യുവതിയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ ഷോക്കടിപ്പിച്ചു കൊന്ന് 'അപകട' മരണമാക്കി; ഭക്ഷണത്തില്‍ 15 ഉറക്കഗുളികകള്‍ നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം കിരണിനെ വൈദ്യുതാഘാതം ഏല്‍പ്പിച്ചു; പോസ്റ്റുമോര്‍ട്ടത്തെ എതിര്‍ത്തതോടെ സുസ്മിതയും രാഹുലും കുടുങ്ങി; തെളിവുകളായി ഇരുവരും തമ്മിലുള്ള ചാറ്റുകള്‍
യുവതിയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ ഷോക്കടിപ്പിച്ചു കൊന്ന് 'അപകട' മരണമാക്കി
ന്യൂഡല്‍ഹി: വൈദ്യുതാഘാതമേറ്റത് മരിച്ചെന്ന് കരുതിയ യുവാവിന്റെ മരണത്തില്‍ വഴിത്തിരിവ്. 36കാരനായ കരണ്‍ദേവ് മരിച്ചത് അപകടത്തിലലല്ല, ആസൂത്രിത കൊലപാതകമാണെന്നാണ് പോലീസ് കണ്ടെത്തിയത്. സംഭവത്തില്‍ ഭാര്യ സുസ്മിത (35), കൊല്ലപ്പെട്ട കരണിന്റെ ബന്ധു രാഹുല്‍ (24) എന്നിവരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 13നാണ് കരണ്‍ ദേവിനെ ഭാര്യ സുസ്മിത മാതാ രൂപാണി ആശുപത്രിയിലെത്തിച്ചത്. അദ്ദേഹത്തിന് വൈദ്യുതാഘാതമേറ്റതായി സുസ്മിത ഡോക്ടര്‍മാരെ അറിയിക്കുകയായിരുന്നു.
ആശുപത്രിയില്‍ എത്തിയപ്പോഴേക്കും കരണ്‍ മരിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന ആശുപത്രി അധികൃതരുടെ ആവശ്യത്തെ സുസ്മിത ആദ്യം എതിര്‍ത്തു. എന്നാല്‍, കരണിന്റെ പ്രായവും മരണത്തിന്റെ സാഹചര്യവും ചൂണ്ടിക്കാട്ടി ഡല്‍ഹി പൊലീസ് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ നിര്‍ബന്ധിച്ചതോടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റ് മോര്‍ട്ടത്തെ എതിര്‍ത്തതോടെയാണ് പൊലീസിന് സംശയമുണ്ടായത്. ഇതിനിടെ, കരണിന്റെ മരണം നടന്ന് മൂന്നു ദിവസത്തിനു ശേഷം, അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ കുനാല്‍ പൊലീസിനു മുന്നില്‍ പരാതിയുമായെത്തി. കരണിനെ ഭാര്യയും ബന്ധുവും ചേര്‍ന്ന് ആസൂത്രിതമായി കൊന്നതാണെന്നായിരുന്നു കുനാലിന്റെ ആരോപണം. ഇതിനു തെളിവായി സുസ്മിതയും രാഹുലും തമ്മില്‍ നടത്തിയ ഇന്‍സ്റ്റഗ്രാം ചാറ്റുകളും ഹാജരാക്കി.
ചാറ്റുകളില്‍ നിന്ന് ഇരുവരും തമ്മില്‍ അടുപ്പത്തിലാണെന്നും, അതുകൊണ്ടാണ് കരണിനെ കൊല്ലാന്‍ തീരുമാനിച്ചതെന്നും വ്യക്തമായി. അത്താഴത്തിനിടെ ഇവര്‍ കരണിന് 15 ഉറക്കഗുളികകള്‍ നല്‍കിയ അബോധാവസ്ഥയിലാക്കി. പിന്നാലെ അപകട മരണമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇരുവരും കിരണിനെ വൈദ്യുതാഘാതം ഏല്‍പ്പിക്കുകയായിരുന്നു. സുസ്മിതയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
സുസ്മിതയും കരണും ഏഴു വര്‍ഷം മുന്‍പാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. ഇവര്‍ക്ക് 6 വയസുള്ള ഒരു കുട്ടിയുമുണ്ട്. ഭര്‍ത്താവ് തന്നെ പലപ്പോഴും മര്‍ദിക്കാറുണ്ടായിരുന്നു എന്നും, പലപ്പോഴും പണം ചോദിച്ച് ഉപദ്രവിക്കാറുണ്ടായിരുന്നു എന്നും ഇത് വൈകാരികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ക്ക് കാരണമാക്കിയെന്നും സുസ്മിത പൊലീസിനോടു പറഞ്ഞു. ഇതിനിടെയാണ് ഒരേ കെട്ടിട സമുച്ചയത്തില്‍ താമസിക്കുന്ന രാഹുലുമായി സുസ്മിത അടുക്കുന്നത്. വിവാഹ മോചനത്തിനായും സുസ്മിത ശ്രമിച്ചെന്ന് പൊലീസ് പറയുന്നു.