വാണിജ്യ അളവില്‍ ഹാഷിഷ് ഓയില്‍ കടത്തിക്കൊണ്ടുവന്ന് വില്‍പ്പന; പ്രതികള്‍ക്ക് 28 വര്‍ഷം ജീവപര്യന്തം കഠിന തടവും 6 ലക്ഷം രൂപ പിഴയും
ഹാഷിഷ് ഓയില്‍ വില്‍പ്പന: പ്രതികള്‍ക്ക് 28 വര്‍ഷം ജീവപര്യന്തം കഠിന തടവ്
തിരുവനന്തപുരം: വാണിജ്യ അളവില്‍ ഹാഷിഷ് ഓയില്‍ കടത്തിക്കൊണ്ടുവന്ന് വില്‍പ്പന നടത്തിയ കേസിലെ മൂന്ന് പ്രതികള്‍ക്കും 28 വര്‍ഷം കഠിന തടവും 06 ലക്ഷം വീതം പിഴയും വിധിച്ച് കോടതി ഉത്തരവായി.
തമിഴ്‌നാട് തൂത്തുകുടി വില്ലേജില്‍ തൂത്തുക്കുടി താലൂക്കില്‍ നാലാം തെരുവില്‍ ബ്ലൂ പാലരായാര്‍പൂരം വീട്ടില്‍ ആന്റണി സ്വാമി മകന്‍ ആന്റണി റോസാരി റൊണാള്‍ഡോ(45), ഇടുക്കി താലൂക്കില്‍ തങ്കമണി വില്ലേജില്‍ പാണ്ടിപ്പാറ മണിച്ചിറയ്ക്കല്‍ വീട്ടില്‍ തോമസ് മകന്‍ ബിനോയ് തോമസ് (50),ഇടുക്കി ജില്ലയില്‍ തങ്കമണി വില്ലേജില്‍ കല്‍വരിമാണ്ട് തോണ്ടിപ്പറമ്പ് എട്ടാം മൈല്‍ പാണ്ടിപ്പാറ താമസം നീലകണ്ഠന്‍ മകള്‍ റ്റി.എന്‍.ഗോപി (74) ശിക്ഷിച്ചത്. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് കെ.പി.അനില്‍കുമാറിന്റേതാണ് ഉത്തരവ്. നാര്‍ക്കോട്ടികിസ് വകുപ്പ് 8(c) r/w 20(b)(ii)(c) പ്രകാരവും 20(b)(ii)(c) r/w 8 (c)& 29 പ്രകാരവും 14 വര്‍ഷംവീതം കഠിനതടവും 01ലക്ഷം രൂപ വീതം പിഴയും, പിഴ ഒടുക്കാത്ത പക്ഷം ഒരു വര്‍ഷം അധിക കഠിന തടവും വിധിച്ചു.
6.360 കിലോ ഹാഷിഷ് ഓയില്‍ വില്‍പ്പനക്കായി ഉല്ലാസ് എന്ന ആളുടെ പങ്കല്‍ നിന്നും മൂന്നാം പ്രതി ഗോപി രണ്ടാം പ്രതിയുടെ നിര്‍ദ്ദേശപ്രകാരം വില്‍പ്പനയ്ക്കായി വാങ്ങി സൂക്ഷിച്ചു. ഇത് 2018 സെപ്റ്റംബര്‍ ഒന്നിന് തിരുവനന്തപുരം കല്യാണ്‍ സില്‍ക്‌സ് എന്ന സ്ഥാപനത്തിന്റെ പാര്‍ക്കിംഗ് ഏരിയയുടെ എതിര്‍വശം വച്ച്മാലിദ്വീപ്കാര്‍ക്ക് വില്‍പ്പന നടത്തുന്നതിന് വേണ്ടി രണ്ടും, മൂന്നും പ്രതികള്‍ ഹാഷിഷ് ഓയില്‍ കൊണ്ടുവന്നു. ഇത് വാങ്ങുവാന്‍ വന്ന ഒന്നാം പ്രതി അടക്കമുള്ളവരെ ഹാഷിഷ് ഓയില്‍ കൈമാറ്റം ചെയ്ത സമയം തിരുവനന്തപുരം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസര്‍ ആയിരുന്ന റ്റി.അനികുമാറാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ( എന്‍ഫോഴ്‌സ്‌മെന്റ്) തിരുവനന്തപുരം ആയിരുന്ന സുല്‍ഫിക്കര്‍ പ്രതികള്‍ക്ക് എതിരെ കേസ് ഫയല്‍ ചെയ്തിട്ടുള്ളതാണ്.
പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 13 സാക്ഷികളെയും 48 തൊണ്ടിമുതലുകളും 91 രേഖകളും വിസ്തരിക്കുകയും രേഖപ്പെടുത്തുകയും ചെയ്തു. പ്രതിഭാഗത്തുനിന്നും 17 സാക്ഷികളെയും 15 കൂടുതല്‍ രേഖകളും മാര്‍ക്ക് ചെയ്തു. കൂടാതെ കോടതി 11 രേഖകള്‍ കൂടി മാര്‍ക്ക് ചെയ്തു.
വിചാരണവേളയില്‍, പ്രതികളെ കട്ടപ്പനയില്‍ നിന്ന് അനധികൃതമായി അറസ്റ്റ് ചെയ്തു കേസില്‍ ഉള്‍പ്പെടുത്തിയത് ആണെന്ന് തെളിയിക്കുന്നതിന് വേണ്ടി പ്രതിഭാഗം സിസിടിവി ഫൂട്ടേജ് അടക്കം ഹാജരാക്കുകയും ചെയ്തു. മൂന്നാം പ്രതിയുടെ ഭാര്യയെയും മാധ്യമപ്രവര്‍ത്തകരെയും രണ്ടാം പ്രതിയെയും പ്രതിഭാഗം സാക്ഷികളായി വിസ്തരിക്കുകയും ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്യുന്ന സമയം പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങളും ഈ കൃത്യത്തിന് ഉള്‍പ്പെട്ട 6,72,500/ രൂപയും കേസിലേക്ക് കണ്ടു കെട്ടണം എന്നുള്ള പ്രോസിക്യൂഷന്‍ വാദം കോടതി ശരി വയ്ക്കുകയും ചെയ്തു. കൂടാതെ ഈ കേസില്‍ പിടിക്കപ്പെടേണ്ട പ്രതികളെ കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനാല്‍ കണ്ടെടുത്ത തൊണ്ടിമുതലായ ഹാഷിഷ് ഓയിലുകള്‍ സൂക്ഷിക്കുവാനും കോടതി ഉത്തരവായി.
പ്രോസീക്യൂഷന്‍ വേണ്ടി പബ്ലിക് പ്രോസീക്യൂട്ടര്‍ ഡി. ജി. റെക്‌സ്, അഭിഭാഷകര്‍ ആയ സി. പി. രഞ്ജു, ജി. ആര്‍. ഗോപിക, പി. ആര്‍. ഇനില രാജ് എന്നിവര്‍ ഹാജരായി.