പന്നിപ്പടക്കം കടിച്ചുണ്ടായ സ്‌ഫോനടത്തില്‍ ഗുരുതര പരിക്കേറ്റ് ആന ചരിഞ്ഞ സംഭവം; അന്വേഷണം ആരംഭിച്ച് വനം വകുപ്പ്; സ്ഥലത്ത് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തുന്നതിനായി പരിശോധന നടത്തി; ഫാമില്‍ നിന്നോ ജനവാസമേഖലയില്‍ നിന്നോ ആകാം ആന പടക്കം കഴിച്ചതെന്നാണ് നിഗമനം
ഇരിട്ടി: കരിക്കോട്ടക്കരിയില്‍ പന്നിപ്പടക്കം കടിച്ചുണ്ടായ സ്‌ഫോനടത്തില്‍ ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ആന ചരിഞ്ഞ സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് വനം വകുപ്പ്. കൊട്ടിയൂര്‍ റെയ്ഞ്ചില്‍ കേസ് രജിസ്റ്റര്‍ ചെയ്താണ് അന്വേഷണം. പ്രാഥമിക അന്വേഷണം ആരംഭിച്ചതായി ഉദ്യേഗസ്ഥര്‍ പറഞ്ഞു. അന്വേഷണത്തില്‍ വനം വകുപ്പ്, പോലീസ്, ബോംബ് സ്വകാഡ് തുടങ്ങിവര്‍ ഒന്നിച്ചാണ് പരിശോധന നടത്തുക.
ഇതിന്റെ ഭാഗാമയി സേനയുടെ നേതൃത്വത്തില്‍ ആറളം ഫാമിലെ ഒന്ന്, മൂന്ന്, ആറ് ബ്ലോക്കുകളില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തുന്നതിനായി പരിശോധന നടത്തി. ജനവാസ മേഖലയില്‍നിന്നോ ആറളം ഫാം കൃഷിയിടത്തില്‍നിന്നോ ആകാം ആന പന്നിപ്പടക്കം കഴിക്കാന്‍ ഇടയായതെന്ന നിഗമനത്തിലാണ് അധികൃതര്‍. കാട്ടാന ഫാമില്‍നിന്നാണ് കക്കുവ പുഴ കടന്ന് ആറളം പഞ്ചായത്തിലെ ജനവാസ മേഖലയായ വട്ടപ്പറമ്പില്‍ എത്തിയത്.
സ്‌ഫോടകവസ്തു ഉപയോഗിച്ച് ഫാമില്‍ മൃഗവേട്ട നടക്കുന്നുണ്ടെന്ന് രഹസ്യ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാസങ്ങള്‍ക്ക് മുന്‍പ് പോലീസും വനംവകുപ്പും സംയുക്തമായി പരിശോധന നടത്തിയിരുന്നു. ശക്തമായ നടപടി വേണമെന്നും കുറ്റക്കാരെ ഉടന്‍ കണ്ടെത്തണമെന്നുമുള്ള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് 11 അംഗ അന്വേഷണസംഘത്തെ നിയോഗിക്കാന്‍ വനം നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ കെ.എസ്. ദീപ ഉത്തരവിട്ടത്. രണ്ടുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
വനം നോര്‍ത്തേണ്‍ സര്‍ക്കിള്‍ വെറ്ററിനറി ഓഫീസര്‍ ഡോ. ബി. ഇല്യാസ് റാവുത്തര്‍, ചരള്‍ വെറ്ററിനറി ആശുപത്രിയിലെ സര്‍ജന്‍ ഡോ. ശരണ്യ, അടയ്ക്കാത്തോട് വെറ്ററിനറി സര്‍ജന്‍ റെജിന്‍ ശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജഡപരിശോധന. ആനയുടെ ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ വിദഗ്ധപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
സ്‌ഫോനടത്തില്‍ ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആന ചരിഞ്ഞത്. മൂന്നുവയസ്സുള്ള കാട്ടാനയാണ് ചരിഞ്ഞത്. സ്‌ഫോടനത്തില്‍ ആനയുടെ നാക്കും തൊണ്ടയും താടിയെല്ലും തകര്‍ന്നിരുന്നു. ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും കഴിഞ്ഞിരുന്നില്ല. പരിക്ക് അഞ്ച് ദിവസത്തെ പഴക്കം ഉണ്ടായിരുന്നു. വായിലെ മുറിവ് പുഴുവരിച്ച നിലയിലായിരുന്നു.