മനോദൗര്‍ബല്യമുള്ള, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചികിത്സക്കിടയില്‍ പീഡിപ്പിച്ച കേസ്; ഫിസിയോതെറാപ്പിസ്റ്റിന് 44 വര്‍ഷം കഠിന തടവും 8.5 ലക്ഷം രൂപ പിഴയും; ശിക്ഷ വിധിച്ചത് തിരുവനന്തപുരം പോക്‌സോ കോടതി

പീഡനക്കേസില്‍ ഫിസിയോതെറാപ്പിസ്റ്റിന് 44 വര്‍ഷം കഠിന തടവ്

Update: 2024-11-30 12:21 GMT

തിരുവനന്തപുരം: മനോദൗര്‍ബല്യമുള്ള, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചികിത്സക്കിടയില്‍ ലൈംഗികമായി പീഡിപ്പിച്ച ഫിസിയോതെറാപ്പിസ്റ്റ് നെയ്യാറ്റിന്‍കര സ്വദേശി ഷിനോജിന് (36) 44 വര്‍ഷം കഠിന തടവും 8.5 ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി. ഷിബുവാണ് ശിക്ഷ വിധിച്ചത്.

2019 ല്‍ ആണ് കേസിന് ആസ്പദമായ സംഭവം. 74 ശതമാനം മനോദൗര്‍ബല്യമുള്ള കുട്ടിയെ പതിനാറു വയസ്സുള്ളപ്പോള്‍ രക്ഷകര്‍ത്താക്കള്‍ തിരുവനന്തപുരത്തെ ഒരു പ്രമുഖ ആശുപത്രിയില്‍ ഫിസിയോതെറാപ്പിക്കു കൊണ്ടുപോയിരുന്നു. പരസഹായമില്ലാതെ എഴുന്നേറ്റു നടക്കാന്‍ സാധിക്കാത്ത നിലയിലായിരുന്നു കുട്ടി. അന്ന് അവിടെ ജോലി ചെയ്തിരുന്ന ഷിനോജ് കുട്ടിയുടെ വീട്ടിലെത്തി ചികില്‍സിക്കാന്‍ തയാറാണെന്ന് അറിയിച്ചു. പിന്നീട് കുട്ടിയുടെ വീട്ടിലെത്തി ചികിത്സയെന്ന വ്യാജേന ലൈംഗിക പീഡനത്തിന് ഇരയാക്കി.

കുട്ടിയുടെ സ്വഭാവമാറ്റത്തില്‍ സംശയം തോന്നിയ രക്ഷകര്‍ത്താക്കള്‍ കൗണ്‍സിലിങ്ങിന് എത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്.

പരസഹായം ഇല്ലാതെ എഴുന്നേറ്റു നടക്കാന്‍ സാധിക്കാത്ത കുട്ടിയെ ആണ് പ്രതി ഇത്തരത്തില്‍ പീഡിപ്പിച്ചു വന്നിരുന്നത്. പിഴ തുക പ്രതി ഒടുക്കിയില്ലെങ്കില്‍ പ്രതി നാലു വര്‍ഷവും നാലു മാസവും കൂടി തടവ് ശിക്ഷ അനുഭവിക്കണം. പിഴ തുകയില്‍ നിന്നും എട്ടു ലക്ഷം രൂപ കുട്ടിക്ക് നല്‍കുന്നത് കൂടാതെ ലീഗല്‍ സര്‍വീസ് ആതോറിറ്റിയും കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചു.

ഡി ജി പി യുടെ നിര്‍ദേശാനുസരണം ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ആയ പി അനില്‍കുമാര്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയ കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ കെ അജിത്ത് പ്രസാദ് അഭിഭാഷക വി സി ബിന്ദു എന്നിവര്‍ ഹാജരായി.

Tags:    

Similar News