കന്യാകുമാരി സ്വദേശിനിയായ കാമുകി മറ്റൊരു ആണ്‍സുഹൃത്തിനൊപ്പം ഹോട്ടല്‍ മുറിയില്‍; യുവതിയെ കാണാന്‍ രാത്രിയില്‍ തമിഴ്‌നാട് കരൂരില്‍ നിന്നെത്തിയ യുവാവ് മരിച്ച നിലയില്‍; ഉയരത്തില്‍ നിന്നും വീണ് തലക്ക് ക്ഷതമേറ്റു; അന്വേഷണം തുടങ്ങി
പാലക്കാട് യുവാവ് മരിച്ച നിലയില്‍; അന്വേഷണം തുടങ്ങി
പാലക്കാട്: പാലക്കാട് സ്റ്റേഡിയം സ്റ്റാന്‍ഡിന് സമീപമുള്ള ഹോട്ടലിനോട് ചേര്‍ന്ന പറമ്പില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടങ്ങി. തമിഴ്‌നാട് കരൂര്‍ താന്തോണിമലൈ സ്വദേശി മണികണ്ഠനെയാണ് (28) ജൂലൈ 9ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ സമയം ഇയാള്‍ മദ്യപിച്ചിരുന്നതായും കണ്ടെത്തിയിരുന്നു. പെണ്‍സുഹൃത്തിനെ തേടിയാണ് ഇയാള്‍ പാലക്കാട്ടേക്ക് എത്തിയതെന്നും മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലത്തിനോട് ചേര്‍ന്നുള്ള ഹോട്ടലില്‍ മുറിയെടുത്തിരുന്ന യുവാവിനോടും പെണ്‍സുഹൃത്തിനോടും ഇയാള്‍ തര്‍ക്കിച്ചിരുന്നതായും ഹോട്ടല്‍ ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഉയരത്തില്‍ നിന്നും വീണ് തലക്കേറ്റ ക്ഷതം മൂലമാണ് മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നും കണ്ടെത്തല്‍. ശരീരത്തില്‍ വീഴ്ചയുടെ ആഘാതമല്ലാതെ മറ്റ് മല്‍പിടിത്തത്തിന്റെ ലക്ഷണങ്ങളില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക സൂചന.
മരിച്ച മണികണ്ഠനുമായി അടുപ്പമുണ്ടായിരുന്ന കന്യാകുമാരി സ്വദേശിനിയും സുഹൃത്തായ മലപ്പുറം സ്വദേശിയുമായിരുന്നു ഹോട്ടലില്‍ മുറിയെടുത്തിരുന്നത്. രണ്ട് ദിവസമായി അവിടെ മുറിയെടുത്തു വന്ന ഇവരുടെ കതകില്‍ തട്ടി നിരന്തരം ശല്യപ്പെടുത്തിയതിനെത്തുടര്‍ന്നാണ് ഹോട്ടല്‍ ജീവനക്കാര്‍ മണികണ്ഠനെ പറഞ്ഞയച്ചത്. രാത്രിയിലായിരിക്കും മണികണ്ഠന്റെ മരണമെന്നാണ് പൊലീസിന്റെ നിഗമനം.
അമിതമായി മദ്യപിച്ചിരുന്ന ഇയാളെ ഹോട്ടല്‍ ജീവനക്കാര്‍ ഇറക്കിവിട്ടിരുന്നു. രാത്രി ആരുമറിയാതെ ഹോട്ടല്‍ മുറിയിലേക്ക് എത്താനുള്ള ശ്രമത്തില്‍ അബദ്ധത്തില്‍ വീണായിരിക്കും മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പാലക്കാട് സൗത്ത് പൊലീസ് നടത്തിവരികയാണ്.