ഇലക്രോണിക് രേഖകളുടെ പൊതുപരിശോധന തടയാനുളള തിരഞ്ഞെടുപ്പ് ചട്ട ഭേദഗതി സുതാര്യത ഇല്ലാതാക്കും; സുപ്രീം കോടതിയെ സമീപിച്ച് കോണ്‍ഗ്രസ്; സുപ്രധാന നിയമം ഏകപക്ഷീയമായി ഇത്ര നാണംകെട്ട രീതിയില്‍ ഭേദഗതി ചെയ്യാന്‍ അനുവദിക്കാനാവില്ലെന്ന് ജയറാം രമേശ്
തിരഞ്ഞെടുപ്പ് ചട്ട ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഇലക്ട്രോണിക് രേഖകളുടെ പൊതുപരിശോധന തടയാന്‍ തിരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. കേന്ദ്ര നിയമ മന്ത്രാലയം വെള്ളിയാഴ്ചയാണ്, 1961-ലെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ 93(2)(എ) ചട്ടം ഭേദഗതി ചെയ്തത്.
ഭേദഗതി ചെയ്യുന്നതിന് മുമ്പുള്ള ചട്ടമനുസരിച്ച് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൊതുജനങ്ങള്‍ക്ക് പരിശോധിക്കാന്‍ കഴിയുമായിരുന്നു. ഭേദഗതി അനുസരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിക്കുന്ന രേഖകള്‍ മാത്രമേ ഇനി പൊതുജനങ്ങള്‍ക്ക് പരിശോധിക്കാന്‍ അനുമതിയുണ്ടാകുകയുള്ളൂ.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാര്‍ശ പ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ ചട്ടം ഭേദഗതി ചെയ്തിരിക്കുന്നത്. ഒരു കോടതി കേസാണ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് നിയമ മന്ത്രാലയവും തിരഞ്ഞെടുപ്പ് കമ്മിഷനും വ്യക്തമാക്കുന്നു. രേഖകളുടെ ദുരുപയോഗം തടയാന്‍ ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് വിശദീകരണം. എന്നാല്‍ തിരഞ്ഞെടുപ്പിന്റെ സുതാര്യത ഇല്ലാതാക്കുമെന്നാണ് പ്രതിപക്ഷ ആക്ഷേപം.
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രത പുനഃസ്ഥാപിക്കാന്‍ സുപ്രീംകോടതിക്ക് സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഹര്‍ജി നല്‍കിയ എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. പുതിയ ഭേദഗതി അനുസരിച്ച് നാമനിര്‍ദേശ പത്രികകള്‍, പോള്‍ ഏജന്റുമാരുടെ നിയമനങ്ങള്‍, ഫലങ്ങള്‍, ചട്ടങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്ന തെരഞ്ഞെടുപ്പ് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്‍ തുടങ്ങിയ രേഖകള്‍ മാത്രമാണ് പൊതുജനങ്ങള്‍ക്ക് ലഭ്യമാകുക.
സിസിടിവി ദൃശ്യങ്ങള്‍, വെബ്കാസ്റ്റിംഗ് ദൃശ്യങ്ങള്‍, മാതൃകാ പെരുമാറ്റച്ചട്ട കാലയളവില്‍ സ്ഥാനാര്‍ഥികളുടെ വിഡിയോ റെക്കോര്‍ഡിംഗ് തുടങ്ങിയ ഇലക്ട്രോണിക് രേഖകള്‍ സ്ഥാനാര്‍ഥികള്‍ക്ക് മാത്രമേ ലഭ്യമാവുകയുള്ളൂ. പോളിങ് ബൂത്തിനകത്ത് സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ കിട്ടില്ല. വോട്ടര്‍മാരുടെ സ്വകാര്യത ഹനിക്കപ്പെടും എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇത് സംബന്ധിച്ച് വിശദീകരണം നല്‍കുന്നത്. അതേസമയം ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയെല്ലാം സ്ഥാനാര്‍ത്ഥികള്‍ക്ക് തുടര്‍ന്നും ലഭിക്കും. മറ്റുള്ളവര്‍ക്ക് ഇവ വേണമെന്നുണ്ടെങ്കില്‍ കോടതിയെ സമീപിക്കണം.
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രത അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് ജയറാം രമേശ് പറഞ്ഞു. അത് പുനഃസ്ഥാപിക്കാന്‍ സുപ്രിംകോടതി സഹായിക്കുമെന്നാണ് പ്രതീക്ഷ. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താന്‍ ചുമതലപ്പെട്ട ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷനെ ഏകപക്ഷീയമായും പൊതുജനാഭിപ്രായമില്ലാതെയും സുപ്രധാന നിയമം ഇത്ര നാണംകെട്ട രീതിയില്‍ ഭേദഗതി ചെയ്യാന്‍ അനുവദിക്കാനാവില്ലെന്ന് ജയറാം രമേശ് വ്യക്തമാക്കി.