എസ് എഫ് ഐ ഒ കുറ്റപത്രം ഇഡിക്ക് നല്‍കി കോടതി; ഇനി ഏത് നിമിഷവും ക്ലിഫ് ഹൗസിലേക്ക് കേന്ദ്ര സേന ഇരച്ചെത്താന്‍ സാധ്യത; ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കുമെന്നതിനാല്‍ വീണ തിരുവനന്തപുരത്ത് നിന്നും മാറിയെന്നും സൂചനകള്‍; 21ന് മുമ്പ് അറസ്റ്റ് എന്ന ലക്ഷ്യത്തില്‍ നടപടി വേഗത്തിലാക്കാന്‍ ഇഡി; എസ് എഫ് ഐ ഒ കേസില്‍ സമന്‍സ് കിട്ടാത്തത് വീണയ്ക്ക് വെല്ലുവിളി
കൊച്ചി: മാസപ്പടി കേസിലെ കുറ്റപത്രം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്. കരിമണല്‍ കച്ചവടത്തിനു നിയമവിരുദ്ധമായ സഹായം ഉറപ്പാക്കാന്‍ സിഎംആര്‍എല്‍ കമ്പനി (കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ്) വന്‍തുക ചെലവഴിച്ചെന്ന കേസില്‍ അന്വേഷണം നടത്തി സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്ഐഒ) സമര്‍പ്പിച്ച കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. ഈ കുറ്റപത്രം ഇഡിക്ക് നല്‍കാനാണ് കോടതി തീരുമാനം.
എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി ഏഴില്‍ എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രമാണ് ഇഡിക്ക് കിട്ടുന്നത്. കുറ്റപത്രം കിട്ടിയതിന് പിന്നാലെ ഇഡി നടപടികളിലേക്കും കടക്കും. കള്ളപ്പണം വെളുപ്പിക്കല്‍, വിദേശ നാണയ വിനിമയ ചട്ട ലംഘനം എന്നിവ എസ്എഫ്ഐഒ കണ്ടെത്തിയാലും ഇ.ഡിക്കാണ് ഇത്തരം കേസുകളുടെ പ്രോസിക്യൂഷന്‍ ചുമതല. കേസില്‍ പിഎംഎല്‍എ, ഫെമ കുറ്റങ്ങള്‍ ചുമത്തുന്ന സാഹചര്യമുണ്ടായാല്‍ സിഎംആര്‍എല്‍ കമ്പനിയടക്കം പ്രതിപ്പട്ടികയിലുള്ളവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടികളിലേക്ക് ഇ.ഡിക്കു കടക്കാന്‍ കഴിയും. അറസ്റ്റിനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ മകള്‍ അടക്കം അതിവേഗ നീക്കങ്ങള്‍ മുന്നില്‍ കണ്ട് പ്രതിരോധ നീക്കങ്ങള്‍ എടുത്തു കഴിഞ്ഞു. വീണ തല്‍കാലം സൂരക്ഷിത സ്ഥാനത്തേക്ക് മാറിയിട്ടുണ്ട്.
എസ്എഫ്ഐഒ നടപടികളെ ഡല്‍ഹി ഹൈക്കോടതിയും തടയാത്ത സാഹചര്യത്തില്‍ വീണ വിജയന് തുടര്‍ന്നുള്ള ദിവസങ്ങള്‍ ഏറെ നിര്‍ണായകമാണ്. ഈ മാസം 21ന് കേസ് വീണ്ടും ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും. അതിന് മുമ്പ് തന്നെ വീണയ്ക്കെതിരെ നടപടി എടുക്കാനുള്ള സാധ്യതയാണ് ഇഡി തേടുന്നത്. ഇതിന് മുമ്പ് ഇഡിക്ക് കുറ്റപത്രം കിട്ടുന്നത് വീണയുടെ അതിവേഗ അറസ്റ്റിന് പോലും കളമൊരുക്കും. ഡല്‍ഹിയിലെ ഉന്നതരുടെ അനുമതി വാങ്ങിയാകും ഇത്തരം നടപടികളുണ്ടാവുക. മധുരയില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനായി ഭര്‍ത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസിനൊപ്പം വീണയും പോയിരുന്നു. അന്ന് തഞ്ചാവൂരില്‍ ക്ഷേത്ര ദര്‍ശനവും നടത്തി. ചില പൂജകളും ചെയ്തുവെന്നാണ് സൂചന. ക്ഷേത്രത്തിന് പുറത്ത് സെല്‍ഫി എടുക്കാനായി വീണ നെറ്റിയിലെ കുറി മാറ്റിയത് അടക്കം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഈ കുറി മായ്ക്കല്‍ തിരിച്ചടിയാകുമോ എന്ന ചര്‍ച്ചയും ഉയര്‍ന്നു. ഏതായാലും ഇഡി കേസ് ഉറപ്പാണ്. മുന്‍കൂര്‍ ജാമ്യം കിട്ടിയില്ലെങ്കില്‍ അകത്താകാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ക്ലിഫ് ഹൗസ് അതീവ ജാഗ്രതയിലാണ്. സാധാരണ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിയില്‍ തന്നെയാണ് വീണയുടെ താമസം. തൊട്ടടുത്ത് ഭര്‍ത്താവ് റിയാസിന്റെ മന്ത്രിമന്ദിരവുമുണ്ട്.
എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഇഡി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.ജെ. സന്തോഷ് മുഖേനേയാണ് കുറ്റപത്രത്തിനായി അപേക്ഷ നല്‍കിയത്. ഇതാണ് അംഗീകരിക്കപ്പെട്ടത്. ഒരുവര്‍ഷംമുന്‍പാണ് സാമ്പത്തിക ഇടപാടുകളുടെ പേരില്‍ ഇഡി സിഎംആര്‍എല്ലിന് നോട്ടീസ് നല്‍കിയതും ശശിധരന്‍ കര്‍ത്തയുടെ വീട്ടിലെത്തി മൊഴിയെടുത്തതും. സിഎംആര്‍എല്‍ ഉദ്യോഗസ്ഥരില്‍നിന്നും മൊഴിയെടുത്തിരുന്നു. അതുകൊണ്ട് തന്നെ പുതിയ കേസെടുക്കാതെ തന്നെ നടപടികള്‍ തുടരാന്‍ ഇഡിക്ക് കഴിയും. ഇതിനൊപ്പം സിഎംആര്‍എല്‍ കേസില്‍ മുന്‍പ് രജിസ്റ്റര്‍ ചെയ്ത ഇസിഐആര്‍ റദ്ദാക്കി, കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണമെന്ന നിലയില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാനും ആലോചനകള്‍ സജീവമാണ്. വീണാ വിജയനെതിരായ തെളിവുകള്‍ വിലയിരുത്തിയാകും ഇതില്‍ തീരുമാനം എടുക്കുക. കുറ്റപത്രം പരിശോധിച്ച ശേഷം വീണ വിജയനെയടക്കം ചോദ്യം ചെയ്യാനാണ് ഇഡി നീക്കം. സമയം കളയാതെ കുറ്റപത്രം കൈപ്പറ്റി തുടര്‍നടപടികള്‍ വേഗത്തിലാക്കുകയാണ് ഇഡിയുടെ ലക്ഷ്യം. എസ്എഫ്ഐഒയുടെ അന്വേഷണത്തില്‍ കമ്പനികാര്യ ചട്ടത്തിലെ 447 വകുപ്പ് പ്രകാരം ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തിയത്. ഇതിന്റെ ചുവടുപിടിച്ച് ഇഡിക്ക് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകും. സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാടില്‍ ഒരുവര്‍ഷം മുന്‍പ് ഇഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ കുറ്റകൃത്യം സംബന്ധിച്ച് കേസില്ലാത്തതിനാല്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനായില്ല. എസ്എഫ്ഐഒ അന്വേഷണത്തില്‍ വഞ്ചനാകുറ്റം കണ്ടെത്തിയതോടെ പ്രതിസന്ധിയൊഴിഞ്ഞു.
എസ് എഫ് ഐ ഒ കേസില്‍ വീണയ്ക്ക് സമന്‍സ് കിട്ടിയിട്ടില്ല. അതുകൊണ്ട് കുറ്റപത്രത്തിനെതിരായ നിയമ നടപടികള്‍ക്ക് സാങ്കേതികമായ തടസ്സുണ്ട്. വീണയ്ക്ക് സമന്‍സ് കിട്ടിയില്ലെങ്കിലും ഇഡിക്ക് കുറ്റപത്രം കിട്ടുകയും ചെയ്യുന്നു. ഇതോടെ ഇഡി വീണയെ പ്രതിയാക്കി ഉടന്‍ കേസെടുക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ എങ്കില്‍ വീണ അതിവേഗം മുന്‍കൂര്‍ ജാമ്യം തേടും. ഇവിടെ ഇഡി എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും. പരാതിയില്‍ പറയുന്ന കുറ്റം നിലനില്‍ക്കുമെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കുറ്റപത്രം കോടതി സ്വീകരിച്ചത്. സെഷന്‍സ് കേസാക്കി നമ്പര്‍ ഇടുകയാണ് അടുത്ത നടപടി. ശേഷം, ഒന്നാം പ്രതിയായ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത മുതല്‍ 11-ാം പ്രതിയായ മുഖ്യമന്ത്രിയുടെ മകള്‍ ടി.വീണ വരെയുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടിസ് അയയ്ക്കും. ഇതില്‍ നാലു പ്രതികള്‍ നാല് കമ്പനികളാണ്. ഈ സമനന്‍സ് കിട്ടിയിരുന്നുവെങ്കില്‍ കുറ്റപത്രം റദ്ദാക്കാനുള്ള നിയമ നടപടികള്‍ വീണയ്ക്ക് തുടങ്ങാന്‍ കഴിയുമായിരുന്നു. നിലവിലെ സാഹചര്യത്തില്‍ സമന്‍സില്ലാതെ ഇതിലൊരു പടി മുമ്പോട്ട് പോകാന്‍ വീണയ്ക്ക് കഴിയില്ല. ഇതാണ് മുഖ്യമന്ത്രിയുടെ മകള്‍ നേരിടുന്ന നിമയ വെല്ലുവിളി.
കരിമണല്‍ കമ്പനിയായ സിഎംആര്‍എലില്‍നിന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണയും അവരുടെ കമ്പനിയായ എക്സാലോജിക് സൊലൂഷന്‍സും ചേര്‍ന്ന് 2.7 കോടി രൂപ കൈപ്പറ്റി സാമ്പത്തിക വഞ്ചന നടത്തിയെന്നാണ് എസ്എഫ്ഐഒ കണ്ടെത്തല്‍. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ നടപടിക്കു കേന്ദ്ര കമ്പനികാര്യ മന്ത്രാലയം എസ്എഫ്ഐഒയ്ക്ക് അനുമതി നല്‍കിയിരുന്നു. കമ്പനിനിയമപ്രകാരം 6 മാസം മുതല്‍ 10 വര്‍ഷം വരെ തടവും വഞ്ചിച്ചുനേടിയ തുകയുടെ മൂന്നുമടങ്ങു വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണു വീണ ചെയ്തതെന്നാണ് എസ്എഫ്ഐഒയുടെ കണ്ടെത്തല്‍. കേന്ദ്ര ധനകാര്യ വകുപ്പിന് കീഴിലാണ് ഇഡി. അതായത് എസ് എഫ് ഐ ഒയും ഇഡിയും കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന് കീഴിലാണ്. അതുകൊണ്ട് തന്നെ ഏജന്‍സികളും തമ്മില്‍ ഏകോപനം കൂടുതലുമാണ്.
നല്‍കാത്ത സേവനത്തിനു സിഎംആര്‍എലില്‍നിന്നു വീണയും എക്സാലോജിക്കും പണം കൈപ്പറ്റിയെന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിന്റെ പരാതിയില്‍ എസ്എഫ്ഐഒ അന്വേഷിച്ചത്. സിഎംആര്‍എലിന്റെ സഹോദര സ്ഥാപനമായ എംപവര്‍ ഇന്ത്യ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ഈടും പലിശയുമില്ലാതെ 77 ലക്ഷം രൂപ എക്സാലോജിക്കിനു വായ്പ നല്‍കിയ കേസും നിലവിലുണ്ട്. ബെംഗളുരുവിലാണ് ഈ കേസ്. ഇതില്‍ തല്‍കാലം ഇഡി അന്വേഷണം ഉണ്ടാകില്ല. അതിനിടെ വീണയ്ക്ക് പണം നല്‍കിയത് അഴിമതിയാണെന്നും എസ് എഫ് ഐ ഒ അന്വേഷണ വിലയിരുത്തലുണ്ട്. ഈ സാഹചര്യത്തില്‍ അഴിമതി അന്വേഷിക്കാന്‍ സിബിഐയും എത്തിയേക്കും. അങ്ങനെ സിബിഐ അന്വേഷണം എത്തിയാല്‍ അത് നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് നീളും. ഈ ഘട്ടത്തില്‍ പിണറായിയേയും മകളേയും ഒരുമിച്ച് അറസ്റ്റു ചെയ്യാനും സാധ്യതയുണ്ട്.