139 കിലോമീറ്റര്‍ ദേശീയപാത വികസനത്തിന് ചെലവ് 12,086 കോടി രൂപ! പത്തു വര്‍ഷത്തോളമായി പണിഞ്ഞിട്ടും പണി തീരാതെ 650 കിലോമീറ്റര്‍; സംസ്ഥാനത്തെ ദേശീയപാതാ റോഡുകളുടെ മോശം അവസ്ഥയും റോഡ് ബ്ലോക്കുകളും പതിവാകുമ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍ ഇങ്ങനെ; കരാറുകാരെ കുറ്റപ്പെടുത്തി പൊതുമരാമത്ത് വകുപ്പും

139 കിലോമീറ്റര്‍ ദേശീയപാത വികസനത്തിന് ചെലവ് 12,086 കോടി രൂപ!

Update: 2025-09-10 04:52 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാതാ റോഡുകളുടെ മോശം അവസ്ഥയും വാഹനങ്ങളുടെ നീണ്ടനിരയും കാരണം ദേശീയപാത അതോറിറ്റി രൂക്ഷവിമര്‍ശനം നേരിടുന്നതിനിടെ, രാമനാട്ടുകര മുതല്‍ കൊടുങ്ങല്ലൂര്‍ വരെ 138.93 കിലോമീറ്റര്‍ നിര്‍മ്മിക്കാന്‍ ഏകദേശം 12,086.68 കോടി രൂപ ചെലവഴിച്ചതായി വിവരാവകാശ രേഖ. 2025 ഓഗസ്റ്റ് നാലുവരെ ചെലവഴിച്ച തുകയാണിത്.

ദേശീയപാത അതോറിറ്റിയുടെ കൊച്ചി പദ്ധതി നിര്‍വഹണ യൂണിറ്റിന് കീഴില്‍ നിര്‍മ്മാണത്തിലിരിക്കുന്ന രാമനാട്ടുകര- വളാഞ്ചേരി, വളാഞ്ചേരി- കാപ്പിരിക്കാട്, കാപ്പിരിക്കാട്- തളിക്കുളം, തളിക്കുളം- കൊടുങ്ങല്ലൂര്‍ നാലു സോണുകള്‍ക്കാണ് പന്ത്രണ്ടായിരം കോടിരൂപക്കു മുകളില്‍ ചെലവായത്. കോടികള്‍ ചെലവായതിന്റെ കണക്കുകള്‍ ലഭ്യമാണെങ്കിലും ദേശീയപാത വികസന പദ്ധതിയുമായി ബന്ധപ്പെട്ട പണികള്‍ ഇഴഞ്ഞു നീങ്ങുകയാണ്. വിവിധ റീച്ചുകളുടെ നിര്‍മ്മാണം ഏല്‍പ്പിച്ചിരിക്കുന്ന കരാറുകാര്‍ സമയബന്ധിതമായി പണി തീര്‍ക്കാത്തതാണ് ഇഴഞ്ഞുനീങ്ങാന്‍ കാരണമെന്ന് സംസ്ഥാന പൊതുമരാമത്ത്.

99 ശതമാനം പൂര്‍ത്തിയായ 39.682 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള രാമനാട്ടുകര- വളാഞ്ചേരി (3474.74 കോടി), 95 ശതമാനം പൂര്‍ത്തിയായ 37.35 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വളാഞ്ചേരി- കാപ്പിരിക്കാട് (2351.93 കോടി), 67 ശതമാനം പൂര്‍ത്തിയായ 28.73 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തളിക്കുളം- കൊടുങ്ങല്ലൂര്‍ (3071.24 കോടി), 73 ശതമാനം പൂര്‍ത്തിയായ 33.17 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാപ്പിരിക്കാട്- തളിക്കുളം (3188.77 കോടി) റോഡുകള്‍ക്കാണ് 12,086.68 കോടിരൂപ ചെലവായത്. വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിക്ക് ദേശീയ പാത അതോറിറ്റി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മഹാരാഷ്ട്രയിലെ പന്‍വേലില്‍ തുടങ്ങി തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ അവസാനിക്കുന്ന 1,640 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡാണ് ദേശീയപാത 66. കാസര്‍ഗോഡ് തലപ്പാടി മുതല്‍ തിരുവനന്തപുരം മുക്കോല വരെ 644 കിലോമീറ്റര്‍ റോഡാണ് കേരളത്തിലൂടെ കടന്നുപോകുന്നത്. 22 റീച്ചുകളായാണ് നിര്‍മാണം. 17 റീച്ചുകളുടെ നിര്‍മാണം ഇനിയും ബാക്കിയാണ്. 45 മീറ്ററാണ് റോഡിന്റെ ആകെ വീതി. 27 മീറ്റര്‍ ആറുവരിപ്പാതയാണ്. ഇരുവശത്തും 6.75 മീറ്റര്‍ വീതിയുള്ള സര്‍വീസ് റോഡുകളും രണ്ട് മീറ്റര്‍ വീതിയുള്ള നടപ്പാതയും അടക്കമാണ് പുതിയ ദേശീയ പാത ഒരുങ്ങുന്നത്. ദേശീയപാത 66 ന്‍െ്റ 70 ശതമാനം പൂര്‍ത്തിയായെന്നാണ് ദേശീയപാത അതോറിറ്റി അഭിപ്രായപ്പെടുന്നത്. ആകെയുള്ള 650 ഓളം കിലോമീറ്ററില്‍ 400 കിലോമീറ്ററിലിധികം ആറുവരിയായി നിര്‍മ്മിക്കാനാണ് പണികള്‍ നടക്കുന്നത്.

രാമനാട്ടുകര- വളാഞ്ചേരിയിലെ നിര്‍മ്മാണം 99 ശതമാനവും വളാഞ്ചേരി- കാപ്പിരിക്കാട് റീച്ചിന്‍െ്റ നിര്‍മ്മാണം 98 ശതമാനവും കോഴിക്കോട് ബൈപ്പാസ് 96 ശതമാനവും പൂര്‍ത്തിയായെന്നാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്‍െ്റ അഭിപ്രായം. നീലേശ്വരം- ആര്‍ഒ.ബി, ഇടപ്പള്ളി- വൈറ്റില- അരൂര്‍, കാരോട്- മുക്കോല, മുക്കോല- കഴക്കൂട്ടം, കഴക്കൂട്ടം മേല്‍പ്പാലം, തലശേരി- മാഹി ബൈപ്പാസ്, മൂരാട്- പാലോളി എന്നിങ്ങനെ ഏഴുറീച്ചുകളില്‍ നേരത്തേ നിര്‍മ്മാണം പൂര്‍ത്തിയായിരുന്നു. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളെത്തുടര്‍ന്ന് 2014 ല്‍ ദേശീയപാത അതോറിറ്റി കേരളത്തിലെ പാത വികസനം ഉപേക്ഷിച്ചെങ്കിലും നിരന്തര ചര്‍ച്ചകളിലൂടെ 2016 ല്‍ പുനരാരംഭിക്കുകയയിരുന്നു.

പദ്ധതി പുനരാരംഭിക്കാന്‍ സ്ഥലമേറ്റെടുക്കുന്നതിനായി സംസ്ഥാനം വില നല്‍കാന്‍ തയ്യാറായതോടെയാണ് ദേശീയപാത അതോറിറ്റി വീണ്ടും മുന്നോട്ടുവന്നത്്. രാജ്യത്തൊരിടത്തും ദേശീയപാത വികസനത്തിനായി സ്ഥലമെടുപ്പ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയിട്ടില്ല. ചര്‍ച്ചകള്‍ക്കൊടുവില്‍ ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വിലയില്‍ 25 ശതമാനം സംസ്ഥാനം വഹിക്കാന്‍ ധാരണയാകുകയായിരുന്നു. 5,600 കോടിരൂപയാണ് സ്ഥലമേറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിനിയോഗിച്ചത്. വിവിധ റീച്ചുകളുടെ നിര്‍മ്മാണം ദേശീയപാത അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ കരാറുകാരാണ്.

Tags:    

Similar News