സംസ്ഥാനത്ത് ചാവേറാക്രമണത്തിന് പദ്ധതിയിട്ടെന്ന കേസ്; പ്രതി റിയാസ് അബൂബക്കറിന്റെ ശിക്ഷ 8 വര്‍ഷമായി കുറച്ചു; കുറച്ചു ദയ കാണിക്കുന്നു എന്നും പ്രതിക്ക് കുറ്റകൃത്യത്തില്‍നിന്ന് മാറി നടക്കാനുള്ള അവസരമുണ്ടെന്നും ഹൈക്കോടതി
റിയാസ് അബൂബക്കറിന്റെ ശിക്ഷ 8 വര്‍ഷമായി കുറച്ചു
കൊച്ചി: കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസില്‍ പ്രതി റിയാസ് അബൂബക്കറിന് വിധിച്ച പത്ത് വര്‍ഷം കഠിന തടവ്, ഹൈക്കോടതി എട്ടു വര്‍ഷമായി കുറച്ചു. എന്‍.ഐ.എ. കോടതിയാണ് റിയാസിനെ കുറ്റക്കാരനായി കണ്ടെത്തിയത്. വിചാരണക്കോടതി വിധിച്ച പത്തു വര്‍ഷത്തെ ശിക്ഷയാണ് വിവിധ കാരണങ്ങള്‍ കണക്കിലെടുത്ത് ജസ്റ്റിസുമാരായ വി.രാജാ വിജയരാഘവന്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരുടെ ബെഞ്ച് രണ്ടു വര്‍ഷം കുറച്ചത്. അതേസമയം, പ്രതിയെ വിചാരണക്കോടതി ശിക്ഷിച്ചത് ഹൈക്കോടതി പൂര്‍ണമായി ശരിവയ്ക്കുകയും ചെയ്തു.
ഈ വര്‍ഷം ഫെബ്രുവരിയിലാണ് റിയാസ് അബൂബക്കറിന് യുഎപിഎ വകുപ്പ് 38, 39 പ്രകാരം കൊച്ചി എന്‍ഐഎ കോടതി 10 വര്‍ഷം തടവുശിക്ഷ വിധിച്ചത്. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ റിയാസിനെതിരെ ചുമത്തിയ യുഎപിഎ പ്രകാരമുള്ളതുള്‍പ്പെടെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്ന വിചാരണ കോടതി കണ്ടെത്തല്‍ ഹൈക്കോടതിയും ശരിവച്ചു.
കാസര്‍കോട് ഐ.എസ്. കേസിന്റെ തുടര്‍ച്ചയായി നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ റിയാസ് അബൂബക്കര്‍ എന്‍.ഐ.എ.യുടെ പിടിയിലായത്. തുടര്‍ന്ന് റിയാസ് അബൂബക്കറിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ മുഖ്യപ്രതി റിയാസ് ഉള്‍പ്പെടെ മൂന്നുപ്രതികളാണുണ്ടായിരുന്നത്. ഇവരില്‍ രണ്ടുപേര്‍ പിന്നീട് മാപ്പുസാക്ഷികളായി. അറസ്റ്റിലായ റിയാസ് അബൂബക്കര്‍ അഞ്ചുവര്‍ഷത്തിലേറെയായി ജയിലിലാണ്.
യുഎപിഎ നിയമത്തിലെ വകുപ്പ് 38 അനുസരിച്ച് നിരോധിത ഭീകരസംഘടനയില്‍ അംഗമാകുന്നത് കുറ്റകരമാണ്. അതുപോലെ വകുപ്പ് 39 അനുസരിച്ച് അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതും പണം ഉള്‍പ്പെടെയുള്ളവ അതിനായി സമാഹരിക്കുന്നതും കുറ്റകരമാണ്. റിയാസ് അബൂബക്കറിന്റെ കാര്യത്തില്‍ ഈ രണ്ടു കുറ്റങ്ങളും നിലനില്‍ക്കുമെന്ന വിചാരണ കോടതിയുടെ ഉത്തരവില്‍ ഇടപെടേണ്ടതുണ്ടെന്ന് കരുതുന്നില്ലെന്ന് കോടതി വിധിന്യായത്തില്‍ പറയുന്നു. അതുപോലെ ക്രിമിനല്‍ ഗൂഢാലോചനയും പ്രതിക്കെതിരെ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.
റിയാസ് അബൂബക്കര്‍ കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായാണ് എന്‍.ഐ.എ.യുടെ കണ്ടെത്തല്‍. ഇതിന്റെ നിരവധി തെളിവുകളും പ്രതിയില്‍ നിന്ന് എന്‍.ഐ.എ. കണ്ടെടുത്തിരുന്നു. ചില വോയിസ് ക്ലിപ്പുകളടക്കമുള്ള തെളിവുകളാണ് അന്വേഷണസംഘത്തിന് കിട്ടിയത്. സ്വയം ചാവേറായി ആക്രമണം നടത്താന്‍ ഒരുങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായതെന്നും എന്‍.ഐ.എ. സംഘം പറഞ്ഞിരുന്നു.
കുറ്റം ചെയ്യുമ്പോള്‍ പ്രതിക്ക് 29 വയസ്സാണ് ഉണ്ടായിരുന്നത്. കേസിലെ രണ്ടാം പ്രതിക്ക് 7 വര്‍ഷം കഠിന തടവും 16ാം പ്രതി കുറ്റക്കാരനെന്ന് സമ്മതിച്ചതിനാല്‍ 5 വര്‍ഷം തടവുമാണ് ശിക്ഷ നല്‍കിയത്. സമാനമായ കുറ്റകൃത്യം തന്നെയാണ് റിയാസ് അബൂബക്കറും ചെയ്തിരിക്കുന്നത്. പ്രതി മറ്റു കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ല. പ്രതി ഇന്ത്യന്‍ പൗരനാണ്, ശിക്ഷ കര്‍ശനമായിരിക്കുമ്പോഴും കുറച്ചു ദയ കാണിക്കുന്നു. പ്രതിക്ക് കുറ്റകൃത്യത്തില്‍നിന്ന് മാറി നടക്കാനുള്ള അവസരമുണ്ട്, ഈ ശിക്ഷാവിധി മറ്റുള്ളവര്‍ക്കും അതിനുള്ള അവസരം നല്‍കുന്നതാകണം എന്നു വ്യക്തമാക്കിയാണ് ഹൈക്കോടതി വിധി.
2016ല്‍ കാസര്‍കോട്ടുനിന്നു ഭീകരസംഘടനയായ ഐഎസില്‍ ചേരാന്‍ 14 പേര്‍ പോയെന്ന കേസിലെ അന്വേഷണത്തിനിടയിലാണ് റിയാസ് അബൂബക്കറിലേക്ക് എന്‍ഐഎയുടെ അന്വേഷണം എത്തുന്നത്. കാസര്‍കോടുനിന്ന് കാണാതായ ഐഎസ് നേതാവായ അബ്ദുള്‍ റാഷിദ് അബ്ദുല്ലയുമായി റിയാസ് സമൂഹമാധ്യമങ്ങളിലൂടെ ബന്ധപ്പെട്ടിരുന്നു എന്നാണ് എന്‍ഐഎ കണ്ടെത്തിയത്.