ഭക്തരുടെ സൗകര്യം നോക്കി പൂജാസമയം മാറ്റേണ്ടതില്ല; ഗുരുവായൂരിലെ ഉദയാസ്തമയ പൂജ വൃശ്ചിക മാസത്തിലെ ഏകാദശി ദിവസം നടത്തണമെന്ന് സുപ്രീംകോടതി

ഗുരുവായൂരിലെ ഉദയാസ്തമയ പൂജ വൃശ്ചിക മാസത്തിലെ ഏകാദശി ദിവസം നടത്തണമെന്ന് സുപ്രീംകോടതി

Update: 2025-10-30 10:04 GMT

ന്യൂഡല്‍ഹി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉദയാസ്തമയ പൂജ വൃശ്ചിക മാസത്തിലെ ഏകാദശി ദിവസം തന്നെ നടത്തണമെന്ന് സുപ്രീം കോടതി വിധി. ഭക്തരുടെ സൗകര്യാര്‍ത്ഥം പൂജയുടെ തീയതി മാറ്റാന്‍ ദേവസ്വം ബോര്‍ഡ് തന്ത്രിയുടെ അനുമതിയോടെ എടുത്ത തീരുമാനം കോടതി റദ്ദാക്കുകയായിരുന്നു. ക്ഷേത്ര പ്രതിഷ്ഠയുടെ ചൈതന്യം വര്‍ദ്ധിപ്പിക്കുക എന്നതാണ് തന്ത്രിയുടെ പ്രധാന ഉത്തരവാദിത്തമെന്നും, ഭക്തരുടെ സൗകര്യം മാത്രം നോക്കി പൂജാസമയം മാറ്റേണ്ടതില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

തുലാമാസത്തിലെ ഏകാദശിയായ നവംബര്‍ രണ്ടിന് ഉദയാസ്തമയ പൂജ നടത്താനാണ് ദേവസ്വം ബോര്‍ഡ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, വൃശ്ചിക മാസത്തില്‍ ക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക് വര്‍ധിക്കുമെന്ന കാരണത്താല്‍ പൂജ തുലാമാസത്തിലേക്ക് മാറ്റുകയായിരുന്നു. ദേവസ്വം ബോര്‍ഡിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് തന്ത്രി ദേവഹിതം നോക്കി പൂജ മാറ്റാന്‍ അനുമതി നല്‍കിയിരുന്നുവെന്നും ഇതിനായുള്ള നടപടികള്‍ പൂര്‍ത്തിയായതായും ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു.

എന്നിരുന്നാലും, ഈ വിഷയത്തില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ ദേവസ്വം ബോര്‍ഡിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. വൃശ്ചിക ഏകാദശി ദിനമായ ഡിസംബര്‍ ഒന്നിന് പൂജ നടത്തണമെന്നാണ് കോടതിയുടെ അന്തിമ വിധി. തന്ത്രിക്ക് അനുയോജ്യമെന്ന് തോന്നിയാല്‍ ഈ ദിവസവും ഉദയാസ്തമയ പൂജ നടത്താമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News