വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പില്‍ തിരുവനന്തപുരത്തെ 52കാരന് നഷ്ടമായത് 1.84 കോടി; സിബിഐ ഓഫിസര്‍ ചമഞ്ഞ് വീഡിയോ കോളില്‍ വിളിച്ചു കസ്റ്റഡിയില്‍ നിര്‍ത്തിയത് 24 ദിവസം; ബാങ്കില്‍ നിന്ന് ലോണ്‍ എടുത്ത് 50 ലക്ഷം നല്‍കി; തട്ടിപ്പിന് തിരിച്ചറിയാന്‍ വൈകിയപ്പോഴേക്കും സമ്പാദ്യം മുഴുവന്‍ നഷ്ടം

വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പില്‍ തിരുവനന്തപുരത്തെ 52കാരന് നഷ്ടമായത് 1.84 കോടി

Update: 2025-02-15 09:50 GMT

തിരുവനന്തപുരം: വിര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പിനെതിരെ മുന്നറിയിപ്പുകള്‍ സജീവമായിരുന്നിട്ടും ആളുകള്‍ വീണ്ടും ചതിയില്‍ വീഴുന്നത് പതിവാകുന്നു. ഇതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് തിരുവനന്തപുരത്തെ 52കാരനെ കബളിപ്പിച്ചു 1.84 കോടി രൂപ തട്ടിയെടുത്ത സംഭവം. സ്വകാര്യ കമ്പനി ജീവനക്കാരനായ കവടിയാര്‍ ജവഹര്‍നഗര്‍ സ്വദേശിക്കാണ് പണം നഷ്ടമായത്.

സിബിഐ ഓഫിസര്‍ ചമഞ്ഞ് വീഡിയോകോളില്‍ വിളിച്ചു ഭീഷണിപ്പെടുത്തി 24 ദിവസത്തോളം വിര്‍ച്വല്‍ അറസ്റ്റിലാക്കിയാണ് പണം തട്ടിയത്. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡല്‍ഹിയിലുള്ള ഓഫീസില്‍ നിന്നാണെന്നു പരിചയപ്പെടുത്തി വന്ന ഫോണ്‍ കോളിലായിരുന്നു തട്ടിപ്പിന്റെ തുടക്കം. അശോക് ഗുപ്ത ഒന്നാം പ്രതിയായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിയാക്കിയിട്ടുണ്ടെന്നും കോള്‍ സിബിഐ ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറുകയാണെന്നും പറഞ്ഞു.

സിബിഐ ഉദ്യോഗസ്ഥന്‍ എന്ന് പറഞ്ഞ് ഒരാള്‍ പരാതിക്കാരനോട് വീഡിയോകോളില്‍ സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും സമ്പാദ്യവുമെല്ലാം ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു. പരാതിക്കാരനെ വിര്‍ച്വല്‍ അറസ്റ്റ് ചെയ്തതായി വിശ്വസിപ്പിച്ച ശേഷം ബാങ്ക് പാസ്ബുക്കുകളും മറ്റും അയക്കാന്‍ ആവശ്യപ്പെട്ടു. പരാതിക്കാരന്‍ അയച്ചു കൊടുത്ത ബാങ്ക് സ്റ്റേറ്റ്മെന്റുകളില്‍നിന്ന് സ്ഥിരനിക്ഷേപം ഉണ്ടെന്നു മനസ്സിലാക്കിയ തട്ടിപ്പ് സംഘം പണം നിയമവിധേയമാണോയെന്ന് അറിയാന്‍ പരിശോധിക്കണമെന്നും അല്ലെങ്കില്‍ കേസ് എടുക്കുമെന്നും നിയമവിധേയമാണെങ്കില്‍ പണം തിരിച്ചുനല്‍കുമെന്നും പറഞ്ഞു.

കേസില്‍ പ്രതിയാകുമെന്ന് ഭയന്ന് ഇവര്‍ പറഞ്ഞ പ്രകാരം പരാതിക്കാരന്‍ പണം അയച്ചു കൊടുക്കുകയായിരുന്നു. 50 ലക്ഷം രൂപ ബാങ്കില്‍നിന്നും ലോണ്‍ എടുത്താണു കൈമാറിയതെന്നും സൈബര്‍ ക്രൈം പൊലീസ് പറഞ്ഞു. തട്ടിപ്പിന് ഇരയായ വിവരം ഏറെ വൈകി തിരിച്ചറിഞ്ഞ പരാതിക്കാരന്‍ വ്യാഴാഴ്ചയാണ് പരാതി നല്‍കിയത്. പണം കൈമാറിയിരിക്കുന്ന പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും തട്ടിപ്പിനായി ബന്ധപ്പെട്ട മൊബൈല്‍ ഫോണ്‍ നമ്പരുകളും കേന്ദ്രീകരിച്ച് സൈബര്‍ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരത്തെ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പില്‍ പരാതി നല്‍കിയ ശേഷവും തട്ടിപ്പ്. ഇക്കാര്യം പരാതിക്കാരന്റെ അഭിഭാഷകന്‍ മനോരമ ന്യൂസിനോട് സ്ഥിരീകരിച്ചു. വീട് പണയം വച്ചും വായ്പ എടുത്തുമാണ് പണം നല്‍കിയത്. 21 ദിവസം വെര്‍ച്വല്‍ അറസ്റ്റെന്ന് തെറ്റിദ്ധരിപ്പിച്ചെന്നും താന്‍ ഇടപെട്ട ശേഷമാണ് തട്ടിപ്പ് നിന്നതെന്നും അഡ്വ. മഹേഷ് സുബ്രഹ്‌മണ്യ അയ്യര്‍ പറഞ്ഞു. ശാസ്തമംഗലം സ്വദേശി ഹരികൃഷ്ണന് നഷ്ടമായത് 1.84 കോടി രൂപയാണ്. തട്ടിപ്പില്‍ അന്വേഷണം ഈര്‍ജിതമാക്കുകയാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ്.

സൈബര്‍ തട്ടിപ്പുകള്‍ കരുതിയിരിക്കാന്‍ സൈബര്‍ ഡോം നേരത്തെ മുന്നറിയിപ്പുകള്‍ നല്കിയിരിക്കവേയാണ് ഇപ്പോഴത്തെ പുതിയ തട്ടിപ്പും പുറത്തുവന്നത്. സാമൂഹിക മാധ്യമങ്ങളില്‍ അജ്ഞാത നമ്പരുകളില്‍നിന്നുള്ള കല്യാണ ക്ഷണക്കത്ത് ലഭിച്ചാല്‍ തുറക്കുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ അരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുറന്നാല്‍ മാല്‍വേറുകളോ സ്പൈവേറുകളോ ഫോണില്‍ കടന്നുകൂടും. ഇതുപയോഗിച്ച് സൈബര്‍ തട്ടിപ്പുകാര്‍ വിവരങ്ങള്‍ ചോര്‍ത്തും. ചിലപ്പോള്‍ ഫോണും അവരുടെ വരുതിയിലാക്കും.

ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ കൈമാറാനും ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും സഹായിക്കുന്ന ആന്‍ഡ്രോയ്ഡ് പാക്കേജ് ഫയല്‍ (എ.പി.കെ.) ഫയലുകളടങ്ങിയതാകും ഇത്തരം കല്യാണക്കത്തുകള്‍. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നമ്മളറിയാതെ മാല്‍വേറുകളോ സ്പൈവേറുകളോ അപ്പോള്‍ത്തന്നെ ഫോണില്‍ കടന്നുകൂടാം. ചിലപ്പോള്‍ ഏതെങ്കിലും വ്യാജ വെബ്സൈറ്റിലേക്കാകും ഇത് നയിക്കുക. അവിടെനിന്ന് ചില ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടും. ഇങ്ങനെ ചെയ്യുന്നതോടെ ഫോണിലെത്തുന്ന മാല്‍വേറുകള്‍ വഴിയും വിവരങ്ങള്‍ ചോര്‍ത്തും.

ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തുന്നതിന് പുറമേ ഓണ്‍ലൈന്‍ ബാങ്കിങ്, യു.പി.ഐ. സേവനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ യൂസര്‍ നെയിം, പാസ്വേഡ് തുടങ്ങിയവയും തട്ടിപ്പ് സംഘത്തിന് ലഭിക്കും. ഇതുപയോഗിച്ചും പണം തട്ടും. ഫോണില്‍ ശേഖരിച്ചിട്ടുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമൊക്കെ നമ്പരുകളും ഇവര്‍ ശേഖരിക്കും. ഇതുപയോഗിച്ച് ഫോണിന്റെ ഉടമയുടെ പേരില്‍ സുഹൃത്തുക്കളില്‍നിന്ന് പണം തട്ടാനും ശ്രമിക്കും.

Tags:    

Similar News