അനധികൃത സ്വത്ത് സമ്പാദനം: പി ശശിക്കും എം ആര്‍ അജിത് കുമാറിനും എതിരെ വിജിലന്‍സ് കേസെടുക്കണമെന്ന ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും; വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കേണ്ടതും നാളെ
പി ശശിക്കും എം ആര്‍ അജിത് കുമാറിനും എതിരെ വിജിലന്‍സ് കേസെടുക്കണമെന്ന ഹര്‍ജി ചൊവ്വാഴ്ച
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കും, എ ഡിജിപി എം. ആര്‍. അജിത് കുമാറിനുമെതിരെ വിജിലന്‍സ് കേസെടുക്കണമെന്ന ഹര്‍ജി ചൊവ്വാഴ്ച്ച തലസ്ഥാന വിജിലന്‍സ് കോടതി പരിഗണിക്കും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഡിസം 10 ന് ഹാജരാക്കാന്‍ വിജിലന്‍സ് ഡയറക്ടറോട് കോടതി ഒക്ടോബര്‍ 1 ന് ഉത്തരവിട്ടിരുന്നു
തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ കോടതി ജഡ്ജി എം.വി. രാജകുമാരയുടേതാണ് ഉത്തരവ്. വാദിയായ അഡ്വ. പി. നാഗരാജിന്റെ പരാതിയില്‍ 29 ന് സര്‍ക്കാര്‍ അന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചതായി സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. അതേ സമയം നാഗരാജ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി. ഡിസംബര്‍ 10 ന് സമര്‍പ്പിക്കുന്ന വിജിലന്‍സ് റിപ്പോര്‍ട്ട് നെഗറ്റീവ് ആണെങ്കില്‍ ഹര്‍ജിക്കാരന് കോടതി മുഖേന പരിഹാരം തേടാമല്ലോയെന്ന് കോടതി സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു.
അതിനിടെ എഡിജിപി 2016 ഫെബ്രുവരി 19 ന് 33.15 ലക്ഷം രൂപയ്ക്ക് കവഡിയാര്‍ വാങ്ങിയ കോര്‍ഡിയല്‍ ഫ്‌ലാറ്റ്, ഫെബ്രുവരി 29 ന് 65 ലക്ഷം രൂപക്ക് വിറ്റതിന്റെയും വിലയാധാരങ്ങളുടെ അടയാള സഹിതം പകര്‍പ്പുകള്‍ അടക്കമുള്ള തെളിവു രേഖകള്‍ നാഗരാജ് ഹാജരാക്കി. നികുതി , സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പ് നടന്നതായും ബോധിപ്പിച്ചു. ഗവ.സര്‍വന്റ്‌സ് കോഡ് ഓഫ് കോണ്‍ടക്റ്റ് ചട്ടം (ഭേദഗതി) 2010 ലെ 24, 26 എന്നീ ചട്ടങ്ങള്‍ പ്രകാരം 25,000 രൂപക്ക് മുകളിലുള്ള എല്ലാ വാങ്ങലുകള്‍ക്കും വില്‍പ്പനകള്‍ക്കും പൊതുസേവകന്‍ മുന്‍കൂര്‍ സര്‍ക്കാര്‍ അനുമതി വാങ്ങണണമെന്ന നിയമം കാറ്റില്‍ പറത്തിയാണ് പ്രതികള്‍ അവിഹിത സ്വത്ത് സമ്പാദിച്ചതെന്നും ബോധിപ്പിച്ചു.
സര്‍ക്കാര്‍ നിലപാട് ഒക്ടോബര്‍ 1 ന് അറിയിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. അഡ്വ. നെയ്യാറ്റിന്‍കര. പി. നാഗരാജ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുത്തരവ്. സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ക്ക് നാഗരാജ് നല്‍കിയ പരാതിയില്‍ എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ ഒക്ടോബര്‍ 1ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജഡ്ജി എം.വി. രാജകുമാര ഉത്തരവിട്ടു. സ്വര്‍ണ്ണക്കടത്ത് മാഫിയാ ബന്ധം, പ്രോസിക്യൂഷന്‍ നടപടികള്‍ ഒഴിവാക്കാന്‍ പ്രതികളില്‍ നിന്ന് കോഴ കൈപ്പറ്റല്‍, അനധികൃത സ്വത്ത് സമ്പാദനം, ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തല്‍, സോളാര്‍ കേസ് അട്ടിമറിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളിലൂടെ അഴിമതി നടത്തിയതിന് ശശിക്കും അജിത് കുമാറിനുമെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
സര്‍ക്കാര്‍ പി.ശശിയെ അന്വേഷണ പരിധിയില്‍ നിന്ന് ഒഴിവാക്കി അജിത് കുമാറിനും മലപ്പുറം എസ്. പി.സുജിത് ദാസിനും എതിരെ മാത്രമാണ് നാമമാത്രമായി അന്വേഷണം പ്രഖ്യാപിച്ചത്. വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്തക്ക് പരാതി നല്‍കിയിട്ടും പ്രതികളുടെ ഉന്നതങ്ങളിലുള്ള സ്വാധീനത്താല്‍ നാളിതുവരെ യാതൊരു നിയമ നടപടികളും കൈക്കൊള്ളാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്ന് ഹര്‍ജിക്കാരനായ അഡ്വ പി നാഗരാജ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.