കൈയില്‍ മുറിവുകളോടെ വീടിന്റെ ചായ്പിനുള്ളില്‍ വീട്ടമ്മയുടെ മൃതദേഹം; ആത്മഹത്യ തന്നെ എന്നുറപ്പിച്ച് അടൂര്‍ പോലീസ്; കാണാതായ ആഭരണം അലമാരയിലെ ലോക്കറില്‍ സേഫ്; കൊലപാതകമെന്ന സംശയം ദൂരികരിച്ച് അന്വേഷണ സംഘം

കൈയില്‍ മുറിവുകളോടെ വീടിന്റെ ചായ്പിനുള്ളില്‍ വീട്ടമ്മയുടെ മൃതദേഹം

Update: 2025-11-06 04:46 GMT

അടൂര്‍: വയോധികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യ തന്നെയെന്ന് പോലീസ്. മോഷണം പോയെന്ന് കരുതിയിരുന്ന ആഭരണങ്ങള്‍ വീട്ടിലെ അലമാരയുടെ ലോക്കറില്‍ നിന്നും കണ്ടെടുത്തു. കോട്ടമുകള്‍ തോണ്ടത്തറ പുത്തന്‍ വീട്ടില്‍ രത്നമ്മ(77)യെയാണ് വീടിനു പിന്നിലെ ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന ചെറിയ ഒറ്റ മുറിക്കുള്ളില്‍ നവംബര്‍ രണ്ടിന് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാവിലെ പത്തിനാണ് രത്നമ്മയെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ അയല്‍വാസി കണ്ടത്. ഭര്‍ത്താവിന്റെ മരണ ശേഷം ഒറ്റയ്ക്കാണ് രത്നമ്മ വീട്ടില്‍ താമസിച്ചിരുന്നത്. ഞായറാഴ്ച രാവിലെ രത്നമ്മയുടെ ഫോണില്‍ സഹോദരി പുത്രിയായ സ്മിത വിളിച്ചെങ്കിലും പ്രതികരണമില്ലായിരുന്നു. തുടര്‍ന്ന് അയല്‍വാസിയെ വിളിച്ച് രത്നമ്മ ഫോണ്‍ എടുക്കുന്നില്ലെന്ന് അറിയിച്ചു.

അയല്‍വാസി രത്നമ്മയുടെ വീട്ടിലെത്തി നോക്കിയപ്പോള്‍ അടുക്കള വാതിലില്‍ രക്തക്കറ കണ്ടു. ഇവര്‍ വീടിനു സമീപമുള്ള മറ്റുള്ളവരെയും വിവരം അറിയിച്ചു. കൂടുതല്‍ പേരുടെ സഹായത്തോടെ വീണ്ടും വീടും പരിസരവും തെരഞ്ഞു. പുറത്ത് നിന്ന് കുറ്റിയിട്ട ചായ്പ്പ് തുറന്നു നോക്കുമ്പോഴാണ് കയറില്‍ തൂങ്ങി നില്‍ക്കുന്ന രത്നമ്മയെ കണ്ടത്. തുടര്‍ന്ന് ബന്ധുക്കളെ വിളിച്ചു വരുത്തുകയും പോലീസില്‍ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു.

വാതിലിനു സമീപം രക്തക്കറ കണ്ടതിനാലും തൂങ്ങിമരിച്ച മുറി പുറത്തു നിന്ന് കുറ്റിയിട്ട നിലയിലായതിനാലും ശരീരത്തില്‍ സ്വര്‍ണാഭരണങ്ങള്‍ ഇല്ലാത്തതിനാലും കൊലപാതകമാണെന്ന നിലയില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഡിവൈ.എസ്.പി ജി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധിച്ചു. പോലീസ് നായ വീടിനുള്ളിലും വീടിന് പുറത്തും പോയതല്ലാതെ റോഡിലേക്ക് പോയില്ല.

തുടര്‍ന്ന് വീട് തുറന്ന് പോലീസ് നടത്തിയ പരിശോധനയില്‍ രത്നമ്മയുടെ ആത്മഹത്യ കുറിപ്പ് ലഭിച്ചു. ആത്മഹത്യ ചെയ്യാനുണ്ടായ കാരണങ്ങളെകുറിച്ചുള്ള സൂചന കുറിപ്പിലുണ്ടെന്നാണ് പോലീസ് പറയുന്നത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ വീടിനുള്ളിലെ അലമാരയിലെ ലോക്കറില്‍ നിന്ന് വളയും മാലയും കമ്മലും കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തില്‍ ആത്മഹത്യ സ്ഥിരീകരിച്ചിരുന്നു.

Tags:    

Similar News