തോക്കുകള്‍ ചുഴറ്റിയും വെടിയുണ്ടകള്‍ താലോലിച്ചും ഇന്‍സ്റ്റയില്‍ റീല്‍ ഷോ; പൊലീസ് പിടികൂടിയപ്പോഴുള്ള ചിത്രം പോസ്റ്റ് ചെയ്തും ആഘോഷം; പ്രമുഖ ഗൂണ്ടാത്തലവനോട് പ്രണയം; ഭാര്യയുടെ വലംകൈ; വടക്ക്-കിഴക്കന്‍ ഡല്‍ഹിയെ ഞെട്ടിച്ച 17 കാരന്റെ കൊലപാതകത്തില്‍ കുടുങ്ങി; ആരാണ് സിക്ര എന്ന 'ലേഡി ഡോണ്‍'?
ആരാണ് സിക്ര എന്ന 'ലേഡി ഡോണ്‍'?
ന്യൂഡല്‍ഹി: 'ആദ്യം തോക്കു ചുഴറ്റുന്നു, പിന്നീട് തോക്കില്‍ തിര നിറയ്ക്കുന്നു. മറ്റൊന്നില്‍ വെടിയുണ്ടകള്‍ താലോലിക്കുന്നു. നാടന്‍ പിസ്റ്റള്‍ കയ്യിലേന്തി ഷോ കാണിക്കുന്നു. ഇന്‍സ്റ്റ റീലുകളുടെ പെരുമഴയാണിത്. ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥയുടെയോ, സിനിമാ താരത്തിന്റെയോ റീല്‍ അല്ലിത്. സിക്ര എന്നറിയപ്പെടുന്ന ലേഡി ഡോണിന്റെ വീഡിയോകളും ചിത്രങ്ങളുമാണ്. വടക്ക്-കിഴക്കന്‍ ഡല്‍ഹിയെ ഞെട്ടിച്ച 17 കാരന്റെ കൊലപാതകത്തിലെ മുഖ്യ പ്രതിയാണ് സിക്ര.
കേസില്‍ സിക്ര അറസ്റ്റിലായി. അവരുടെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡില്‍ Sher_ki_Sherni പിന്നീട് നിര്‍ജ്ജീവമാക്കപ്പെട്ടു. രണ്ടവയസുള്ള കുട്ടിയുടെ അമ്മയായ 22 കാരി സിക്ര ഭര്‍ത്താവില്‍ നിന്ന് വേര്‍പ്പെട്ടാണ് കഴിയുന്നത്. ഷോയബ് മസ്താന്‍ ഗൂണ്ടാ സംഘത്തിലെ അംഗമാണ് ലേഡി ഡോണ്‍ എന്നറിയപ്പെടുന്ന സിക്ര. മസ്താന്‍ ഇപ്പോള്‍ ഒരുമോഷണ കേസില്‍ ജയിലിലാണ്.
17 കാരന്റെ കൊലയ്ക്ക് പിടിയിലാകും മുമ്പ് സോഷ്യല്‍ മീഡിയയില്‍ അനധികൃതമായി തോക്ക് ചുഴറ്റിക്കാട്ടിയതിന് സിക്രയെ അറസ്റ്റ് ചെയ്യുകയും 10 ദിവസം മുമ്പ് വിട്ടയയ്ക്കുകയും ചെയ്തിരുന്നു. സ്വയം ലേഡി ഡോണ്‍ എന്ന് വിശേഷിപ്പിച്ചിരുന്ന സിക്രയ്്ക്ക് ഇന്‍സ്റ്റയില്‍ തന്റെ തോക്കുചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുക ഹരമായിരുന്നു. പൊലീസ് സ്റ്റേഷനില്‍ വനിതാ പൊലീസിന്റെ അകമ്പടിയോടെ പോകുമ്പോള്‍ ക്യാമറയെ നോക്കി പുഞ്ചിരിക്കുന്ന സിക്രയുടെ ചിത്രവും ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്ത് ആഘോഷിച്ചു.
17 കാരന്റെ ക്രൂര കൊലപാതകം
വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ സീലംപൂരില്‍ 17 കാരനായ കുനാലിനെയാണ് ക്രൂരമായി കുത്തി കൊലപ്പെടുത്തിയത്. പ്രതികാര കൊലയെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തെ തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വ്യാഴാഴ്ച രാത്രി 7.30 ഓടെ, രോഗിയായ പിതാവിന് ചായ ഉണ്ടാക്കാന്‍ പാല്‍ വാങ്ങാന്‍ പുറത്തിറങ്ങിയപ്പോഴാണ് വീട്ടില്‍ നിന്ന് ഏതാനും മീറ്റര്‍ അകലെ 17കാരനായ കുനാല്‍ സിംഗ് കൊല്ലപ്പെട്ടത്.
കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് നാട്ടുകാരും നിരവധി ഹിന്ദു സംഘടനകളിലെ അംഗങ്ങളും വെള്ളിയാഴ്ച മുഴുവന്‍ പ്രതിഷേധ പ്രകടനം നടത്തിയതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. കുനാല്‍ കൊല്ലപ്പെടുമ്പോള്‍ സിക്ര സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് മരിച്ചയാളുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു.
കുറച്ചുനാള്‍ മുമ്പ്, കുനാലിന്റെ സമുദായത്തിലെ ചിലര്‍ സിക്രയുടെ കസിന്‍ സഹോദരന്‍ സാഹിലിനെ ആക്രമിച്ചതായി പറയുന്നു. ഇതിനെത്തുടര്‍ന്ന് പോലീസ് കൊലപാതകശ്രമത്തിന് കേസെടുത്തിരുന്നു. ആ സംഭവത്തിനുള്ള പ്രതികാരമായിരിക്കാം കുനാലിന്റെ കൊലപാതകം എന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ കുനാലും പങ്കാളിയാണെന്ന് ധരിച്ചതിനാലാണ് കൊലപാതകം നടന്നതെന്ന് കുടുംബം വിശ്വസിക്കുന്നു. സാഹിലിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ലാല എന്ന വ്യക്തിയ്ക്ക് പങ്കുണ്ടെന്നാണ് സിക്ര വിശ്വസിക്കുന്നത്.
ഹോളി ആഘോഷങ്ങള്‍ക്കിടെ തോക്ക് കയ്യിലേന്തി പ്രകടനം നടത്തിയതിന് അറസ്റ്റിലായ സിക്ര കൊലപാതകത്തിനു 10 ദിവസം മുന്‍പാണ് പുറത്തിറങ്ങിയത്. ജയിലില്‍ നിന്നു പുറത്തിറങ്ങിയ സിക്ര തന്റെ സഹോദരനെ മര്‍ദിച്ച ലാല എന്നു പേരുള്ള യുവാവിനെ തിരഞ്ഞു നടക്കുകയായിരുന്നു. ലാലയെക്കുറിച്ചു വിവരം നല്‍കാന്‍ കുനാലിനോട് ആവശ്യപ്പെട്ടെങ്കിലും കുനാല്‍ അതിനു തയാറായില്ല. അതാണ് കൊലപാതകത്തിലേക്കു നയിച്ചത്.
വ്യാഴാഴ്ച രാവിലെ കൊലപാതകം നടത്തുന്നതിന് മുമ്പ് പ്രതി കുനാലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരു ക്ഷേത്രത്തിന് മുന്നില്‍ വെച്ച് പ്രതികള്‍ കുനാലിനെ പിടികൂടി. രണ്ട് പേര്‍ കുത്തുമ്പോള്‍ മറ്റ് രണ്ട് പേര്‍ നോക്കി നില്‍ക്കുകയായിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഏതാനും ചുവടുകള്‍ അകലെയുള്ള ഒരു ക്ലിനിക്കിലേക്ക് കുനാല്‍ എങ്ങനെയോ എത്തി. അവിടെയുണ്ടായിരുന്ന ഡോക്ടര്‍ അയാളെ ഒരു ഇ-റിക്ഷയില്‍ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. കൗമാരക്കാരായ രണ്ടുപ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. പ്രതികളെ പിടികൂടാന്‍ 10 ടീമുകളെ നിയോഗിച്ചു. കൊലപാതകത്തിന്റെ ഗൂഢാലോചന കുറ്റം ചുമത്തിയാണ് സിക്രയെ അറസ്റ്റ് ചെയ്തത്.
ആരാണ് 'ലേഡി ഡോണ്‍' സിക്ര?
സിക്രയ്ക്ക് വിവാദങ്ങള്‍ പുത്തരിയല്ല. നേരത്തെ ഗൂണ്ടാത്തലന്‍ ഹാഷിം ബാബയുടെ ഭാര്യ സോയയുടെ ബൗണ്‍സറായി ജോലി ചെയ്യുകയായിരുന്നു സിക്ര. അന്താരാഷ്ട്ര വിപണിയില്‍ ഒരു കോടിയിലേറെ വിലമതിക്കുന്ന മയക്കുമരുന്നുമായി സോയയെ ഫെബ്രുവരിയില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തനിക്ക് ഇന്‍സ്റ്റയില്‍ 15,000 ഫോളേവേഴ്‌സ് ഉണ്ടെന്ന് ഇടയ്ക്കിടെ സിക്ര വീരവാദം മുഴക്കിയിരുന്നു. ആയുധങ്ങളുമേന്തി ഗൂണ്ടാപ്പണിയുടെ സാഹസികത നിറഞ്ഞ ചിത്രങ്ങള്‍ പോസ്റ്റുചെയ്യുന്നതിലായിരുന്നു ഇവര്‍ക്ക് കമ്പം. ഷോയബ് മസ്താന്റെ ഭാഗമായ രണ്ടുകൗമാരക്കാരെയാണ് കുനാലിനെ കൊല്ലാന്‍ സിക്ര നിയോഗിച്ചത്.
നവംബറില്‍ സീലംപൂരില്‍ നടന്ന കുത്തുകേസിന്റെ തുടര്‍ച്ചയാണ് പ്രതികാര കൊലയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ' ചില കുട്ടികള്‍ എന്റെ വീടിന് പുറത്ത് തര്‍ക്കിക്കുന്നത് ഞാന്‍ കേട്ടു. സംഘങ്ങള്‍ തമ്മിലുള്ള അടി ഇവിടെ സാധാരണമാണ്. അടുത്തതായി കാണുന്നത് രക്തത്തില്‍ കുളിച്ച കുട്ടി ഒരു ക്ലിനിക്കിലേക്ക് നടക്കാന്‍ ശ്രമിക്കുന്നതാണ്. ഇവിടെ ഇത്തരം കാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നതാണ് ബുദ്ധി. ആരാണ് നമുക്കെതിരെ തിരിയുക എന്ന് പറയാനാവില്ല.'- 60 കാരനായ പ്രദേശവാസി ഷീഷ് പാല്‍ പറഞ്ഞു.
സിക്രയുടെയും കൂട്ടാളികളുടെയും ഭീഷണി ഭയന്നാണ് തങ്ങളുടെ കുടുബം ജീവിക്കുന്നതെന്ന് കൊല്ലപ്പെട്ട കുനാലിന്റെ അമ്മ പറഞ്ഞു.' അവര്‍ ദീര്‍ഘനാളായി ഞങ്ങളെ ഭീഷണിപ്പെടുത്തി വരികയാണ്. അവര്‍ കൂട്ടമായി കറങ്ങി നടക്കും. ആയുധങ്ങള്‍ ഏന്തി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യും, കുട്ടികള്‍ക്ക് പോലും അവരെ ഭയമാണ്. അവരെന്റെ മകനെ കൊന്നു. അവന്‍ അതര്‍ഹിച്ചിരുന്നില്ല. എനിക്ക് നീതി വേണം'.
10-12 യുവാക്കളുടെ ഒരു ഗുണ്ടാ സംഘമാണ് സദാ സിക്രയ്ക്ക് ഒപ്പമുള്ളത്. ജയിലില്‍ കഴിയുന്ന ഗൂണ്ട നേതാവ് ഹാഷിം ബാബയുടെ ഭാര്യ സോയ ഖാനുമായുള്ള സിക്രയുടെ ബന്ധവും പൊലീസ് അന്വേഷിച്ചുവരുന്നു. ഒരു ബിസിനസുകാരന്റെയും ഒരു ജിം ഉടമയുടെയും കൊലപാതകത്തിലെ പങ്കിന്റെ പേരില്‍ സോയയെ ഫെബ്രുവരിയില്‍ അറസ്റ്റ് ചെയ്തിരുന്നു
ഹാഷിം ബാബയുമായി സിക്ര പ്രണയത്തിലായിരുന്നു എന്നും സംസാരമുണ്ട്. കോടികള്‍ വിലമതിക്കുന്ന ലഹരിമരുന്നുമായി സോയ പിടിയിലായതിനു ശേഷമാണ് സിക്ര സ്വന്തമായി ഒരു ഗുണ്ടാസംഘം ഉണ്ടാക്കുന്നത്.