പാഴ്‌സലിന്റെ പേരില്‍ മുംബൈ പോലിസ് ചമഞ്ഞ് വെര്‍ച്വല്‍ അറസ്റ്റ്; ഐടി എഞ്ചിനീയറില്‍ നിന്നും തട്ടിയെടുത്തത് അഞ്ച് ലക്ഷം രൂപ: യുവതി പണം നല്‍കിയത് ബാങ്ക് ആപ്പ് വഴി ലോണ്‍ എടുത്ത്
മുംബൈ പോലിസ് ചമഞ്ഞ് വെര്‍ച്വല്‍ അറസ്റ്റ്; ഐടി എഞ്ചിനീയറില്‍ നിന്നും തട്ടിയെടുത്തത് അഞ്ച് ലക്ഷം രൂപ
തിരുവനന്തപുരം: മുംബൈ പോലിസ് ചമഞ്ഞ് വെര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ ഐടി എഞ്ചിനീയറായ യുവതിയില്‍ നിന്നും തട്ടിയെടുത്തത് അഞ്ച് ലക്ഷം രൂപ. പേട്ടയില്‍ താമസിക്കുന്ന കോട്ടയം സ്വദേശിയായ യുവതിക്കാണ് പണം നഷ്ടമായത്. യുവതിയുടെ അക്കൗണ്ടില്‍ പണം ഇല്ലാതിരുന്നതിനാല്‍ ഭീഷണിപ്പെടുത്തി ബാങ്ക് ആപ് വഴി 5 ലക്ഷം രൂപ ലോണ്‍ എടുപ്പിച്ച് ഓണ്‍ലൈനായി ട്രാന്‍സ്ഫര്‍ ചെയ്യിക്കുകയായിരുന്നു.
യുവതിയുടെ ആധാര്‍ ഉപയോഗിച്ച് മുബൈയില്‍ നിന്ന് ഇറാനിലേക്ക് അര്‍മാന്‍ അലി എന്ന പേരില്‍ പാഴ്‌സല്‍ അയച്ചിട്ടുണ്ടെന്നും പാഴ്‌സലില്‍ നിന്ന് കസ്റ്റംസ് വിഭാഗം ലഹരി പിടിച്ചെടുത്തെന്നും പാഴ്‌സല്‍ അയയ്ക്കാന്‍ യുവതിയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചെന്നുമായിരുന്നു ഭീഷണി. ഭയന്നു പോയ യുവതിയെ സംഘം വെര്‍ച്വല്‍ അറസ്റ്റിലാക്കി.
കുറിയര്‍ കമ്പനിയുടെ കസ്റ്റമര്‍ സര്‍വീസ് സെന്ററില്‍ നിന്നെന്ന പേരില്‍ വന്ന ഫോണ്‍ കോളോടെയാണ് തുടക്കം. മുംബൈയില്‍ പോയിട്ടില്ലെന്നും പാഴ്‌സല്‍ അയച്ചിട്ടില്ലെന്നും യുവതി പറഞ്ഞപ്പോള്‍ പൊലീസുമായി കണക്ട് ചെയ്തു തരാമെന്ന് അറിയിച്ചു. തുടര്‍ന്ന് മുംബൈ സൈബര്‍ പൊലീസ് ക്രൈം വിഭാഗം ഉന്നത ഉദ്യോഗസ്ഥന്‍ എന്ന് ഭാവിച്ച് ഒരാള്‍ വിഡിയോ കോളില്‍ എത്തി. ഇതോടെ യുവതി സംഭവം സത്യമെന്ന് വിശ്വസിച്ചു.
യുവതിയുടെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് വിവിധ സ്ഥലങ്ങളില്‍ തീവ്രവാദികള്‍ക്ക് വേണ്ടി അക്കൗണ്ട് ഉണ്ടാക്കിയെന്നു വിശ്വസിപ്പിച്ച് യുവതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ മനസ്സിലാക്കി. അക്കൗണ്ടില്‍ നിക്ഷേപം ഇല്ലെന്നു മനസ്സിലായതോടെ ഭയപ്പെടുത്തി വായ്പ എടുപ്പിക്കുക ആയിരുന്നു.