്ത് നിന്ന് ലഭിച്ച ഉളിയും 16 കൈ വിരല്‍ അടയാളങ്ങളുമാണ് കേസില്‍ നിര്‍ണായകമായത്. വീട്ടിനുള്ളിലെ മറ്റൊന്നും നശിപ്പിക്കാത്തതും അലമാരകള്‍ മാത്രം കൊള്ളയടിച്ച സാഹചര്യത്തിലാണ് സംഭവം ആസൂത്രിതമെന്ന സംശയം ബലപ്പെടുത്തിയത്.
മന്ന സ്വദേശിയായ അരി വ്യാപാരി അഷ്‌റഫിന്റെ വീട്ടില്‍നിന്നാണ് ഒരു കോടി രൂപയും 1.70 കോടി വിലവരുന്ന 300 പവനുമാണ് മോഷണം പോയത്. നവംബര്‍ 19ന് മധുരയില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ അഷ്‌റഫും കുടുംബവും ഞായറാഴ്ച രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. വീട്ടിലെ ലോക്കറിന് മുകളില്‍ മരത്തിന്റെ മറ്റൊരു അറ നിര്‍മിച്ചാണ് സ്വര്‍ണവും പണവും സൂക്ഷിച്ചത്. താക്കോല്‍ മറ്റൊരു അലമാരയിലും അതിന്റെ താക്കോല്‍ വേറൊരു മുറിയിലെ അലമാരയിലുമാണ് സൂക്ഷിച്ചിരുന്നത്.
ഈ രണ്ട് അലമാരകളും തുറന്നാണ് ലോക്കറിന്റെ താക്കോല്‍ എടുത്തിരിക്കുന്നത്. ലോക്കറും താക്കോലുകളും സൂക്ഷിച്ച സ്ഥലം കൃത്യമായി മനസ്സിലാക്കിയാണ് കവര്‍ച്ചയെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. അടുക്കളഭാഗത്തെ ജനല്‍ക്കമ്പി അടര്‍ത്തിയെടുത്താണ് അകത്തു കയറിയത്. വീടിനടുത്തെ ചെറിയ റോഡിലൂടെ മണംപിടിച്ച് ഓടിയ പൊലീസ് നായ് ഒരു കിലോമീറ്ററോളം സഞ്ചരിച്ച് വളപട്ടണം റെയില്‍വേ സ്റ്റേഷനിലെത്തി നിന്നു. പ്രതിയുടെ വീടിനുമുന്‍പിലും നായ എത്തിയിരുന്നു. വളപട്ടണം ഇന്‍സ്‌പെക്ടര്‍ ടി.പി. സുമേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ചാണ് അന്വേഷണ നടത്തിയത്.
ലോക്കര്‍ കൃത്യമായി തുറന്ന മോഷ്ടാവ്, വ്യാപാരിയായ അഷ്‌റഫിനെ ശരിക്കും പരിചയമുള്ള ആളാണെന്ന സംശയം പോലീസിന് തുടക്കം മുതല്‍ തന്നെയുണ്ടായിരുന്നു. കണ്ണൂര്‍ എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തിലുള്ളത് ഇരുപതിലേറെ പേര്‍. റെയില്‍വേ സ്റ്റേഷനുകള്‍, പ്രധാന ജംഗ്ഷനുകള്‍, തുടങ്ങി സംശയിക്കവുന്ന സ്ഥലങ്ങളിലെയെല്ലാം സിസിടിവികള്‍ തുടങ്ങിയവയെല്ലാം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
പൊലീസ് നായ മണം പിടിച്ച് വളപട്ടണം റെയില്‍വേ സ്റ്റേഷന്‍ വരെ ചെന്നതും അന്വേഷണത്തില്‍ നിര്‍ണായകമായി. അതിനിടെ വീട്ടിലെ സിസിടിവിയില്‍ നിന്ന് വീടിനകത്ത് കടന്നത് ഒരാളാണെന്നും ഇയാള്‍ 20നും 21നും രാത്രിയില്‍ വീട്ടില്‍ കടന്നതായും തെളിഞ്ഞു. സിസിടിവിയില്‍ മുഖം വ്യക്തമല്ലാത്തതാണ് ഇവിടെ തിരിച്ചടിയായെങ്കിലും. പിടിയിലായ പ്രതി ഒറ്റക്കാണോ കവര്‍ച്ച നടത്തിയതെന്നും ഇയാള്‍ക്ക് പിന്നില്‍ ആരെങ്കിലും ഉണ്ടോ എന്നുമാണ് ഇനി അറിയേണ്ടത്.
രണ്ട് താക്കോലിട്ട് പ്രത്യേക രീതിയില്‍ തുറക്കുന്ന ലോക്കറിനെ കുറിച്ച് അറിവില്ലാത്തയാള്‍ക്ക് അത് തുറക്കാനാവില്ല എന്നതായിരുന്നു പോലീസിന്റെ തുടക്കത്തിലെ നിഗമനം. അഷ്‌റഫ് ഉടനെ മടങ്ങിവരില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് രണ്ടാമത്തെ ദിവസവും മോഷ്ടാവ് അകത്തുകടന്നതെന്നും പോലീസ് കണക്കാക്കി. ഇതിന് ശേഷമാണ് ശാസ്ത്രീയ പരിശോധനയിലൂടെ പോലീസ് പ്രതിയിലേക്ക് എത്തിയത്.