മരടിലെ ഫ്‌ളാറ്റുകള്‍ക്ക് എതിരായ കേസ് കനത്ത പിഴ ഈടാക്കി തീര്‍പ്പാക്കേണ്ടിയിരുന്നു; സുപ്രീം കോടതി ജഡ്ജിയുടെ നിരീക്ഷണം ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കിയതിലെ നഷ്ടപരിഹാര കേസ് പരിഗണിക്കുന്നതിനിടെ

മരടിലെ ഫ്‌ളാറ്റുകള്‍ക്ക് എതിരായ കേസ് കനത്ത പിഴ ഈടാക്കി തീര്‍പ്പാക്കേണ്ടിയിരുന്നു

Update: 2024-09-25 11:50 GMT

ന്യൂഡല്‍ഹി: തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മാണം നടത്തിയതിന്റെ പേരില്‍ സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം 2020 ജനുവരിയിലാണ് കൊച്ചി മരടിലെ ഫ്്‌ളാറ്റുകള്‍ പൊളിച്ചുനീക്കിയത്. ജെയ്ന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം, ആല്‍ഫ വെഞ്ചേഴ്സ്, ഹോളി ഫെയ്ത്ത് എച്ച്ടുഒ, എന്നീ ഫ്ളാറ്റുകളാണ് പൊളിച്ച് നീക്കിയത്. ഫ്ളാറ്റുകള്‍ക്ക് എതിരായ കേസ് കനത്ത പിഴ ഈടാക്കി തീര്‍പ്പാക്കേണ്ടതായിരുന്നെന്ന് സുപ്രീം കോടതി ജഡ്ജി ബി.ആര്‍ ഗവായിയുടെ സുപ്രധാന നിരീക്ഷണം

ഫ്‌ലാറ്റ് ഉടമകളുടെ നഷ്ടപരിഹാരം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ പരിഗണിക്കുന്ന സുപ്രീം കോടതി ബെഞ്ചിന് നേതൃത്വം നല്‍കുന്ന ജഡ്ജിയാണ് ബി.ആര്‍ ഗവായ്. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം 2020 ജനുവരി 11,12 തിയതികളിലാണ് മരടിലെ 4 ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കിയത്. നിയമം ലംഘിച്ചുള്ള നിര്‍മ്മാണത്തിന് ഉത്തരവാദികളായവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. നഷ്ടപരിഹാരമായി നല്‍കിയ 62 കോടിയോളം രൂപ ഫ്ളാറ്റ് നിര്‍മ്മാതാക്കളില്‍ നിന്ന് ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാരും കോടതിയെ സമീപിച്ചിരുന്നു. നിയമ ലംഘനത്തിനുള്ള പിഴ ഈടാക്കി ഫ്‌ലാറ്റുകള്‍ സംരക്ഷിക്കണമെന്ന വാദം അന്ന് സുപ്രീം കോടതിയില്‍ ഉയര്‍ന്നിരുന്നുവെങ്കിലും ജസ്റ്റിസ് അരുണ്‍ മിശ്ര ഫ്‌ലാറ്റുകള്‍ പൊളിച്ചുമാറ്റിയേ മതിയാകൂ എന്ന നിലപാടില്‍ ഉറച്ചുനിന്നു. തുടര്‍ന്നാണ് ഫ്‌ലാറ്റുകള്‍ പൂര്‍ണമായി പൊളിച്ചത്.

ഫ്‌ലാറ്റ് നിര്‍മ്മാതാക്കളായ ഗോള്‍ഡന്‍ കായലോരത്തിന് വേണ്ടിയാണ് ഹാരിസ് ബീരാന്‍ ഇന്നു ഹാജരായത്. തീരദേശ പരിപാലന നിയമം ലംഘിച്ചതിനല്ല, ഗോള്‍ഡന്‍ കായലോരത്തിന് നോട്ടീസ് ലഭിച്ചതെന്നും, എന്നാല്‍ അക്കാര്യം കണക്കിലെടുക്കാതെയാണ് ഫ്‌ലാറ്റ് പൊളിക്കാന്‍ ഉത്തരവിട്ടതെന്നും ഹാരിസ് ബീരാന്‍ കോടതിയില്‍ വാദിച്ചു. 2011- ലെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍പോലും ഗോള്‍ഡന്‍ കായലോരം തീരദേശപരിപാലന നിയമം ലംഘിച്ചിട്ടില്ലെന്ന് ഫ്‌ലാറ്റ് ഉടമകള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ലക്ഷ്മീഷ് കാമത്ത് വാദിച്ചു. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും ആണ് സുപ്രീം കോടതിയില്‍ ഹാജരായത്.

Tags:    

Similar News