അനധികൃത സ്വത്ത് സമ്പാദന കേസില്‍ ടോമിന്‍ തച്ചങ്കരി വിജിലന്‍സ് അന്വേഷണം നേരിടണം; പ്രതിക്കനുകൂലമായി സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതിലും ആശങ്ക; മുന്‍ ഡിജിപിക്ക് തിരിച്ചടിയായി ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ടോമിന്‍ തച്ചങ്കരി വിജിലന്‍സ് അന്വേഷണം നേരിടണം
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഡിജിപി റാങ്കില്‍ നിന്ന് വിരമിച്ച ടോമിന്‍ തച്ചങ്കരി വിജിലന്‍സ് അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി. 2007ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹൈക്കോടതിയുടെ നിര്‍ണ്ണായക ഉത്തരവ്. നടപടികള്‍ വൈകിപ്പിക്കാന്‍ മുന്‍ ഉന്നത ഉദ്യോഗസ്ഥന്‍ പല മാര്‍ഗ്ഗങ്ങളും സ്വീകരിച്ചതായി കോടതി നിരീക്ഷിച്ചു.
പ്രതിക്കനുകൂലമായി സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതിലും കോടതി ആശങ്ക രേഖപ്പെടുത്തി. തച്ചങ്കരിയുടെ അപേക്ഷയില്‍ 2021ല്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ട തുടര്‍ അന്വേഷണം ഹൈക്കേടതി റദാക്കി. എന്നാല്‍, സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം നടത്തിയ തുടര്‍ അന്വേഷണത്തില്‍ പുതിയ കണ്ടെത്തല്‍ ഉണ്ടെങ്കില്‍ അക്കാര്യം വിചാരണ കോടതിക്ക് പരിഗണിക്കാമെന്നും ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.
2002ല്‍ സമര്‍പ്പിക്കപ്പെട്ട പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടത്തി 2013ല്‍ തച്ചങ്കരിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വിചാരണ നടപടികള്‍ വൈകുന്നതിനിടെയാണ് 2021ല്‍ സര്‍ക്കാര്‍ തച്ചങ്കരിയുടെ അപേക്ഷയില്‍ തുടരന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. എന്നാല്‍, ഈ ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച കോടതി, പ്രതിയുടെ അപേക്ഷയില്‍ തുടര്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി.
ആറ് മാസത്തിനകം കേസ് തീര്‍പ്പാക്കാന്‍ വിചാരണ കോടതിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ തിരിച്ചടിയായിരിക്കുകയാണ്.