അമ്പതിനായിരം മുതല്‍ ഒരു ലക്ഷം വരെ; വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങള്‍; പരാതിയുമായി രംഗത്ത് എത്തിയത് 23 യുവാക്കള്‍: വിസാ തട്ടിപ്പു കേസില്‍ മലപ്പുറം സ്വദേശിക്കായി തിരച്ചില്‍
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങള്‍; വിസാ തട്ടിപ്പു കേസില്‍ മലപ്പുറം സ്വദേശിക്കായി തിരച്ചില്‍
മലപ്പുറം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മലപ്പുറത്ത് നിരവധി യുവാക്കളെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി തിരച്ചില്‍. മലപ്പുറം കാട്ടുമുണ്ട സ്വദേശി ജാഷിദിനെതിരെയാണ് വിസ തട്ടിപ്പിന് 23 യുവാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. ലക്ഷങ്ങള്‍ തട്ടിയെടുത്തതായാണ് റിപ്പോര്‍ട്ട്. വിദേശത്ത് ജോലി ഒഴിവുണ്ടെന്ന് ഫേസ്ബുക്കിലൂടെ ഒരു കമ്പിനിയുടെ പേരില്‍ പരസ്യം നല്‍കിയാണ് ജിഷാദ് തട്ടിപ്പ് നടത്തിയത്. തുടര്‍ന്നാണ് യുവാക്കള്‍ ജോലിക്കായി സമീപിച്ചത്.
വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ലാത്ത ജോലിക്ക് ആളെ ആവശ്യമുണ്ടെന്നാണ് പരസ്യം നല്‍കിയത്. ജോലിക്ക് അഭിമുഖവും നടത്തിയിരുന്നില്ല. പിന്നാലെ വിസ പ്രൊസസിംഗ് ആരംഭിച്ചുവെന്ന് ബോധിപ്പിച്ച് യുവാക്കളില്‍ നിന്നും നിന്ന് പണവും വാങ്ങി. ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായ 23 യുവാക്കളാണ് മലപ്പുറം എസ്പിക്ക് പരാതി നല്‍കിയത്. ഇവരെക്കൂടാതെ നൂറോളംപേര്‍ കൂടി തട്ടിപ്പിനിരയായതായാണ് പോലിസ് പറയുന്നത്. ജോലി ഉറപ്പാണെന്ന വാക്ക് വിശ്വസിച്ചാണ് പണം നല്‍കിയതെന്ന് തട്ടിപ്പിനിരയായ മുഹമ്മദലി പ്രതികരിച്ചു.
പണം നല്‍കി കാത്തിരുന്നിട്ടും ജോലിയും വിസയും ലഭ്യമാകാതെ വന്നതോടെയാണ് യുവാക്കള്‍ മലപ്പുറം സ്വദേശിക്കെതിരെ പരാതിയുമായി മുന്നോട്ടുവന്നത്. പണത്തിനായി സമീപിക്കുമ്പോള്‍ കമ്പനി ഉടമകള്‍ ഫോണെടുക്കുന്നില്ലെന്നും ഇവര്‍ സ്ഥലത്തുണ്ടോ എന്ന് അറിവില്ലെന്നും പരാതിക്കാര്‍ പറയുന്നു. പലരില്‍ നിന്നായി അമ്പതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് വിസ തട്ടിപ്പ് സംഘം തട്ടിയെടുത്തിട്ടുള്ളത്.