തിരുവല്ലക്കാരിയെ വടക്കന്‍ പറവൂരുകാരന്‍ വിവാഹം ചെയ്തത് 150 പവന്‍ വാങ്ങി; താലി കെട്ടി വിദേശത്തേക്ക് കൊണ്ടു പോയ ഭാര്യയ്ക്ക് കൊടുത്തത് പീഡന കാലം; കുട്ടി പിറന്നതോടെ വിസ റദ്ദാക്കി നാട്ടിലേക്ക് പറഞ്ഞു വിട്ട ക്രൂരത; ഒടുവില്‍ ഹൈക്കോടതിയില്‍ നിന്നും ആദ്യ നീതി; ഈ വിധി സ്ത്രീധന മോഹികള്‍ക്ക് തിരിച്ചടിയാകും
കൊച്ചി: സ്ത്രീധന നിരോധന നിയമപ്രകാരമുള്ള പരാതിയില്‍, പരാതിക്കാരി താമസിക്കുന്ന സ്ഥലത്തെ മജിസ്ട്രേറ്റിനും കേസെടുക്കാന്‍ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി വിധി സുപ്രധാനമായി മാറുമെന്ന് വിലയിരുത്തല്‍. സ്ത്രീധനം ആവശ്യപ്പെടുകയോ കൈപ്പറ്റുകയോ ചെയ്ത സ്ഥലത്തുള്ള മജിസ്ട്രേറ്റിനു മാത്രമല്ല പരാതിക്കാരി എവിടെയാണോ താമസിക്കുന്നത് അവിടുത്തെ മജിസ്ട്രേറ്റിനും കേസെടുക്കാമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത് സ്ത്രീധന പീഡന മരണങ്ങളും കേസുകളും കൂടുന്ന സാഹചര്യത്തില്‍ ഏറെ പ്രസക്തമായി മാറും. ഹൈക്കോടതി ജസ്റ്റീസ് ജി ഗിരീഷിന്റേതാണ് സുപ്രധാന വിധി. ഹര്‍ജിക്കാരിക്കു വേണ്ടി ആര്‍. പദ്മകുമാര്‍, പി.എസ് നിഷില്‍ എന്നിവര്‍ ഹാജരായി.
തിരുവല്ലാക്കാരിയായ യുവതി നല്‍കിയ ഹര്‍ജിയിലാണ് സുപ്രധാനവിധി. യുവതി വടക്കന്‍ പറവൂര്‍ സ്വദേശിയേയാണ് വിവാഹം കഴിച്ചത്. വിവാഹത്തോടനുബന്ധിച്ച് തിരുവല്ലയില്‍ വച്ച് ഭര്‍ത്താവും ബന്ധുക്കളും 150 പവന്‍ സ്വര്‍ണം സ്ത്രീധനമായി ആശ്യപ്പെട്ടു. അവര്‍ അത് ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് യുവതിയില്‍ നിന്ന് കൈക്കലാക്കുകയും ചെയ്തു. അതിന് ശേഷം യുവതിയുമായി വിദേശത്തേക്ക് അവര്‍ പോയി. കുട്ടിയ്ക്ക് എട്ട് വയസ്സ് ആയതോടെ അവര്‍ക്ക് യുവതിയെ വേണ്ടതായി. വിസ ക്യാന്‍സല്‍ ചെയ്ത് നാട്ടിലേക്ക് കയറ്റി അയച്ച ക്രൂരതയായി അത് മാറി. സമാനതകളില്ലാത്ത ക്രൂരതയാണ് വിദേശത്ത് യുവതിയ്ക്ക് അനുഭവിക്കേണ്ടി വന്നത്. 150 പവനും പോയി ജീവിതവും പോയി.
ദുബായില്‍ നിന്നും മടങ്ങിയെത്തിയ യുവതി വലിയ മാനസിക സമ്മര്‍ദ്ദമാണ് അനുഭവിച്ചത്. ഇതിനിടെ വിദേശത്തുള്ള ഭര്‍ത്താവ്, വിവാഹ മോചനം ആവശ്യപ്പെട്ട് ഹര്‍ജിയും നല്‍കി. ഇത് വടക്കന്‍ പറവൂര്‍ കോടതിയിലാണ് നല്‍കിയത്. പിന്നീട് ഇത് യുവതിയുടെ വീട്ടിന് മാവേലിക്കര കോടതിയിലേക്ക് മാറ്റുകയും ചെയ്തു. ഇതിനൊപ്പമാണ് സ്ത്രീധന നിയമ പ്രകാരമുള്ള കേസും വരുന്നത്. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണ് നിയമ പ്രകാരം. എന്നാല്‍ സ്ത്രീധനം കൊടുക്കുന്ന യുവതിയെ സംരക്ഷിക്കാനും അത് തിരിച്ചു കിട്ടാനുമുള്ള വകുപ്പുകളും നിയമത്തിലുണ്ട്.
വിവാഹബന്ധം തകര്‍ന്നതോടെ സ്ത്രീധനം മടക്കി ആവശ്യപ്പെട്ട് യുവതി, മാവേലിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കി. വിവാഹ ബന്ധം തകര്‍ന്നതിനാല്‍ മാനസിക സമ്മര്‍ദ്ദം ഉള്ളതിനാല്‍ കുടുംബ വീട്ടില്‍ താമസിക്കാതെ മാവേലിക്കരയിലെ ബന്ധു വീട്ടിലാണ് താമസിച്ചിരുന്നത്. അതിനാലാണ് മാവേലിക്കര കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ കുറ്റകൃത്യം നടന്നത് തിരുവല്ലയില്‍ ആയതിനാല്‍ അവിടെ ഹര്‍ജി നല്‍കണമെന്നു പറഞ്ഞ് മാവേലിക്കര കോടതി ഹര്‍ജി മടക്കി. ഇതു ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്.
മാനസിക സമ്മര്‍ദം മൂലമാണ് ബന്ധുവീട്ടില്‍ താമസിച്ച് ഹര്‍ജി നല്‍കിയതെന്ന വാദം അംഗീകരിച്ച ഹൈക്കോടതി, മജിസ്ട്രേറ്റിന്റെ ഉത്തരവ് റദ്ദാക്കി. കേസ് വീണ്ടും ഫയലില്‍ സ്വീകരിച്ച് നിയമപരമായി നീങ്ങാന്‍ ഹൈക്കോടതി മാവേലിക്കര മജിസ്ട്രേറ്റിനോട് ഉത്തരവിട്ടു. സ്ത്രീധനത്തിന്റെ ദുരിതം അനുഭവിക്കേണ്ടിവരുന്നവരെ സംരക്ഷിക്കാനാണ് സ്ത്രീധന നിരോധനനിയമവും ഗാര്‍ഹിക പീഡനം നിരോധിക്കുന്ന വ്യവസ്ഥകളും ലക്ഷ്യമിടുന്നതെന്ന് കോടതി പറഞ്ഞു.
അതിനാല്‍ സ്ത്രീധന നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളില്‍ ഇരയാകുന്നവര്‍ താമസിക്കുന്ന സ്ഥലത്തെ കോടതികള്‍ക്ക് തുടര്‍നടപടി സ്വീകരിക്കാന്‍ അധികാരമുണ്ട്. മജിസ്‌ട്രേറ്റിന്റെ ഉത്തരവ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഹര്‍ജി വീണ്ടും പരിഗണിച്ച് നിയമപരമായ തീരുമാനമെടുക്കാന്‍ മജിസ്‌ട്രേറ്റിനോട് നിര്‍ദേശിച്ചു. ഇതോടെ യുവതിയുടെ ഭര്‍ത്താവും അമ്മയും അച്ഛനും കേസില്‍ പ്രതിയാകുമെന്ന് ഉറപ്പാവുകയാണ്. കോടതിയില്‍ വിചാരണയും നേരിടേണ്ടി വരും.