സ്‌ഫോടനം നടന്ന 2023 ഒക്ടോബര്‍ 29-നു മുന്‍പ് രണ്ടുതവണ വിദേശത്തുള്ള സുഹൃത്തുമായി മാര്‍ട്ടിന്‍ ബന്ധപ്പെട്ടു; തലേദിവസം മാര്‍ട്ടിന് വിദേശത്തുനിന്ന് ഒരു ഫോണ്‍കോള്‍ വന്നു; ബോംബ് നിര്‍മിച്ച രീതി വിദേശ നമ്പറിലേക്ക് മാര്‍ട്ടിന്‍ അയച്ചിരുന്നു; അന്വേഷണം ഗള്‍ഫിലേക്ക് നീണ്ടപ്പോള്‍ ഭീഷണി സന്ദേശം; വാട്‌സാപ്പില്‍ നിന്നും തെളിവ് തേടല്‍; കളമശ്ശേരിയില്‍ ഇനിയും പ്രതികള്‍? യഹോവാ സാക്ഷികള്‍ക്ക് കൂടുതല്‍ സുരക്ഷ
കൊച്ചി: കളമശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനെതിരേ സാക്ഷി പറയാന്‍ മുന്നോട്ടുവരുന്നവരെ വധിക്കുമെന്നു വ്യക്തമാക്കി ഭീഷണിസന്ദേശം അയച്ച കേസില്‍ കരുതലോടെ അന്വേഷണത്തിന് പോലീസ്. സന്ദേശം കൈമാറിയ വ്യക്തിയുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് പോലീസ് വാട്സ്ആപ്പിന് കത്തു നല്‍കി. സന്ദേശം അയച്ചയാളെ കണ്ടെത്താനാണ് ഇത്. അതിന് ശേഷമാകും തുടര്‍ നടപടികള്‍. യഹോവസാക്ഷികളുടെ കേരളത്തിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ശ്രീകുമാറിന് വാട്സ്ആപ്പിലൂടെ സന്ദേശമെത്തിയത്. മലേഷ്യന്‍ ഫോണ്‍നമ്പറില്‍നിന്നായിരുന്നു സന്ദേശം.
ഹോവയുടെ സാക്ഷികളുടെ കേരളത്തിലെ പ്രാര്‍ത്ഥനായിടങ്ങളെല്ലാം ബോംബുവച്ച് തകര്‍ക്കുമെന്നും കളമശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിനെതിരെ സാക്ഷിപറയുന്നവരെ വധിക്കുമെന്നും ഭീഷണിസന്ദേശം അയച്ച അജ്ഞാതനെ കണ്ടെത്താനാണ് പോലീസ് ശ്രമം. തിങ്കളാഴ്ച രാത്രിയിലാണ് വാട്സ്ആപ്പില്‍ മലേഷ്യന്‍ ഫോണ്‍നമ്പറില്‍ നിന്ന് സന്ദേശമെത്തിയത്. എട്ടു പേരുടെ ജീവനെടുത്ത സ്ഫോടനത്തിന് മുമ്പ് ഡൊമിനിക് മാര്‍ട്ടിന്‍ ബോംബ് നിര്‍മ്മാണ രീതി ദുബായിലുള്ള ഒരു നമ്പറിലേക്ക് ചിത്രങ്ങള്‍ സഹിതം അയച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. ബാഹ്യപ്രേരണയില്ലെന്ന നിഗമനത്തില്‍ നില്‍ക്കെയായിരുന്നു കണ്ടെത്തല്‍. തുടര്‍ന്ന് ദുബായിലെത്തി വിശദമായി അന്വേഷണം നടത്തണമെന്ന് പ്രത്യേകസംഘം സര്‍ക്കാരിനെ ധരിപ്പിച്ചു. ഇതില്‍ അനുമതി നല്‍കിയിരിക്കെയാണ് വാട്സ്ആപ്പ് ഭീഷണി എത്തിയത്. പത്തു വര്‍ഷത്തോളം ഡൊമിനിക് മാര്‍ട്ടിന്‍ ദുബായില്‍ ജോലി ചെയ്തിരുന്നു.
ഇന്റര്‍പോളിന്റെ സഹായത്തോടെ അന്വേഷണം നടത്താനായിരുന്നു ലക്ഷ്യം. ഈ നമ്പറിന്റെ ഉടമയ്ക്ക് സ്ഫോടനവുമായോ ഇപ്പോള്‍ അയച്ച ഭീഷണിസന്ദേശവുമായോ ബന്ധമുണ്ടെങ്കില്‍ കേസില്‍ പ്രതിചേര്‍ക്കും. ഇതിന്ശേഷം മറ്റൊരു ഭീഷണിസന്ദേശവും വന്നിട്ടില്ലെന്ന് ശ്രീകുമാര്‍ പറഞ്ഞു. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. അജ്ഞാതനെ ഉടന്‍ കണ്ടുപിടിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രാര്‍ത്ഥനകളില്‍ സുരക്ഷാക്രമീകരണം ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2023 ഒക്ടോബര്‍ 29ന് രാവിലെ 9.30 യോടെയാണ് കളമശേരി സാമ്ര ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ യഹോവ സാക്ഷികളുടെ കണ്‍വന്‍ഷനിലാണ് സ്‌ഫോടനമുണ്ടായത്. പ്രാര്‍ഥന തുടങ്ങി അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ സ്‌ഫോടനം നടന്നു.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡൊമനിക് മാര്‍ട്ടിന്‍ എന്ന തമ്മനം സ്വദേശി സ്വമേധയാ പൊലീസില്‍ കീഴടങ്ങിയിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെ കുറ്റസമ്മതം നടത്തിയ ശേഷമാണ് ഡൊമിനിക് മാര്‍ട്ടിന്‍ തൃശൂര്‍ ജില്ലയിലെ കൊടകര സ്റ്റേഷനില്‍ കീഴടങ്ങിയത്. സ്‌ഫോടനത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേരുള്‍പ്പെടെ എട്ടുപേരാണ് മരിച്ചത്. 52 പേര്‍ക്ക് പരിക്കേറ്റിരുന്നു. മലയാറ്റൂര്‍ കടവന്‍കുടി വീട്ടില്‍ പ്രദീപന്റെ മകന്‍ പ്രവീണ്‍ പ്രദീപ് (24), അമ്മ റീന ജോസ് (സാലി- 45), സഹോദരി ലിബിന (12), തൊടുപുഴ സ്വദേശി കുമാരി (53), കുറുപ്പുംപടി സ്വദേശി ലയോണ തോമസ്(60), ആലുവ തൈക്കാട്ടുകാര സ്വദേശി മോളി ജോയ്, ഇടുക്കി വണ്ടമറ്റം സ്വദേശി ലില്ലി ജോണ്‍ (76) എന്നിവരാണ് മരിച്ചവര്‍.
കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് യു.എ.ഇ ഗവണ്‍മെന്റിന്റെ നിയമസഹായം നേടാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചത് ആഴ്ചകള്‍ക്ക മുമ്പാണ്. ഡൊമിനിക് മാര്‍ട്ടിന്‍ ഏറെക്കാലം ദുബായിലായിരുന്നു. ഇവിടെവച്ച് ഇയാള്‍ക്ക് ബാഹ്യപ്രേരണ ലഭിച്ചിരിക്കാമെന്ന സംശയം ഒരു ഘട്ടത്തില്‍ അന്വേഷണ സംഘത്തിനുണ്ടായിരുന്നു. എന്നാല്‍ ദുബായില്‍ വിശദമായ അന്വേഷണം നടന്നിരുന്നില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ദുബായ് പൊലീസുമായി ബന്ധപ്പെടാനുള്ള അനുമതിക്കായി സംസ്ഥാന പൊലീസ് മേധാവിക്ക് ഇനി ഇടപെടാം. അനുമതി ലഭിച്ച ശേഷമേ തുടര്‍നടപടികളുണ്ടാകൂ. ക്രൈംബ്രാഞ്ച് ഐ.ജിയാണ് സംസ്ഥാന പൊലീസിന്റെ ഇന്റര്‍പോള്‍ ലെയ്‌സണ്‍ ഓഫീസര്‍. ഇതിനുള്ള അനുമതി കിട്ടിയപ്പോഴാണ് ഭീഷണി എത്തിയത്.
ഇസ്രയേല്‍-പാലസ്തീന്‍ യുദ്ധത്തിന്റെ തുടക്കത്തിലുണ്ടായ സ്ഫോടനം വലിയ ആശങ്കകള്‍ക്കിടയാക്കിയെങ്കിലും ഡൊമിനിക് മാര്‍ട്ടിന്റെ അറസ്റ്റോടെ ഊഹാപോഹങ്ങള്‍ ഒഴിഞ്ഞു. എന്‍.ഐ.എയും സമാന്തര അന്വേഷണം നടത്തി. രണ്ടായിരത്തിലധികം പേര്‍ ഹാളിലുണ്ടായിരുന്നു. രണ്ടു മാസം മുമ്പേ മാര്‍ട്ടിന്‍ തയ്യാറെടുപ്പുകള്‍ നടത്തി. ഇന്റര്‍നെറ്റിലൂടെയാണ് ഐ.ഇ.ഡി ബോംബ് നിര്‍മ്മാണം പഠിച്ചത്. കേസില്‍ കഴിഞ്ഞവര്‍ഷം ഏപ്രില്‍ 24ന് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതാണ്. ഡൊമിനിക് മാര്‍ട്ടിന് ബാഹ്യപ്രേരണയില്ലെന്ന കണ്ടെത്തലോടെയായിരുന്നു കുറ്റപത്രം. നിലവില്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചതോടെ ഇന്റര്‍പോള്‍ മുഖേന വിവരങ്ങളെല്ലാം ശേഖരിക്കാനായിരുന്നു തീരുമാനം. കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും കേസന്വേഷണം തുടരുകയാണ്. പ്രാധാനമായും മാര്‍ട്ടിന്റെ ദുബായ് ബന്ധങ്ങളാണ് പ്രത്യേകസംഘം തിരയുന്നത്.
മാര്‍ട്ടിന്‍ ജോലി ചെയ്ത സ്ഥലം, ഇവിടുത്തെ സുഹൃത്തുക്കള്‍, സൗഹൃദവലയം, കുറ്റകൃത്യങ്ങളില്‍ പെട്ടിട്ടുണ്ടോ എന്നെല്ലാം പരിശോധിക്കും. സ്ഫോടനം നടത്തിയ ശേഷം സ്ഥലംവിട്ട ഡൊമിനിക് മാര്‍ട്ടിന്‍ പിന്നീട് ഫേസ്ബുക്ക് വീഡിയോയിലൂടെ ഉത്തരവാദിത്വം ഏറ്റെടുത്തു. തുടര്‍ന്ന് കൊടകര പൊലീസില്‍ കീഴടങ്ങുകയായിരുന്നു. സ്‌ഫോടനം നടന്ന 2023 ഒക്ടോബര്‍ 29-നു മുന്‍പ് രണ്ടുതവണ വിദേശത്തുള്ള സുഹൃത്തുമായി മാര്‍ട്ടിന്‍ ബന്ധപ്പെട്ടതായാണ് പോലീസ് കണ്ടെത്തല്‍. സ്‌ഫോടനം നടക്കുന്നതിന്റെ തലേദിവസം മാര്‍ട്ടിന് വിദേശത്തുനിന്ന് ഒരു ഫോണ്‍കോള്‍ വന്നിരുന്നു. അതാരാണെന്ന് ഭാര്യ ചോദിച്ചിട്ട് വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. രാവിലെ ഒരു സ്ഥലത്ത് പോകാനുണ്ട്, അത് കഴിഞ്ഞ ശേഷം പറയാമെന്നുമായിരുന്നു മറുപടി. ബോംബ് നിര്‍മിച്ച രീതി വിദേശ നമ്പറിലേക്ക് മാര്‍ട്ടിന്‍ അയച്ചിരുന്നുവെന്നും കണ്ടെത്തി. വിദേശത്ത് തനിക്കൊപ്പം ജോലിചെയ്തിരുന്നയാള്‍ക്കാണ് അത് നല്‍കിയതെന്നായിരുന്നു മാര്‍ട്ടിന്റെ മൊഴി. എന്നാല്‍, കൃത്യത്തില്‍ അയാളടക്കം മറ്റാര്‍ക്കും പങ്കില്ലെന്ന നിലപാടിലായിരുന്നു പ്രതി. ഇംപ്രോവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) നിര്‍മിച്ചതിന്റെ അവശിഷ്ടങ്ങള്‍ പ്രതിയുടെ വീട്ടില്‍നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. പെട്രോള്‍ സൂക്ഷിച്ച കുപ്പിയും പോലീസ് കണ്ടെടുത്തു. മാര്‍ട്ടിന്‍ ബന്ധപ്പെടുകയും ഫോട്ടോ അയക്കുകയും ചെയ്തയാള്‍ വിദേശിയായതിനാല്‍ പോലീസിന് ഇയാളെ കേരളത്തിലെത്തിക്കുന്നതിനോ ചോദ്യം ചെയ്യുന്നതിനോ കഴിഞ്ഞിരുന്നില്ല.
വിദേശിയായ സുഹൃത്തിന്റെ ഫോണ്‍നമ്പര്‍ ഉള്‍പ്പെടെ അന്വേഷണസംഘം ശേഖരിച്ചിരുന്നു. ആദ്യശ്രമത്തില്‍ത്തന്നെ ഉഗ്രശേഷിയുള്ള ബോംബ് നിര്‍മിക്കാനും റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാനും ഇയാള്‍ക്ക് എങ്ങനെ കഴിഞ്ഞുവെന്നും പോലീസ് സംശയിച്ചിരുന്നു. ഇതോടെയാണ് ഇയാളുടെ ദുബായ് ബന്ധങ്ങളിലേക്ക് അന്വേഷണമെത്തിയത്. മാര്‍ട്ടിന്റെ വിദേശബന്ധത്തില്‍ ഇപ്പോഴും അന്വേഷണം തുടരുകയാണ്. 12-ന് രാത്രി മലേഷ്യന്‍ ഫോണ്‍ നമ്പരില്‍നിന്നാണ് സന്ദേശമെത്തിയത്. ഇത്തരം സന്ദേശമയക്കുന്നതെന്തിനെന്ന ശ്രീകുമാറിന്റെ ചോദ്യത്തിന് എല്ലാവരെയും അറിയിക്കാന്‍ വേണ്ടിയാണിതെന്നായിരുന്നു മറുപടി. വിവരം പോലീസിനെ അറിയിക്കുകയും സന്ദേശം കൈമാറുകയും ചെയ്തു. ബിഎന്‍എസ് വകുപ്പ് 196, 351 (3) വകുപ്പുകള്‍ പ്രകാരം കുറ്റകരമായ ഗൂഢാലോചന, വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കളമശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്.