അംഗപരിമിതനായ ഉദ്യോഗസ്ഥന് നിയമനം നല്‍കണം എന്ന ഹൈക്കോടതി ഉത്തരവ് അനുസരിച്ചില്ല; നേരിട്ട് ഹാജരായില്ല; സുപ്രീം കോടതി വരെ പോയിട്ടും രക്ഷയില്ല; അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്; ഈ മാസം 20 ന് അറസ്റ്റ് ചെയ്ത് ഹാജരാക്കണം

അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

Update: 2025-01-08 11:38 GMT

തിരുവനന്തപുരം: കോടതിയലക്ഷ്യ കേസില്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് നടപ്പാകാതിരിക്കുകയും കോടതിയില്‍ ഹാജരാകാതിരിക്കുകയും ചെയ്ത കുറ്റത്തിന് വാറന്റ് പുറപ്പെടുവിച്ചത്. ഈ മാസം 20 ന് അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്നാണ് ഉത്തരവ്.

ആരോഗ്യവകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായി ഡോക്ടര്‍ ഉണ്ണിക്കൃഷ്ണന് അംഗപരിമിതര്‍ക്കുളള ക്വാട്ടയില്‍ നിയമനം നല്‍കണം എന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാത്തതിനാലാണ് ഇന്ന് കോടതി അഡീഷണല്‍ ചീഫ് സെക്രട്ടറിയ്ക്കെതിരെ അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചത്. നിലവില്‍ ആരോഗ്യവകുപ്പില്‍ അസിസ്റ്റന്റ് ഡയറക്ടറായി ജോലി നോക്കുന്ന ഡോക്ടര്‍ ഉണ്ണിക്കൃഷ്ണന് വികലാംഗ ക്വാട്ടയില്‍ ഡെപ്യൂട്ടി ഡയറക്ടറായി നിയമനം നല്‍കുന്നതിന് 2023 ഓഗസ്റ്റ് ഒന്‍പതിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവായിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ ഈ ഉത്തരവ് നടപ്പാക്കിയിരുന്നില്ല. തുടര്‍ന്ന് ഡോക്ടര്‍ ഉണ്ണിക്കൃഷ്ണന്‍ കോടതിയലക്ഷ്യ കേസിന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇതോടെ ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ ഫയല്‍ ചെയ്തു. എന്നാല്‍ ഇത് 2024 ഫെബ്രുവരി 23ന് സുപ്രീംകോടതി തള്ളി. തുടര്‍ന്ന് സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ചു.

എന്നാല്‍ ജൂലായ് 18ന് പുനഃപരിശോധനാ ഹര്‍ജിയും കോടതി തള്ളി. തുടര്‍ന്ന് ഡിസംബര്‍ 10ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ ഒന്നുകില്‍ ഉത്തരവ് അനുസരിക്കണമെന്നും അതല്ലെങ്കില്‍ നേരിട്ട് ഹാജരായിരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പിന്നീട് കേസ് ഇന്ന് പരിഗണിച്ചെങ്കിലും ചുമതലപ്പെട്ട അഡീഷണല്‍ ചീഫ് സെക്രട്ടറി ഹാജരായില്ല. ഇതോടെയാണ് കോടതി രാജന്‍ ഖോബ്രഗഡെയ്ക്കെതിരെ വാറന്റ് പുറപ്പെടുവിച്ചത്.

Tags:    

Similar News