വിമാനത്തില്‍ കയറി സീറ്റില്‍ ഇരുന്ന ശേഷം സാങ്കേതിക കാരണം പറഞ്ഞ് യാത്ര വിലക്കി; പകരം അന്നത്തെ മറ്റൊരു വിമാനത്തില്‍ തുടര്‍യാത്രയ്ക്ക് സൗകര്യം ഒരുക്കിയില്ല; ഇന്‍ഡിഗോക്ക് 1.22 ലക്ഷം രൂപ പിഴ ചുമത്തി ഉപഭോക്തൃ കോടതി

ഇന്‍ഡിഗോ എയര്‍ലൈന്‍സ് 1.22 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

Update: 2025-10-29 11:35 GMT

കൊച്ചി: വിമാനത്തില്‍ കയറിയ യാത്രക്കാരനെ ഇറക്കിവിട്ട സംഭവത്തില്‍, ഇന്‍ഡിഗോ എയര്‍ലൈന്‍സ് 1.22 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ഐ.ആര്‍.എസ്. (IRS) ഉദ്യോഗസ്ഥനായ എറണാകുളം നെട്ടൂര്‍ സ്വദേശി ടി.പി. സലിം കുമാര്‍, ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരെ നല്‍കിയ പരാതിയിലാണ് ഉത്തരവ്.

2019 ഡിസംബര്‍ 14-ന് മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്ത പരാതിക്കാരനെ, വിമാനത്തില്‍ കയറി സീറ്റില്‍ ഇരുന്ന ശേഷം 'ഓപ്പറേഷണല്‍/ടെക്‌നിക്കല്‍ ഇഷ്യു' എന്ന കാരണം പറഞ്ഞ് യാത്ര വിലക്കുകയായിരുന്നു. അന്നേ ദിവസം തന്നെയുള്ള മറ്റൊരു വിമാനത്തില്‍ യാത്ര അനുവദിക്കാമെന്നും ടിക്കറ്റ് തുക പൂര്‍ണ്ണമായി തിരികെ നല്‍കുമെന്നും, വിശ്രമത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും എയര്‍ലൈന്‍സ് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ അന്നത്തെ വിമാനത്തില്‍ സ്ഥലം നല്‍കാതെ അടുത്ത ദിവസം പുറപ്പെട്ട വിമാനത്തിലാണ് തുടര്‍ യാത്ര അനുവദിച്ചത്.

പരാതിക്കാരന് താമസ സൗകര്യം (Accommodation) നിഷേധിച്ച എയര്‍ലൈന്‍സ്, പകരം എയര്‍പോര്‍ട്ട് ലോഞ്ചിലേക്ക് സൗജന്യമായി പ്രവേശനം വാഗ്ദാനം ചെയ്തു. എന്നാല്‍, ബോര്‍ഡിംഗ് സമയത്ത് ലോഞ്ചില്‍ കഴിച്ച ആഹാരത്തിനും മറ്റുമായി 2,150 / രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയും, പണം നല്‍കുന്നത് വരെ വിമാനത്തില്‍ പ്രവേശിക്കുന്നത് തടയുകയും, ഷട്ടില്‍ ബസില്‍ നിന്ന് തിരിച്ചിറക്കുകയും ചെയ്തതിലൂടെ പൊതുമധ്യത്തില്‍ അപമാനിക്കപ്പെടുകയും ചെയ്തതായി പരാതിക്കാരന്‍ കോടതിയെ അറിയിച്ചു.

സാങ്കേതിക കാരണങ്ങളാലാണ് യാത്രക്കാരനെ തിരിച്ച് ഇറക്കേണ്ടി വന്നതാണെന്നും, വ്യോമയാന ചട്ടങ്ങള്‍ എല്ലാം പാലിച്ചു എന്നും കോടതിയെ അറിയിച്ചു. കൂടാതെ, 10,000 രൂപ യാത്രാ വൗച്ചറായും പിന്നീട് 10,000 രൂപ എക്‌സ് ഗ്രേഷ്യയായും നല്‍കിയെങ്കിലും പരാതിക്കാരന്‍ നിരസിച്ചു എന്നും ഇന്‍ഡിഗോ ബോധിപ്പിച്ചു.

വിമാനത്തില്‍ കയറിയ ശേഷം യാത്രക്കാരനെ ഇറക്കിവിടുന്നത് സേവനത്തിലെ ന്യൂനതയാണ്. കൂടാതെ യാത്ര നിരസിച്ചപ്പോള്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാതെ വന്നത് എയര്‍ലൈന്‍സിന്റെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചയാണ്. ലോഞ്ചില്‍ ചെലവാകുന്ന പണം പൂര്‍ണ്ണമായും എയര്‍ലൈന്‍സ് വഹിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടും, പിന്നീട് ബോര്‍ഡിംഗ് സമയത്ത് പണം അടയ്ക്കാന്‍ നിര്‍ബന്ധിച്ച് പരസ്യമായി അപമാനിച്ച നടപടി വഞ്ചനയും അധാര്‍മ്മികമായ വ്യാപാര രീതിയുമാണെന്ന് കോടതി വിലയിരുത്തി.

വ്യോമയാന മന്ത്രാലയത്തിന്റെ ചട്ടങ്ങള്‍, ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം നഷ്ടപരിഹാരം നേടുന്നതിന് തടസമാകില്ല എന്ന് ഇന്‍ഡിഗോയുടെ നിലപാട് തള്ളികൊണ്ട് കോടതി കോടതി വ്യക്തമാക്കി. ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ലഭിക്കാവുന്ന നഷ്ടപരിഹാരത്തിനുള്ള അവകാശം ഈ ചട്ടങ്ങള്‍ക്ക് ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് ഡി.ബി ബിനു അധ്യക്ഷനും, വി.രാമചന്ദ്രന്‍ ടി.എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

ലോഞ്ച് ആക്‌സസ് ഇനത്തില്‍ അധികമായി ഈടാക്കിയ 2,150/ രൂപയും,യാത്ര നിരസിച്ച തീയതിയില്‍ ബുക്ക് ചെയ്ത സിനിമാ ടിക്കറ്റ് തുകയായ 626/ രൂപയും 9% പലിശയോടെ തിരികെ നല്‍കണം. കൂടാതെ, മാനസിക പ്രയാസത്തിനും ധന നഷ്ടത്തിനും കോടതി ചെലവിനത്തിലും 1,20,000/ രൂപ നഷ്ടപരിഹാരവും 45 ദിവസത്തിനകം പരാതിക്കാരന് നല്‍കാന്‍ എതിര്‍കക്ഷിക്ക് കോടതി ഉത്തരവ് നല്‍കി. പരാതിക്കാരന് വേണ്ടി അഡ്വ: ടി. സഞ്ജയ് കോടതിയില്‍ ഹാജരായി.

Tags:    

Similar News