'പാൽവെളിച്ചം' ആയുർവേദ കേന്ദ്രത്തിൽ ചികിത്സയ്ക്കെത്തിയ വിദേശവനിത മരിച്ചു; മൃതദേഹം ആംബുലൻസ് ഡ്രൈവർക്ക് കൈമാറി; ഡ്രൈവർ തന്റെ വീടിനോട് ചേർന്നുള്ള ഷെഡിൽ മൃതദേഹം സൂക്ഷിച്ചു; വൻ ദുരൂഹത; പരാതിയുമായി പാർട്ടിക്കാർ; വീഴ്ചയില്ലെന്ന് പോലീസ്; ഡ്രൈവറും ആയുർവേദ കേന്ദ്രവും സംശയനിഴലിൽ!
മാനന്തവാടി: വയനാട്ടിലെത്തിയ വിദേശ വനിതയുടെ മരണത്തിൽ ദുരൂഹതകൾ ഏറുന്നു. വയനാട്ടിലെ ഒരു സ്വകാര്യ ആയുർവേദ കേന്ദ്രത്തിനെതിരെയാണ് ആരോപണം. വിദേശ വനിതയുടെ മൃതദേഹം ഒരാഴ്ച നിയമവിരുദ്ധമായി ആംബുലന്സില് സൂക്ഷിച്ചെന്നാണ് പരാതി വന്നിരിക്കുന്നത്.
കഴിഞ്ഞ മാസം 20ന് പുലർച്ചെയോടെയാണ് കാമറൂൺ സ്വദേശി മോഗ്യും ക്യാപ്റ്റു 'പാൽവെളിച്ചം' എന്ന ആയുർവേദ യോഗാവില്ല റിസോർട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു മാസം മുൻപാണ് ഇവർ മാനന്തവാടിയിലെ സ്വകാര്യ ആയുർവേദ കേന്ദ്രത്തിൽ യുവതി ചികിത്സക്കായി എത്തിയത്.
ശേഷം, യുവതിയുടെ മൃതദേഹം പിന്നീട് മാനന്തവാടിയിലെ സ്വകാര്യ ആംബുലൻസ് ഡ്രൈവർക്ക് കൈമാറുകയായിരുന്നു. മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കെന്ന് പറഞ്ഞാണ് ആംബുലൻസ് ഡ്രൈവർ മൃതദേഹം കൊണ്ടു പോയത്.
പക്ഷെ ഒരാഴ്ച ആംബുലൻസ് ഡ്രൈവറുടെ വീടിനോട് ചേർന്ന ഷെഡിലാണ് മൃതദേഹം സൂക്ഷിച്ചത്. അതിൽ വൻ ദുരൂഹത ഉണ്ടെന്നാണ് പരാതി. മൃതദേഹം 27ന് കോഴിക്കോട് വച്ച് എംബാം ചെയ്ത് ബെംഗളൂരുവിലേക്കും തുടർന്ന് സ്വദേശത്തേക്കും കൊണ്ടുപോയി. മോഗ്യും ക്യാപ്റ്റുവിനൊപ്പം സഹോദരിയും ഉണ്ടായിരുന്നു.
മാനന്തവാടി മെഡിക്കൽ കോളജിൽ സൗകര്യങ്ങളുണ്ടായിട്ടും മൃതദേഹം വീട്ടിലേക്ക് കൊണ്ടു പോയത് എന്തിനാണെന്നാണ് സംശയം. വിഷയത്തിൽ സമഗ്ര അന്വേഷണമാവശ്യപ്പെട്ട് ബിജെപിയും യൂത്ത് കോൺഗ്രസും പോലീസിൽ പരാതി നൽകി.
മരണം സ്ഥിരീകരിക്കാൻ ആയുർവേദ കേന്ദ്രത്തിൽ അംഗീകൃത ഡോക്ടർമാരുണ്ടായില്ല എന്നും പോലീസിന്റെ സാന്നിധ്യത്തിലല്ലാതെയാണ് മൃതദേഹം ആംബുലൻസ് ഡ്രൈവർക്ക് കൈമാറിയതെന്നും പരാതിയിലുണ്ട്.
പക്ഷെ, വിഷയത്തിൽ വേറെ ഒരു ദുരൂഹതകൾ ഒന്നും ഇല്ലെന്നാണ് പോലീസിന്റെ വാദം. മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹം സൂക്ഷിക്കാനുള്ള സൗകര്യമുണ്ടായിരുന്നില്ലെന്നും. സ്വകാര്യ ആശുപത്രികളെ ബന്ധപ്പെട്ടപ്പോൾ വിദേശ വനിതയായതിനാൽ നിയമപ്രശ്നങ്ങൾ പറഞ്ഞ് അവരും തയാറായില്ലെന്നുമാണ് പോലീസ് വിശദികരണം.
അതേസമയം, വിദേശത്തേക്ക് മൃതദേഹം കൊണ്ടുപോകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുന്നതിനാണ് ആംബുലൻസിൽ മൃതദേഹം സൂക്ഷിച്ചതെന്നാണ് ആംബുലൻസ് ഡ്രൈവർ ഉൾപ്പെടെയുള്ളവർ പറയുന്ന വിശദികരണം. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് കാട്ടി ബിജെപി യും യൂത്ത് കോൺഗ്രെസും പരാതിയും നൽകിയിട്ടുണ്ട്.