ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി; പ്രശസ്തിക്ക് വേണ്ടിയുള്ള ഹര്‍ജിയെന്ന് സുപ്രീംകോടതി; ഹര്‍ജിക്കാരന്‍ ആയിട്ടും എന്തുകൊണ്ട് അഭിഭാഷകന്റെ വേഷം ധരിച്ചന്നെും കോടതി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

Update: 2024-10-25 11:07 GMT

ന്യൂഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. പ്രശസ്തിക്കുവേണ്ടിയുള്ള ഹര്‍ജിയാണെന്ന വിമര്‍ശനത്തോടെയാണു കോടതി ഹര്‍ജി തള്ളിയത്. ഹൈക്കോടതിയെ സമീപിക്കാതെ സുപ്രീം കോടതിയെ സമീപിച്ചത് എന്തിനെന്നും ഹര്‍ജിക്കാരനോട് കോടതി ചോദിച്ചു.

അഭിഭാഷകനായ അജീഷ് കളത്തില്‍ ഗോപിയാണ് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിരുന്നത്. അജീഷ് തന്നെയാണ് ഈ കേസില്‍ കോടതിയില്‍ വാദം ഉന്നയിച്ചത്. എന്നാല്‍ ഇതു ചട്ട വിരുദ്ധമാണെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് എസ്.വി.ഭട്ടി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരനായിട്ടും എന്തുകൊണ്ട് അഭിഭാഷകന്റെ വേഷം ധരിച്ചെന്നും കോടതി ചോദിച്ചു. ജഡ്ജിമാരായ ഹൃഷികേശ് റോയ്, എസ്.വി.ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ച ശേഷം അഞ്ച് വര്‍ഷത്തോളം സംസ്ഥാന സര്‍ക്കാര്‍ അതില്‍ നടപടി സ്വീകരിച്ചിട്ടില്ല എന്നും അതിലെ ഗൂഢാലോചന ഉള്‍പ്പടെ അന്വേഷിക്കണം എന്നും ആവശ്യപ്പെട്ടാണ് അഭിഭാഷകന്‍ അജീഷ് കളത്തില്‍ ഗോപി് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പുറമെ, സിബിഐ, ദേശിയ വനിത കമ്മീഷന്‍, സംസ്ഥാന പോലീസ് മേധാവി എന്നിവരായിരുന്നു കേസിലെ എതിര്‍ കക്ഷികള്‍.

സിനിമാരംഗത്തുനിന്ന് ലൈംഗിക പരാതികളുയര്‍ന്നപ്പോള്‍ ചട്ടവിരുദ്ധമായി ഹേമ കമ്മിറ്റിയെ നിയമിച്ചതും ആ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം അഞ്ച് വര്‍ഷത്തോളം സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കാതിരുന്നതും ഒടുവില്‍ അന്വേഷണത്തിന് തയാറായപ്പോള്‍ വ്യക്തിപരമായ പരാതികളിലാണ് നടപടിയെന്ന് വ്യക്തമാക്കിയതും അട്ടിമറി നീക്കമാണെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

നേരത്തെ, ജസ്റ്റിസ് ഹേമ കമ്മിറ്റി മുമ്പാകെ മൊഴി നല്‍കിയ നടിമാരുടെ പരാതികളില്‍ കേസെടുക്കാന്‍ പ്രത്യേക അന്വേഷണസംഘത്തിന് അനുമതി നല്‍കിയ കേരള ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു.

Tags:    

Similar News