ആനകളെ ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിക്കുന്നത് മനുഷ്യന്റെ അഹന്ത; തിമിംഗലം കരയില്‍ ജീവിക്കുന്ന ജീവിയല്ലാത്തത് ഭാഗ്യം; ഇല്ലെങ്കില്‍ തിമിംഗലത്തെയും എഴുന്നള്ളത്തിന് ഉപയോഗിച്ചേനെ; അമ്പല കമ്മിറ്റികളുടെ വാശിയാണ് ആന എഴുന്നള്ളിപ്പിന് പിന്നില്‍; ശക്തമായ വിമര്‍ശനവുമായി ഹൈക്കോടതി

ആനകളെ ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിക്കുന്നത് മനുഷ്യന്റെ അഹന്ത

Update: 2024-10-25 15:56 GMT

കൊച്ചി: ഉത്സവങ്ങള്‍ അടക്കം ആഘോഷങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുന്നതിന് എതിരെ ഹൈക്കോടതി. ആനയെ എഴുന്നള്ളിക്കുന്നത് മനുഷ്യന്റെ അഹന്തയെന്ന് കോടതി വിമര്‍ശിച്ചു. മൃഗങ്ങള്‍ക്ക് എതിരായ അതിക്രമങ്ങളുടെ പേരില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.

കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിക്കുന്നത് മനുഷ്യന്റെ അഹന്തയാണ്. കടലില്‍ ജീവിക്കുന്ന തിമിംഗലത്തെ എഴുന്നള്ളിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ അതിനെയും മനുഷ്യന്‍ പിടിച്ചുകൊണ്ടുവരുമായിരുന്നു എന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍, പി.ഗോപിനാഥ് എന്നിവരുടെ ബെഞ്ച് വാക്കാല്‍ അഭിപ്രായപ്പെട്ടു. കേസ് നവംബര്‍ നാലിന് വീണ്ടും പരിഗണിക്കും.

ആനകളെ എഴുന്നള്ളിക്കുന്ന കാര്യത്തില്‍ നവംബര്‍ നാലിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി. ഇതിനായി ആനയുടമകള്‍, സന്നദ്ധ സംഘടനകള്‍, ക്ഷേത്ര കമ്മിറ്റികള്‍ തുടങ്ങിയവര്‍ക്ക് നിര്‍ദേശങ്ങള്‍ ഉണ്ടെങ്കില്‍ അതിനു മുന്‍പ് അറിയിക്കാം. നാലിന് മാര്‍ഗനിര്‍ദേശങ്ങളുടെ കരട് തയാറാക്കുമെന്നും കോടതി വ്യക്തമാക്കി.

ഉത്സവകാലം വരുന്നതിനാല്‍ ആനകള്‍ക്കെതിരെയുള്ള ക്രൂരത തടയാന്‍ നടപടി വേണം. ഉത്സവങ്ങള്‍ക്കിടെ ആനകള്‍ക്ക് മതിയായ വിശ്രമ സമയം നല്‍കണം. ആനയെ എഴുന്നള്ളിക്കുന്ന കാര്യത്തില്‍ സമയ നിയന്ത്രണം വേണം. ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലാണ് ആനയെ എഴുന്നളളിക്കുന്നത്. ആനകള്‍ക്കു കൃത്യമായി ഭക്ഷണം നല്‍കണം. ലക്ഷങ്ങള്‍ ചെലവഴിക്കുന്നവര്‍ അതിനുള്ള സൗകര്യങ്ങളും അത്തരത്തില്‍ ഒരുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

''കാലുകള്‍ ചേര്‍ത്തുകെട്ടി അനങ്ങാന്‍ കഴിയാതെ നില്‍ക്കുന്ന ആനകളുടെ അവസ്ഥയൊന്ന് ആലോചിക്കണം. അവയ്ക്ക് ഒരു കാലില്‍നിന്ന് മറ്റേ കാലിലേക്ക് ഭാരമൊന്നു മാറ്റാന്‍ പോലും പറ്റില്ല. മനുഷ്യനാണെങ്കില്‍ ഈയവസ്ഥയില്‍ അഞ്ച് മിനിറ്റ് നില്‍ക്കാനാവുമോ? അപ്പോള്‍ ഇത്രയും ഭാരമുള്ള ആനയെ ഇങ്ങനെ ഇരുകാലുകളും ചേര്‍ത്തുകെട്ടി നിര്‍ത്തുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. ഇതൊന്നും ആചാരമല്ല. മൂകാംബിക ശക്തിപീഠമാണ്. അവിടെ ആനയില്ല, രഥമേയുള്ളു. അമ്പല കമ്മിറ്റികളുടെ വാശിയാണ് ആന എഴുന്നള്ളിപ്പിന് പിന്നില്‍. ഉത്സവ കമ്മിറ്റി പ്രസിഡന്റാക്കിയാല്‍ ഏറ്റവും വലിയ ആനയെ കൊണ്ടുവരും എന്നാണ് പറയുന്നത്.''- കോടതി അഭിപ്രായപ്പെട്ടു.

ആനകളെ എഴുന്നള്ളിക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചുള്ള ചില നിര്‍ദേശങ്ങളും കോടതി മുന്നോട്ടു വെച്ചു. ഉത്സവങ്ങള്‍ക്കിടയില്‍ ആനകള്‍ക്ക് മതിയായ വിശ്രമം നല്‍കണം. ആനകളെ അണിനിരത്തുന്ന ക്ഷേത്രങ്ങളിലോ മറ്റ് ഇടങ്ങളിലോ മതിയായ ഇടം ഉണ്ടായിരിക്കണം. ആനകള്‍ക്കിടയില്‍ അകലം പാലിക്കുകയും ആള്‍ത്തിരക്ക് നിയന്ത്രിക്കുകയും വേണം. ആനകള്‍ക്ക് ആവശ്യമായ ഭക്ഷണം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞു

Tags:    

Similar News