വൈറ്റിലയില്‍ യുവതിയെ കൊലപ്പെടുത്തിയത് തന്നെ! കൊല്ലപ്പെട്ടത് കോട്ടയം സ്വദേശിനിയായ സുധാ ബേബി; യുവതി ഒരാള്‍ക്കൊപ്പം കാറിലെത്തി പാലത്തിന് അടിയിലേക്ക് പോകുന്ന സിസി ടിവി ദൃശ്യങ്ങളും ലഭിച്ചു; പ്രതി ആരെന്ന് കൃത്യമായ സൂചന ലഭിച്ചുവെന്ന് പോലീസ്; റെയില്‍ട്രാക്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയതിന്റെ ചുരുള്‍ അഴിയുന്നു
വൈറ്റിലയില്‍ യുവതിയെ കൊലപ്പെടുത്തിയത് തന്നെ!
കൊച്ചി: വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. പ്രതിയെ കുറിച്ചു കൃത്യമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയ ഫോണിലെ സ്വിം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ കോട്ടയം സ്വദേശിനിയായ സുധ ബേബിയുടേതാണെന്ന് കണ്ടെത്തി. ഇവരാണ് കൊല്ലപ്പെട്ടത് എന്നാണ് പോലീസ് നിഗമനം. കൂടുതല്‍ വ്യക്തത വരുത്തുന്നതിന് വേണ്ടിയുള്ള ശ്രമത്തിലാണ് പോലീസ്.
അന്വേഷണം സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പുരോഗമിക്കുന്നത്. നിര്‍ണായകമായ ചില ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതായും വിവരങ്ങളുണ്ട്. ഇന്നലെ രാത്രി 11.30ന് ശേഷം യുവതി മറ്റൊരാള്‍ക്കൊപ്പം കാറില്‍ വന്നിറങ്ങുന്നതും. ഇവിടെ നിന്നും പാലത്തിന്റെ അടിയിലേക്ക് നടന്നു പോകുന്നതുമാണ് ദൃശ്യങ്ങളില്‍ ഉളളത്. പാലത്തിന് അടിയില്‍ വെച്ചു എന്തോ വാക്കുതര്‍ക്കത്തിന്റെ പേരില്‍ കൊലപാതകം നടന്നുവെന്നാണ് സൂചനകള്‍. വാഹനം നമ്പര്‍ അടക്കം പോലീസ് ഐഡന്റിഫൈ ചെയ്തുവെന്നാണ് വിവരം.
പ്രതിയെ ഉടന്‍ തന്നെ പിടികൂടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇന്ന് രാവിലെയാണ് യുവതിയുടെ മൃതദേഹം ട്രാക്കിനടുത്ത് കിടക്കുന്നതായി കണ്ടെന്ന് ലോക്കോ പൈലറ്റ് പൊലീസ് സ്റ്റേഷനില്‍ വിളിച്ചറിയിക്കുന്നത്. തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ട്രെയിനില്‍ നിന്ന് വീണുള്ള മരണമല്ലെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. സ്ത്രീയുടെ മുഖത്തും ശരീരത്തിലും മുറിവുകളും പാടുകളുമുണ്ട്. മൃതദേഹത്തിന് തൊട്ടടുത്ത് നിന്ന് കണ്ടെത്തിയ ഫോണില്‍ നിന്നാണ് പൊലീസ് വിവരങ്ങള്‍ തേടിയത്.
കൂടാതെ യുവതിയുടെ ശരീരത്തില്‍ നഗരത്തിലെ വസ്ത്ര സ്ഥാപനത്തിലെ സ്റ്റിക്കറുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. യുവതി നഗരത്തിലെ താമസക്കാരിയാണോ അതോ കോട്ടയത്ത് നിന്ന് വന്ന് കൊച്ചിയില്‍ താമസിക്കുന്നതാണോ എന്നതുള്‍പ്പെടെ പരിശോധിക്കുകയാണ്. ഉപയോഗ ശൂന്യമായി കിടക്കുന്ന കോട്ടയം റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്.
പുലര്‍ച്ചെ നാലുമണിയോടെയാണ് സ്ഥലത്ത് പൊലീസെത്തിയത്. ഉടന്‍ തന്നെ സമീപത്തുള്ള ഹോസ്റ്റലിലെത്തി വാര്‍ഡനെ കാര്യങ്ങള്‍ ധരിപ്പിച്ചു. സ്ത്രീയുടെ മൃതദേഹമാണെന്നും മൂടാന്‍ തുണി വേണമെന്നും പൊലീസ് ആവശ്യപ്പെട്ടതായി വാര്‍ഡന്‍ പറയുന്നു. സമീപവാസിയായ സ്ത്രീയല്ലെന്ന് നാട്ടുകാരും വ്യക്തമാക്കുന്നു. ട്രാക്കിനു മുകളില്‍ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ട്രെയിന്‍ വന്നു കയറിയാല്‍ ഒരു സാധാരണ ട്രെയിന്‍ അപകടം എന്ന രീതിയിലേക്ക് സംഭവം ചുരുങ്ങുമെന്ന് കൊലപാതകി കരുതിയിരിക്കാമെന്നാണ് സൂചന. രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ മേഖല കൂടിയാണിതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
