തിരഞ്ഞെടുപ്പില്‍ ജയിക്കുമ്പോള്‍ ഈ പ്രമുഖ നേതാക്കളാരും ഇ വി എം മെഷീനുകളെ കുറ്റപ്പെടുത്താറില്ലല്ലോ; പേപ്പര്‍ ബാലറ്റ് സമ്പ്രദായം പുന: സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി

പേപ്പര്‍ ബാലറ്റ് സമ്പ്രദായം പുന: സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി

Update: 2024-11-26 13:43 GMT

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ പേപ്പര്‍ ബാലറ്റ് സമ്പ്രദായം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോള്‍ മാത്രം ഇ വി എമ്മിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നേതാക്കളുടെ പൊരുത്തക്കേട് ഉയര്‍ത്തിക്കാട്ടി ഇ വി എമ്മില്‍ കൃത്രിമം കാണിച്ചെന്ന ഹര്‍ജിക്കാരന്റെ വാദം കോടതി തള്ളുകയായിരുന്നു.

ഹര്‍ജിക്കാരനായ ഡോ. കെ. എ.പോളിന്റെ വാദങ്ങളില്‍ കഴമ്പില്ലെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, പി ബി വരാലെ എന്നിവര്‍ കണ്ടെത്തി. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ (ഇവിഎം)കൃത്രിമം കാണില്ല എന്നും തോല്‍ക്കുമ്പോള്‍ ഇവിഎമ്മില്‍ കൈകടത്തല്‍ ഉണ്ടെന്നും പറയുന്നതില്‍ എന്ത് ന്യായമാണുള്ളതെന്നും ജസ്റ്റിസ് വിക്രം നാഥ് ചോദിച്ചു.

ചന്ദ്രബാബു നായിഡു, ജഗന്‍ മോഹന്‍ റെഡ്ഡി തുടങ്ങി പല പ്രമുഖ നേതാക്കളും ഇ.വി.എം മെഷിനുകളെ കുറിച്ച് ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, തിരഞ്ഞെടുപ്പുകളില്‍ ജയിക്കുമ്പോള്‍ ഇവര്‍ ആരും ഇ.വി.എം മെഷീനുകളെ കുറ്റപ്പെടുത്താറില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.

ഇ.വി.എം മെഷീനുകള്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ഇപ്പോളും പേപ്പര്‍ ബാലറ്റാണ് ഉപയോഗിക്കുന്നതെന്നും ഇലോണ്‍ മസ്‌കിനെപ്പോലുള്ള പ്രമുഖ വ്യക്തികള്‍ പോലും ഇ.വി.എമ്മുകളിലെ കൃത്രിമത്വത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. 150-ഓളം രാജ്യങ്ങളില്‍ ഇപ്പോഴും വോട്ടെടുപ്പ് നടക്കുന്നത് ബാലറ്റ് പേപ്പറിലൂടെയാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. എന്നാല്‍, ഈ വാദം അംഗീകരിക്കാന്‍ ബെഞ്ച് തയ്യാറായില്ല. മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമാകുന്നതില്‍ എന്തിനാണ് എതിര്‍പ്പെന്നും സുപ്രീംകോടതി ആരാഞ്ഞു.

Tags:    

Similar News