ട്രാക്കിലൂടെ നൂറ് നൂറ്റിപ്പത്ത് സ്പീഡിൽ കുതിച്ച വന്ദേഭാരത്; താനൂരിന് സമീപമെത്തിയപ്പോൾ സി 7 കോച്ചിൽ നിന്ന് നിലവിളി ശബ്ദം; യാത്രക്കാർ പരിഭ്രാന്തിയിൽ; എല്ലാം നടന്നത് ശരവേഗത്തിൽ; സമാന സംഭവങ്ങൾ റെയിൽവേയ്ക്ക് തലവേദനയാകുമ്പോൾ
മലപ്പുറം: ട്രാക്കിലൂടെ നൂറ് നൂറ്റിപ്പത്ത് സ്പീഡിൽ കുതിച്ച വന്ദേഭാരത് ട്രെയിന് നേരെ വ്യാപക ആക്രമണം. താനൂരിന് സമീപമെത്തിയപ്പോൾ ആണ് സംഭവം നടന്നത്. വന്ദേഭാരത് ട്രെയിനിനു നേരെയാണ് കല്ലേറ് ഉണ്ടായത്. മലപ്പുറം- താനൂരിനും തിരൂരിനുമിടയിൽ വച്ചാണ് കല്ലേറ് ഉണ്ടായത്. കല്ലേറിൽ സി 7 കോച്ചിലെ ചില്ല് തകർന്നുവീഴുകയായിരുന്നു. കാസർകോടു നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ട്രെയിനിന് നേരെയാണ് ആക്രമണം ഉണ്ടായത്.
സംഭവത്തിൽ യാത്രക്കാർക്ക് പരിക്കില്ലെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. നിലവിൽ ട്രെയിൻ യാത്ര ഇപ്പോഴും തുടരുകയാണ്. നേരത്തേയും വന്ദേഭാരതിന് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. കല്ലേറിൽ ചില്ല് തകർന്നതുൾപ്പെടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. നിലവിൽ വളരെ വിജയകരമായാണ് വന്ദേഭാരത് സർവ്വീസുകൾ സംസ്ഥാനത്ത് തുടരുന്നത്. കേരളത്തിൽ രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് ഓടുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ യുവാവിനെ കൈയ്യോടെ പൊക്കി. ആളെ പിടികൂടിയതും സംസാരിക്കുന്നത് എല്ലാം പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ ആയിരിന്നു. തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് എക്‌സ്പ്രസിന് നേരെയാണ് ആക്രമണം നടന്നത്. സംഭവത്തിൽ ഒരാളാണ് പിടിയിലായത്. വെള്ളറക്കാട് വെച്ചാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് അംഗങ്ങള്‍ ഇയാളെ പിടികൂടിയത്.
പിടികൂടിയപ്പോൾ ഹിന്ദി സംസാരിക്കുന്നയാളാണെന്നും ചന്ദ്രു എന്നാണ് പേര് പറഞ്ഞെങ്കിലും പരസ്പര ബന്ധമില്ലാതെയാണ് സംസാരിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇയാളെ കോഴിക്കോട് കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെ തിക്കോടിക്കും നന്തി ബസാറിനും ഇടയില്‍ വച്ചാണ് ട്രെയിനിന് നേരെ കല്ലേറ് ഉണ്ടായത്.
ട്രെയിനിന്റെ രണ്ട് ഗ്ലാസുകള്‍ കല്ലേറില്‍ തകര്‍ന്നെങ്കിലും യാത്രക്കാർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ലോക്കോ പൈലറ്റ് ഉടന്‍തന്നെ കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശം കൈമാറിയതിനെ തുടര്‍ന്ന് വടകര സ്‌റ്റേഷനില്‍ നിന്നും എത്തി ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു.