ബോഡി ഷെയ്മിങ് സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയില്ല; മറ്റൊരാളുടെ ശരീരത്തെ കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തുന്നത് ശരിയല്ല; ഇത്തരം പരാമര്‍ശങ്ങള്‍ പൊതുസമൂഹത്തില്‍ ഒഴിവാക്കണം; അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണം; അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാകണം; ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി ഉത്തരവ്
ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി ഉത്തരവ്
കൊച്ചി: ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസില്‍ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ചു. ജാമ്യ ഉത്തരവ് പുറത്തിറങ്ങി. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണം. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാകാന്‍ നിര്‍ദ്ദേശം.
ബോഡി ഷെയ്മിങ് സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒന്നല്ലെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. മറ്റൊരാളുടെ ശരീരത്തെ കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തുന്നത് ശരിയല്ല. ഇത്തരം പരാമര്‍ശങ്ങള്‍ പൊതുസമൂഹത്തില്‍ ഒഴിവാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
കാക്കനാട് ജയിലിലായിരുന്നു ബോബി ചെമ്മണൂര്‍ കഴിഞ്ഞിരുന്നത്. ഹണിറോസിനെതിരായി ജാമ്യഹര്‍ജിയില്‍ പറഞ്ഞ കാര്യങ്ങള്‍ ബോബി ചെമ്മണൂര്‍ പിന്‍വലിച്ചു. അറസ്റ്റ് ചെയ്യപ്പെട്ട് ആറാംനാളാണ് ബോബി ചെമ്മണൂര്‍ പുറത്തേക്ക് വരുന്നത്. ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ ബോബി ചെമ്മണൂര്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഹര്‍ജി വായിക്കുമ്പോള്‍ത്തന്നെ ബോബി ചെമ്മണൂര്‍ ഹണി റോസിനെതിരെ നടത്തിയ ചില പ്രയോഗങ്ങളില്‍ കോടതി അതൃപ്തി അറിയിച്ചിരുന്നു. തുടര്‍ന്ന് ഈ പരാമര്‍ശങ്ങളെല്ലാം പിന്‍വലിക്കുകയാണെന്ന് ബോബിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ബി.രാമന്‍പിള്ള കോടതിയെ അറിയിച്ചു. തുടര്‍ന്ന് ബോബി ചെമ്മണൂരിന് ജാമ്യം നല്‍കാമെന്ന് കോടതി നിലപാടെടുത്തു.
ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തെങ്കിലും പൊലീസ് കസ്റ്റഡി അപേക്ഷ പോലും നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇനിയും എന്തിനാണ് റിമാന്‍ഡില്‍ പാര്‍പ്പിക്കുന്നതെന്നും ചോദിച്ചു. ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ബോബി ചെമ്മണൂരിന്റെ ജാമ്യഹര്‍ജി പരിഗണിച്ചത്. പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. പ്രതി നടിയെ നിരന്തരം പിന്തുടര്‍ന്ന് അധിക്ഷേപിച്ചെന്നും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
ജാമ്യാപേക്ഷ പരിഗണിച്ചയുടന്‍ പ്രതിഭാഗം അഭിഭാഷകന്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങള്‍ വാസ്തവവിരുദ്ധമാണ്. കയ്യില്‍ പിടിച്ചു എന്നതും ലൈംഗികാധിക്ഷേപം നടത്തി എന്നതും ശരിയല്ല. ഇപ്പോള്‍ തന്നെ 6 ദിവസം ജയിലില്‍ കഴിഞ്ഞു. പരമാവധി മൂന്ന് വര്‍ഷം വരെ തടവ് കിട്ടുന്ന വകുപ്പുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന് ഒരു ദിവസത്തെ റിമാന്‍ഡ് പോലും ആവശ്യമില്ല തുടങ്ങിയ വാദങ്ങള്‍ പ്രതിഭാഗം ഉന്നയിച്ചു. കേസിന്റെ മെറിറ്റിലേക്ക് കടന്നാല്‍ താന്‍ അതിന് എതിരാണെന്നും അതിനാല്‍ അക്കാര്യങ്ങള്‍ വിചാരണയില്‍ പറഞ്ഞാല്‍ മതിയെന്നും കോടതി പ്രതികരിച്ചു.
ബോബിക്ക് ജാമ്യം നല്‍കരുതെന്നും സമൂഹത്തിന് ശക്തമായ സന്ദേശം നല്‍കുന്നതായിരിക്കണം വിധിയെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. തുടര്‍ന്ന് ബോബി ചെമ്മണൂര്‍ നല്‍കിയ അഭിമുഖങ്ങളും ബോബിയുടെ പ്രസ്താവനകളും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇത് കേട്ടാല്‍ ദ്വയാര്‍ഥമാണെന്ന് മലയാളികള്‍ക്ക് മനസ്സിലാകുമല്ലോ എന്ന് കോടതി പ്രതിഭാഗം അഭിഭാഷകനോട് ആരാഞ്ഞു. ഹണി റോസ് അത്ര പ്രധാനപ്പെട്ട അഭിനേത്രിയല്ല തുടങ്ങിയ കാര്യങ്ങളൊക്കെ എന്തിനാണ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരിക്കുന്നത് എന്നും കോടതി ചോദിച്ചു. ബോബി കയ്യില്‍ പിടിച്ച് കറക്കിയപ്പോള്‍ ഹണി റോസ് എതിര്‍പ്പ് പറഞ്ഞില്ല തുടങ്ങിയ പ്രതിഭാഗത്തിന്റെ വാദത്തിനോട്, അത് അവരുടെ മാന്യത കൊണ്ടാണെന്നാണ് കോടതി പ്രതികരിച്ചത്.
ബോബി ചെമ്മണൂരിന്റെ ജൂവലറിയുടെ ഉദ്ഘാടന ചടങ്ങിലെ ചില ദൃശ്യങ്ങളും പ്രോസിക്യൂഷനും പ്രതിഭാഗവും കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്തിനാണ് ഇയാള്‍ ഇങ്ങനെയൊക്കെ കാണിക്കുന്നതെന്നായിരുന്നു ദൃശ്യങ്ങള്‍ കണ്ടശേഷം കോടതിയുടെ ചോദ്യം. അതേസമയം, സംഭവം നടന്ന സമയത്ത് നടി പരാതികളൊന്നും ഉന്നയിച്ചില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍, നടിയുടെ മാന്യത കൊണ്ടാണ് അവര്‍ ആ ചടങ്ങില്‍വെച്ച് പ്രതികരിക്കാതിരുന്നതെന്ന് കോടതി രൂക്ഷമായ ഭാഷയില്‍ പറഞ്ഞു. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയാലുണ്ടാകുന്ന പ്രത്യാഘാതം ജനം മനസിലാക്കണമെന്നും കോടതി പറഞ്ഞു.
പ്രതി സ്ഥിരമായി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നയാളാണ്. ഈ സംഭവം സമൂഹത്തിന് ഒരു സന്ദേശമാകണമെന്നും പ്രതിക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, പ്രതി റിമാന്‍ഡിലായതോടെ തന്നെ സമൂഹത്തിന് സന്ദേശം ലഭിച്ചുകഴിഞ്ഞെന്നായിരുന്നു കോടതിയുടെ മറുപടി.
റിമാന്‍ഡ് തുടരണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും അനുകൂലമായല്ല കോടതി പ്രതികരിച്ചത്. എന്തിനാണ് ഇനിയും അതിന്റെ ആവശ്യമെന്ന് കോടതി ചോദിച്ചു. പൊലീസ് കസ്റ്റഡി പോലും ചോദിച്ചിട്ടില്ല. സമൂഹത്തിന് സന്ദേശം കിട്ടണമെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞപ്പോള്‍, സമൂഹത്തിന് അത് ഇതിനകം തന്നെ മനസ്സിലായിക്കഴിഞ്ഞെന്ന് കോടതി പ്രതികരിച്ചു. ഇത്തരം കാര്യങ്ങളൊക്കെ പറയുന്നതിന്റെ പ്രത്യാഘാതം എന്തെന്ന് മനസ്സിലാക്കണമെന്നും കോടതി പറഞ്ഞു. ബോബി ഇത്തരം പദപ്രയോഗങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് എങ്ങനെയാണ് പറയാന്‍ സാധിക്കുന്നതെന്നു പ്രതിഭാഗം അഭിഭാഷകനോട് കോടതി ചോദിച്ചു. സമൂഹമാധ്യമങ്ങളുടെ കാര്യത്തില്‍ താന്‍ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്ന് അഭിഭാഷകന്‍ പ്രതികരിച്ചു. തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്. ഉച്ച കഴിഞ്ഞ് മൂന്നരയ്ക്ക് വിശദമായ ഉത്തരവ് പുറപ്പെടുവിക്കാമെന്നും കോടതി വ്യക്തമാക്കി.
ഹണി റോസിന്റെ പരാതിയില്‍ കഴിഞ്ഞ ബുധനാഴ്ച അറസ്റ്റിലായ ബോബിയെ പിറ്റേന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. വെള്ളിയാഴ്ച ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കേസില്‍ അടിയന്തര പ്രാധാന്യമൊന്നും ഇല്ലെന്ന് ചൂണ്ടിക്കാട്ടി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റി. വ്യാഴാഴ്ച മുതല്‍ കാക്കനാട് ജില്ലാ ജയിലിലാണ് ബോബി. തനിക്കെതിരെ തുടര്‍ച്ചയായി ലൈംഗികാധിക്ഷേപവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങളും നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്. പിറ്റേന്ന് വെളുപ്പിനെ വയനാട്ടുനിന്നു ബോബിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.