പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയെന്നും തെളിവുകള്‍ ശേഖരിക്കാന്‍ പണം ചെലവാക്കിയെന്നും ഉള്ള വെളിപ്പെടുത്തല്‍; പി വി അന്‍വറിന് എതിരെ കേസെടുക്കാത്തത് എന്തെന്ന് ഹൈക്കോടതി; സിബിഐക്ക് നോട്ടീസ് അയച്ചു

പി വി അന്‍വറിന് എതിരെ കേസെടുക്കാത്തത് എന്തെന്ന് ഹൈക്കോടതി

Update: 2024-12-13 13:41 GMT

കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എ ഫോണ്‍ ചോര്‍ത്തിയെന്ന് വെളിപ്പെടുത്തിയിട്ടും കേസെടുക്കാഞ്ഞതെന്തെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി സി.ബി.ഐക്ക് നോട്ടീസയച്ചു.

കൊല്ലം സ്വദേശിയും പ്ലാന്ററും വ്യവസായിയുമായ മുരുഗേഷ് നരേന്ദ്രന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് സി.ബി.ഐ അടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസയച്ചത്. കേസ് ജനുവരി 16ന് വീണ്ടും പരിഗണിക്കും.

മലപ്പുറം ഗസ്റ്റ് ഹൗസില്‍ സെപ്തംബര്‍ 1ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പി.വി അന്‍വര്‍ എം.എല്‍.എ പല പോലീസ് ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പര്‍ ചോര്‍ത്തിയിട്ടുണ്ടെന്നും തെളിവുകള്‍ ശേഖരിക്കാനായി കുറെ പണം ചെലവാക്കിയെന്നും വെളിപ്പെടുത്തിയിരുന്നു.

നിയമവിരുദ്ധമായി ഫോണ്‍ ചോര്‍ത്തിയതിന് പി.വി അന്‍വറിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുരുഗേഷ് നരേന്ദ്രന്‍ സെപ്തംബര്‍ 11ന് മലപ്പുറം ജില്ലാ പോലീസ് ചീഫ്, ഡി.ജി.പി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. കേസെടുക്കാത്തതിനെ തുടര്‍ന്ന് ഒക്ടോബര്‍ അഞ്ചിന് സി.ബി.ഐ അടക്കമുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ടും ചീഫ് സെക്രട്ടറി, ഡി.ജി.പി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കി.

ഇതിലും നടപടിയില്ലാതായതോടെയാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. പരാതിക്കാരനുവേണ്ടി അഡ്വ. പീയൂസ് എ കൊറ്റം ഹാജരായി. എതിര്‍കക്ഷികളായ കേന്ദ്ര ആഭ്യന്തര സെക്രട്ടറി, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

Tags:    

Similar News