'യാര് തമ്പി നീ..'; ഇരച്ചെത്തിയ ഇഡി യുടെ കണ്ണിൽ തട്ടിയത് അസാധാരണ തിളക്കം; 12 കോടി രൂപ കൈയ്യോടെ പൊക്കി; കൂട്ടത്തിൽ കോടികളുടെ സ്വർണം, വെള്ളി ശേഖരം; അനധികൃത ബെറ്റിങ് ആപ്പ് കേസിൽ കോൺഗ്രസ് എംഎൽഎ പിടിയിലാകുമ്പോൾ
ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ കെ.സി. വീരേന്ദ്ര പപ്പിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. സിക്കിമിൽ ഒരു ഓൺലൈൻ ചൂതാട്ട കേന്ദ്രം ലീസിന് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇ.ഡി. വീരേന്ദ്ര പപ്പിയെ പിടികൂടിയത്. അഴിമതി നിരോധന നിയമപ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇ.ഡി. നടത്തിയ രാജ്യവ്യാപക റെയ്ഡിനൊടുവിലാണ് എംഎൽഎ അറസ്റ്റിലായത്. ഇദ്ദേഹത്തിൻ്റെ ബെംഗളൂരുവിലുള്ള വീട്ടിൽ നിന്ന് മാത്രമായി 12 കോടി രൂപ പിടികൂടി. കൂടാതെ, ഒരു കോടി രൂപയുടെ വിദേശ കറൻസി, ആറ് കോടി രൂപയുടെ സ്വർണ്ണം, 10 കിലോ വെള്ളി എന്നിവയും വീട്ടിൽ നിന്ന് കണ്ടെടുത്തതായി ഇ.ഡി. അറിയിച്ചു.
വീരേന്ദ്ര പപ്പി 'കിങ്567', 'രാജ567' തുടങ്ങിയ പേരുകളിൽ നിരവധി ഓൺലൈൻ ബെറ്റിംഗ് ആപ്പുകൾ നടത്തിയിരുന്നതായി ഇ.ഡി. വ്യക്തമാക്കുന്നു. ഈ അറസ്റ്റിന് പിന്നാലെ രാജ്യാന്തര വാതുവെപ്പ് റാക്കറ്റുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇ.ഡി. സൂചന നൽകി.
ഇയാൾക്കെതിരെയും മറ്റ് ഓൺലൈൻ ബെറ്റിംഗ് സംഘങ്ങൾക്കെതിരെയും വിശദമായ അന്വേഷണം നടത്താൻ ഇ.ഡി. ലക്ഷ്യമിടുന്നുണ്ട്. അന്വേഷണത്തിൻ്റെ ഭാഗമായി എംഎൽഎയുടെ 17 ബാങ്ക് അക്കൗണ്ടുകളും രണ്ട് ലോക്കറുകളും മരവിപ്പിച്ചിട്ടുണ്ട്. സിക്കിം കോടതിയിൽ ഹാജരാക്കിയ വീരേന്ദ്ര പപ്പിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് ഇ.ഡി.യുടെ തീരുമാനം. എത്രയും പെട്ടെന്ന് ഇയാളെ ബെംഗളൂരുവിലെത്തിച്ച് കൂടുതൽ തെളിവുകളും വിവരങ്ങളും ശേഖരിക്കാനുള്ള ശ്രമങ്ങളിലാണ് ഇ.ഡി.
ഗോവയിൽ വീരേന്ദ്ര പപ്പിയുടെ ഉടമസ്ഥതയിലുള്ള 'പപ്പിസ് കാസിനോ ഗോൾഡ്', 'ഓഷ്യൻ റിവേഴ്‌സ്', 'പപ്പിസ് കാസിനോ പ്രൈഡ്', 'ഓഷ്യൻ സെവൻ', 'ബിഗ് ഡാഡി കാസിനോ' തുടങ്ങിയ കാസിനോകളിലും പരിശോധന നടന്നു. റെയ്ഡുകളിൽ 12 കോടി രൂപയും ഒരു കോടി രൂപയുടെ വിദേശ കറൻസിയും പിടിച്ചെടുത്തു.
കൂടാതെ ആറുകോടി രൂപയുടെ സ്വർണാഭരണങ്ങൾ, പത്ത് കിലോ വെള്ളി, നാല് ആഡംബര വാഹനങ്ങൾ, വിവിധ പണമിടപാടുകളുടെയും ഭൂമിയിടപാടുകളുടെയും രേഖകൾ എന്നിവയും ഇഡി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിരവധി ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, ആഡംബര ഹോട്ടലുകളിലെ മെമ്പർഷിപ്പ് കാർഡുകൾ, വിദേശ കാസിനോകളുമായി ബന്ധപ്പെട്ട കാർഡുകൾ എന്നിവയും കണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ട് 17 ബാങ്ക് അക്കൗണ്ടുകളും രണ്ട് ബാങ്ക് ലോക്കറുകളും ഇഡി മരവിപ്പിച്ചു.
വീരേന്ദ്രയുടെ സഹോദരൻ കെ.സി. തിപ്പെസ്വാമിയും ബന്ധുവായ പൃഥ്വി എൻ. രാജും ചേർന്ന് ഡയമണ്ട് സോഫ്റ്റ് ടെക്, ടി.ആർ.എസ് ടെക്നോളജീസ്, പ്രൈം9 ടെക്നോളജീസ് എന്നീ പേരുകളിൽ സോഫ്റ്റ്‌വെയർ കമ്പനികളും നടത്തുന്നുണ്ട്.