ഇറാന്റെ സുരക്ഷിതത്വ ബോധത്തില്‍ അപ്രതീക്ഷിത ആക്രമണം; ട്രാഫിക് ക്യാമറ മുതല്‍ മൊബൈല്‍ ടവര്‍ വരെ ഹാക്ക് ചെയ്തു; ചാരക്കണ്ണുകള്‍ ഒപ്പിയെടുത്ത രഹസ്യവിവരങ്ങള്‍; ഖമനേയിക്കൊപ്പം കുടുംബവും ചാരമായി; മൊസാദിന്റെ ബുദ്ധിക്ക് മുന്നില്‍ ഇറാന് പിഴച്ചത് ഇങ്ങനെ

Update: 2026-03-05 13:26 GMT

ടെഹ്‌റാന്‍: പഹല്‍ ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം നിലനില്‍ക്കെ മെയ് ഏഴിന് മോക്ഡ്രില്‍ നടത്താനായിരുന്നു കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇന്ത്യ തിരിച്ചടിക്കാന്‍ തയ്യാറെടുക്കുന്നു എന്ന പ്രതീതി മാത്രമായിരുന്നു അന്ന് കേന്ദ്രത്തിന്റെ ഈ നിര്‍ദ്ദേശത്തിന് പിന്നില്‍. സ്വാഭാവികമായും അന്ന് എല്ലാവരുടെയും ശ്രദ്ധ അതിലേക്ക് മാത്രമായി. എന്നാല്‍ പിറ്റേന്ന് തന്നെ അര്‍ദ്ധരാത്രിയില്‍, രാജ്യം ഗാഢനിദ്രയിലായിരുന്നപ്പോള്‍, ഇന്ത്യ മറുപടി നല്‍കി. സമീപ വര്‍ഷങ്ങളില്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ നടത്തിയ ഏറ്റവും ശക്തമായ പ്രത്യാക്രമണങ്ങളിലൊന്നായി അത് മാറുകയും ചെയ്തിരുന്നു. ഏകദേശം സമാനമായ തന്ത്രമാണ് ഇറാന് മറുപടി നല്‍കാന്‍ ഇസ്രയേല്‍ പയറ്റിയത്. അതായത് അവര്‍ക്ക് മുന്നില്‍ സാധാരണ ദിവസം എന്ന പ്രതീതി ജനിപ്പിച്ച് സുരക്ഷിതത്വ ബോധം നല്‍കിയ ശേഷം പ്രതികരിക്കാന്‍ പോലും അവസരമുണ്ടാക്കാതെ ശക്തമായി കടന്നാക്രമിക്കുകയായിരുന്നു.

ശനിയാഴ്ച ആയത്തുള്ള അലി ഖമനേയിയെ വധിക്കാന്‍ നടത്തിയ സംയുക്ത യുഎസ്-ഇസ്രായേല്‍ ഓപ്പറേഷന്‍ വര്‍ഷങ്ങളുടെ തയ്യാറെടുപ്പിലൂടെയാണ് നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി ടെഹ്റാനിലെ ട്രാഫിക് ക്യാമറ ശൃംഖലകള്‍ ഹാക്ക് ചെയ്യുകയും വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. ഇറാനിയന്‍ ഏകാധിപതിയെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും അപ്രതീക്ഷിതമായി ആക്രമിക്കാനാണ് ഈ നീക്കം നടത്തിയത്. അവര്‍ക്ക് പ്രതികരിക്കാനോ രക്ഷപ്പെടാനോ സമയം നല്‍കാതിരിക്കുകയായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം.

ഇറാനിയന്‍ നേതാവിനെ വധിക്കാന്‍ ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്ന് ലക്ഷ്യസ്ഥാനത്തേക്ക് പതിക്കുന്ന 'ബ്ലൂ സ്പാരോ' എന്ന അധികം അറിയപ്പെടാത്ത ബാലിസ്റ്റിക് മിസൈലാണ് ഐഡിഎഫ് ഉപയോഗിച്ചത്. ആക്രമണത്തിന്റെ അവസാന നിമിഷങ്ങളില്‍, ഇറാന്റെ നേതൃത്വത്തെ അപ്രതീക്ഷിതമായി പിടികൂടാന്‍ ഐഡിഎഫും യുഎസും ചേര്‍ന്ന് ഒരു 'തന്ത്രപരമായ നീക്കം'നടത്തി. ടെല്‍ അവീവിലെ ഐഡിഎഫിന്റെ പ്രധാന സൈനിക കേന്ദ്രത്തിന് ചുറ്റുമുള്ള പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുന്നത് കണ്ടാല്‍ ഒരു വലിയ സൈനിക നീക്കം ഉടനുണ്ടാകുമെന്ന് ഇറാന് സൂചന ലഭിക്കുമെന്ന് അവര്‍ ഭയപ്പെട്ടിരുന്നു. ഇത് മറികടക്കാന്‍ ഒരു ചതിക്കുഴി ഒരുക്കി.

ആക്രമണം നടന്ന വെള്ളിയാഴ്ച,സൈനികര്‍ വാരാന്ത്യ അവധിക്കായി തയ്യാറെടുക്കുന്നെവെന്ന തോന്നല്‍ ഐഡിഎഫ് മനഃപൂര്‍വ്വം സൃഷ്ടിച്ചു. ഐഡിഎഫ് ഉദ്യോഗസ്ഥരും ഉന്നത നേതൃത്വവും ശബ്ബത്ത് വിരുന്നിനായി വീട്ടിലേക്ക് പോകുകയാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും വിവരങ്ങളും ഞങ്ങള്‍ പുറത്തുവിട്ടുവെന്ന് സൈന്യം വെളിപ്പെടുത്തി. ഉന്നത ജനറല്‍മാര്‍ ആസ്ഥാനം വിട്ട് കുടുംബങ്ങളോടൊപ്പം മടങ്ങുന്നത് ശ്രദ്ധയില്‍പ്പെടുന്ന രീതിയില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍, അവര്‍ അധികനേരം വീടുകളില്‍ തങ്ങിയില്ല, പകരം പിന്നീട് രഹസ്യമായി മടങ്ങിയെത്തി ഓപ്പറേഷനില്‍ പങ്കുചേര്‍ന്നു.

പലരും വേഷംമാറിയാണ് തിരികെ ആസ്ഥാനത്തേക്ക് എത്തിയത്. ശനിയാഴ്ച രാവിലെ ഇറാന്‍ സമയം 7.30-ന് F-15 ഉള്‍പ്പെടെയുള്ള ഇസ്രായേലി വിമാനങ്ങള്‍ പറന്നുയരുകയും രണ്ട് മണിക്കൂറിന് ശേഷം ലക്ഷ്യസ്ഥാനത്ത് എത്തുകയും ചെയ്തു. രാവിലെ 9.40-ന് ഐഡിഎഫ് വിമാനങ്ങള്‍ 'ബ്ലൂ സ്പാരോ' മിസൈലുകള്‍ വിക്ഷേപിച്ചു. ടെഹ്റാനിന്റെ ഹൃദയഭാഗത്തുള്ള ആയത്തുള്ളയുടെ സമുച്ചയത്തിന് നേരെ കുറഞ്ഞത് 30 മിസൈലുകളാണ് തൊടുത്തുവിട്ടത്. ഇസ്രായേലില്‍ നിര്‍മ്മിച്ച ഈ ബ്ലൂ സ്പാരോ മിസൈലുകള്‍ക്ക് ഏകദേശം 1240 മൈല്‍ ദൂരപരിധിയുണ്ട്. 1.9 ടണ്‍ ഭാരമുള്ള ഇവ യഥാര്‍ത്ഥത്തില്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പരിശോധിക്കുന്നതിനായാണ് നിര്‍മ്മിച്ചിരുന്നത്.

2013-ല്‍ നിര്‍മ്മിക്കപ്പെട്ട ഈ മിസൈലുകള്‍, അവയുടെ അതിവേഗം കാരണം പിന്നീട് ഉപരിതലത്തിലേക്ക് തൊടുക്കാവുന്ന മിസൈലുകളായി മാറ്റം വരുത്തുകയായിരുന്നു. ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്തേക്ക് കടന്ന ശേഷം തിരികെ പ്രവേശിക്കാനുള്ള ഇവയുടെ ശേഷി കാരണം ഇവയെ തടയുക എന്നത് അങ്ങേയറ്റം പ്രയാസകരമാണ്. യുദ്ധവിമാനങ്ങളില്‍ നിന്ന് വിക്ഷേപിച്ചു കഴിഞ്ഞാല്‍, ബൂസ്റ്റര്‍ റോക്കറ്റുകള്‍ മിസൈലിനെ ബഹിരാകാശത്തേക്ക് എത്തിക്കും. അവിടെവെച്ച് മിസൈലിന്റെ പ്രധാന ഭാഗം ബൂസ്റ്ററില്‍ നിന്ന് വേര്‍പെടുകയും ലക്ഷ്യസ്ഥാനം കൃത്യമായി ഉറപ്പിക്കുകയും ചെയ്യുന്നു. ഇതിനുശേഷം, മിസൈല്‍ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിച്ച് ലക്ഷ്യസ്ഥാനത്ത് പതിക്കുന്നു. ബ്ലാക്ക്, സില്‍വര്‍ എന്നീ വകഭേദങ്ങള്‍ കൂടിയുള്ള ഈ 'സ്പാരോ' മിസൈല്‍ ശ്രേണി നിര്‍മ്മിക്കാന്‍ സോവിയറ്റ് യൂണിയന്റെ സ്‌കഡ് മിസൈലുകളില്‍ നിന്നും ഇറാന്റെ ഷഹാബ്-3 മിസൈലുകളില്‍ നിന്നുമാണ് പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നത്.

മിസൈലുകള്‍ വിക്ഷേപിച്ച അതേസമയത്തുതന്നെ, പാസ്ചര്‍ സ്ട്രീറ്റിന് സമീപമുള്ള ഡസനോളം മൊബൈല്‍ ടവറുകള്‍ ഐഡിഎഫ് പ്രവര്‍ത്തനരഹിതമാക്കി. ഇതോടെ ഫോണ്‍ വിളിക്കുന്നവര്‍ക്ക് അത് തിരക്കിലാണെന്ന സന്ദേശം ലഭിക്കുകയും, ഖമേനിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുകള്‍ ലഭിക്കുന്നത് തടയപ്പെടുകയും ചെയ്തു. ആക്രമണം നടക്കുമ്പോള്‍ ഇറാനിലെ മുതിര്‍ന്ന ദേശീയ സുരക്ഷാ ഉദ്യോഗസ്ഥര്‍ കെട്ടിടത്തിന്റെ മറ്റൊരു ഭാഗത്തായിരുന്നു. ടെഹ്റാനിലുണ്ടായ ഈ ആക്രമണത്തില്‍ രണ്ട് ഉന്നത സൈനിക നേതാക്കളായ റിയര്‍ അഡ്മിറല്‍ അലി ഷംഖാനി, ഐആര്‍ജിസി കമാന്‍ഡര്‍ മേജര്‍ ജനറല്‍ മുഹമ്മദ് പാക്പൂര്‍ എന്നിവരും കൊല്ലപ്പെട്ടു. കൂടാതെ ഖമേനിയുടെ മകള്‍, പേരക്കുട്ടി, മരുമകള്‍, മരുമകന്‍ എന്നിവരും ഈ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു.

ഇറാന്റെ പരമോന്നത നേതാവിന്റെ ഭാര്യ, 79 വയസ്സുകാരിയായ മന്‍സൂറെ ഖോജസ്തെ ബാഗേര്‍സാദെയും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇറാനിയന്‍ പ്രസിഡന്റ് മഹ്‌മൂദ് അഹമ്മദി നെജാദും വധിക്കപ്പെട്ടവരിലുണ്ട്. ഇറാനിലെ ജനങ്ങളെയും ഭരണകൂട വിരുദ്ധരെയും നിരീക്ഷിക്കാന്‍ ഇറാന്‍ വ്യാപകമായി ഉപയോഗിക്കുന്ന ടെഹ്റാനിലെ ഏതാണ്ട് എല്ലാ ക്യാമറ ശൃംഖലകളില്‍ ഇസ്രായേല്‍ നുഴഞ്ഞുകയറിയിരുന്നു. ഇതുവഴി പ്രമുഖ ബോഡിഗാര്‍ഡുകളുടെ നീക്കങ്ങള്‍ അവര്‍ നിരീക്ഷിച്ചു. ഈ ദൃശ്യങ്ങള്‍ തെല്‍ അവീവിലേക്കും തെക്കന്‍ ഇസ്രായേലിലേക്കും തത്സമയം അയച്ചുകൊടുത്തു; ഇതിലൂടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ മേല്‍വിലാസം, ജോലി സമയം, അവര്‍ ആര്‍ക്കൊക്കെയാണ് സംരക്ഷണം നല്‍കുന്നത് തുടങ്ങിയ അതീവ രഹസ്യവിവരങ്ങള്‍ മൊസാദ് ശേഖരിച്ചു.

ഒരു ക്യാമറയില്‍ നിന്നുള്ള ദൃശ്യം അങ്ങേയറ്റം നിര്‍ണ്ണായകമായി. ടെഹ്റാന്‍ നഗരമധ്യത്തിലെ പാസ്ചര്‍ സ്ട്രീറ്റിലുള്ള പരമോന്നത നേതാവിന്റെ സമുച്ചയത്തിലേക്ക് എത്തുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തങ്ങളുടെ സ്വകാര്യ വാഹനങ്ങള്‍ എവിടെയാണ് പാര്‍ക്ക് ചെയ്യുന്നത് എന്ന് മനസ്സിലാക്കാന്‍ ഇതിലൂടെ ഏജന്റുമാര്‍ക്ക് സാധിച്ചു. വര്‍ഷങ്ങള്‍ നീണ്ട രഹസ്യാന്വേഷണ നീക്കങ്ങളുടെ ഭാഗമായിരുന്നു ഈ ഹാക്കിംഗുകള്‍, ഒടുവില്‍ ഇത് ഖമേനിയുടെ വധത്തിലേക്ക് നയിക്കുകയും ചെയ്തു.

സിഐഎയ്ക്ക് ലഭിച്ച നിര്‍ണ്ണായക വിവരങ്ങളും ഇതില്‍ പ്രധാന പങ്കുവഹിച്ചു. ഇറാന്റെ നേതൃത്വത്തെക്കുറിച്ചും അവരുടെ നീക്കങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ വിശകലനം ചെയ്യാന്‍ ഇസ്രായേല്‍ ഉപയോഗിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളും അല്‍ഗോരിതങ്ങളും ഈ ഉറവിടത്തില്‍ നിന്നുള്ള വിവരങ്ങളുമായി ചേര്‍ത്തുവെച്ചപ്പോള്‍, ഖമേനി പങ്കെടുക്കുന്ന യോഗം എവിടെയാണെന്ന് കൃത്യമായി കണ്ടെത്താന്‍ അവര്‍ക്ക് സാധിച്ചു. ഖമേനി എവിടെയാണ് യോഗം ചേരുന്നതെന്ന് ഇസ്രായേലിനും യുഎസിനും ഉറപ്പായതോടെ, ആക്രമണം നടത്താന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു.

Similar News