ഒരാഴ്ച നീണ്ടു നിന്ന തട്ടിപ്പ്: വയോധിക ദമ്പതികളെ വെര്‍ച്വല്‍ അറസ്റ്റില്‍ നിര്‍ത്തി പിടിച്ചു വാങ്ങിയത് 48 ലക്ഷം; സാമ്പത്തിക തിരിമറി കേസില്‍ പ്രതിയെന്ന് വിശ്വസിപ്പിച്ചു തട്ടിപ്പ്; തമിഴ്നാട് സ്വദേശിയെ അറസ്റ്റ് ചെയ്ത് ഏനാത്ത് പോലീസ്

വയോധിക ദമ്പതികളെ വെര്‍ച്വല്‍ അറസ്റ്റില്‍ നിര്‍ത്തി പിടിച്ചു വാങ്ങിയത് 48 ലക്ഷം

Update: 2025-02-26 13:05 GMT

അടൂര്‍: വയോധിക ദമ്പതികളെ വെര്‍ച്വല്‍ അറസ്റ്റില്‍ നിര്‍ത്തി 48 ലക്ഷം രൂപ തട്ടിച്ചെടുത്ത കേസില്‍ എട്ടാം പ്രതിയെ ഏനാത്ത് പോലീസ് സേലത്ത് നിന്നും പിടികൂടി. തമിഴ്നാട് സേലം പേരാമ്പളൂര്‍ ഡിസ്ട്രിക്ട് ഉടുമ്പിയം കാട്ടുകൊട്ടയ് ഹൗസ് നമ്പര്‍ 1/326 ജയരാമന്റെ മകന്‍

അരുള്‍ കുമാര്‍ ജയരാമന്‍ ( 38) ആണ് ഏനാത്ത് പോലീസിന്റെ ഊര്‍ജ്ജിതമായ അന്വേഷണത്തില്‍ കുടുങ്ങിയത്. ഇന്നലെ രാവിലെ 7 നാണ് കസ്റ്റഡിയിലെടുത്തത്. കേസില്‍ ആകെ 8 പ്രതികളാണ് ഉള്ളത്. കടമ്പനാട് സ്വദേശി 76 കാരനും ഭാര്യ (68) യുമാണ് കബളിപ്പിക്കപ്പെട്ടത്.

കഴിഞ്ഞവര്‍ഷം ഡിസംബര്‍ 2ന് ഒന്നാംപ്രതി മോഹന്‍കുമാര്‍ ഇദ്ദേഹത്തിന്റെ ഫോണില്‍ വിളിച്ച് ഇദ്ദേഹത്തിന്റെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഉച്ചയ്ക്ക് 12.08 ന് അക്കൗണ്ട് തുടങ്ങിയെന്നും, ഈ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് എടുത്ത ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് നിരവധി തട്ടിപ്പ് കോളുകളും സ്‌കാം സന്ദേശങ്ങളും അയച്ചതായും പറഞ്ഞ് വിശ്വസിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ രണ്ടാംപ്രതി സ്വാതി എന്ന സ്ത്രീയെ മഹാരാഷ്ട്ര സൈബര്‍ പോലീസ് എസ്ഐ ആണെന്ന് പരിചയപ്പെടുത്തി.

വയോധികന്റെ മുംബൈയില്‍ എടുത്ത ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് 3.9 കോടി രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയ കേസില്‍ ഇദ്ദേഹം പ്രതിയാണെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി. ഇത്തരത്തില്‍ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ വഴിയും സാമൂഹിക മാധ്യമങ്ങളിലൂടെയും നിരവധി സന്ദേശങ്ങള്‍ അയക്കുകയും, ഇദ്ദേഹത്തെയും ഭാര്യയെയും വീഡിയോ കോളില്‍ നിരീക്ഷണത്തില്‍ നിര്‍ത്തുകയും ചെയ്തു.

രക്ഷപ്പെടുത്താന്‍ പണം ആവശ്യപ്പെട്ട പ്രതികള്‍, അടുത്ത ദിവസം ഇദ്ദേഹത്തിന്റെ കടമ്പനാട് എസ് ബി ഐ ശാഖയിലെ പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്നും 12 ലക്ഷം രൂപ മൂന്നാം പ്രതി അനില്‍കുമാറിന്റെ ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ അക്കൗണ്ടിലേക്ക് ആര്‍ ടി ജി എസ് മുഖേന മാറ്റിച്ചു. അന്നുതന്നെ കടമ്പനാട് ഉള്ള ഫെഡറല്‍ ബാങ്കിന്റെ അക്കൗണ്ടില്‍ നിന്നും 8 ലക്ഷം രൂപ മൂന്നാം പ്രതിയുടെ അക്കൗണ്ടിലേക്ക് ഇതേ രീതിയില്‍ മാറിയെടുത്തു. തുടര്‍ന്ന് ഡിസംബര്‍ നാലിന് അടൂര്‍ എസ് ബി ഐ ബ്രാഞ്ചിലെ അക്കൗണ്ടില്‍ നിന്നും നാലാം പ്രതി സന്ദീപ് കുമാറിന്റെ ജയ്പൂരിലെ കോടാക് മഹീന്ദ്ര ബാങ്കിന്റെ അക്കൗണ്ടിലേക്ക് 4,90,000 രൂപ ഇത്തരത്തില്‍ മാറ്റിയെടുത്തു. തൊട്ടടുത്ത ദിവസം കടമ്പനാട് എസ് ബി ഐ ശാഖയിലെ പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്നും 10,81,000 രൂപ അഞ്ചാംപ്രതി സഞ്ജീവ് ആചാര്യ എന്നയാളുടെ കൊടാക് മഹീന്ദ്ര ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിച്ചു.

ഡിസംബര്‍ 12ന് കടമ്പനാട് എസ്ബിഐ ശാഖയിലെ പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്നും 10,30,000 രൂപ ആറാം ചേതു റാം ജയ്ന്‍ എന്നയാളുടെ ഭവാനി പുത്ര ഫെഡറല്‍ ബാങ്ക് ബ്രാഞ്ചിലേക്ക് ഇതേ രീതിയില്‍ തന്നെ മാറ്റിയെടുത്തു. ഒടുവില്‍ 2 ലക്ഷം രൂപ ഏഴാം പ്രതി ഭൂപനേന്ദ്ര സോണിയുടെ ഫെഡറല്‍ ബാങ്ക് അക്കൗണ്ടിലേക്ക് 17 നും മാറിയെടുത്തു. ഇത്തരത്തില്‍ പല ദിവസങ്ങളിലായി ആകെ 48, 01, 000 രൂപയാണ് പ്രതികള്‍ കബളിപ്പിച്ച് തട്ടിച്ചെടുത്തത്.

അറസ്റ്റിലായ എട്ടാം പ്രതിയുടെ അക്കൗണ്ടിലേക്ക് വിവിധ അക്കൗണ്ടുകളില്‍ നിന്നും പണം ട്രാന്‍സ്ഫറായി വന്നിട്ടുള്ളതായും, തുകയെല്ലാം ഇയാള്‍ പിന്‍വലിച്ചിട്ടുള്ളതായും കണ്ടെത്തി. 17 ന് ഏഴാം പ്രതിയുടെ അക്കൗണ്ടിലേക്ക് വന്ന രണ്ട് ലക്ഷം രൂപ, എട്ടാം പ്രതിയുടെ തമിഴ്നാട് ആദൂര്‍ ശാഖയിലെ അക്കൗണ്ടിലേക്ക് അന്ന് തന്നെ മാറ്റിയതായും, എന്നാല്‍ ബാങ്കില്‍ അത് ഹോള്‍ഡ് ചെയ്തു വച്ചിട്ടുള്ളതായും പോലീസിന്റെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. ഈ അക്കൗണ്ട് സംബന്ധിച്ച ബാങ്ക് രേഖകള്‍ പോലീസ് പിടിച്ചെടുത്തു. വിശദമായ ചോദ്യം ചെയ്യലിന്ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരന്തരം സന്ദേശങ്ങള്‍ അയച്ചും, വെര്‍ച്വല്‍ അറസ്റ്റില്‍ നിര്‍ത്തിയും, പ്രതികള്‍ ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും തട്ടിയെടുത്ത പണം ഡിസംബര്‍ 23 മുതല്‍ ഇദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് തിരിച്ച് അയക്കുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. എന്നാല്‍ അത്തരത്തില്‍ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാതെ വന്നപ്പോള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അന്വേഷണം വ്യാപകമാക്കിയിരുന്നു.

ജില്ലാ പോലീസ് സൈബര്‍സെല്ലിന്റെയും മറ്റും സഹായത്തോടെ ഊര്‍ജ്ജിതമാക്കിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പോലീസ് ഇന്‍സ്‌പെക്ടര്‍ അമൃത സിംഗ് നായകത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. സംഘത്തില്‍ എസ് സി പി ഓമാരായ ശിവപ്രാസാദ് ,ഷൈന്‍ ,സാംദാസ്, സി പി ഓമാരായ സി എസ് അനൂപ്,,അഫ്സല്‍ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Tags:    

Similar News