ബലാത്സംഗക്കേസില്‍ അതിജീവിതയുടെ വാദം കേള്‍ക്കാതെ പ്രതികള്‍ക്ക് കോടതികള്‍ മുന്‍കൂര്‍ജാമ്യം നല്‍കരുതെന്ന് സുപ്രീംകോടതിയും; കാക്കൂരിലെ സുരേഷ് ബാബുവിന് ഇനി അകത്തു കിടക്കേണ്ടി വരും; അതിനിര്‍ണ്ണായക നിരീക്ഷണങ്ങളുമായി മേല്‍കോടതി
ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ അതിജീവിതയുടെ വാദം കേള്‍ക്കാതെ പ്രതികള്‍ക്ക് കോടതികള്‍ മുന്‍കൂര്‍ജാമ്യം നല്‍കരുതെന്ന സുപ്രീംകോടതി ഉത്തരവ് അതിനിര്‍ണ്ണായകമാകും. കോഴിക്കോട് കാക്കൂര്‍ സ്വദേശിനിയെ ബലാത്സംഗംചെയ്ത കേസിലെ പ്രതി സുരേഷ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ശരിവച്ചാണ് ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രന്‍, എന്‍ വി അഞ്ജാരിയ എന്നിവരുടെ വിധി. മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ അതിജീവിതയ്ക്ക് നോട്ടീസയക്കാനോ അവരുടെ വാദം കേള്‍ക്കാനോ വിചാരണക്കോടതി തയ്യാറായില്ലെന്ന ഹൈക്കോടതിയുടെ കണ്ടെത്തല്‍ സുപ്രീംകോടതി ശരിവച്ചു. വിധിയില്‍ ഇടപെടാന്‍ കാരണമില്ലെന്ന് വ്യക്തമാക്കി അപ്പീല്‍ തള്ളി.
അതിജീവിതയുടെ വാദം കേട്ടശേഷംമാത്രമേ മുന്‍കൂര്‍ജാമ്യം നല്‍കാവുവെന്ന വ്യവസ്ഥയില്ലെന്നും സാമ്പത്തിക ഇടപാടിലെ തര്‍ക്കമാണ് പരാതിക്ക് പിന്നിലെന്നും പ്രതി വാദിച്ചെങ്കിലും കോടതി മുഖവിലയ്ക്കെടുത്തില്ല. വിവാഹ വാഗ്ദാനം നല്‍കി 2017 മുതല്‍ പീഡിപ്പിച്ചെന്നും സ്വര്‍ണമടക്കം തട്ടിയെടുത്തെന്നുമുള്ള പരാതിയിലാണ് കാക്കൂര്‍ പൊലീസ് കേസെടുത്തത്. ബലാത്സംഗം, എസ്സിഎസ്ടി വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തുടങ്ങി കേസുകളിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ അതിജീവിതയുടെ വാദം കേള്‍ക്കണമെന്ന് കഴിഞ്ഞ ഡിസംബറിലും മറ്റൊരു കേസില്‍ ജസ്റ്റിസ് ബേല എം ത്രിവേദിയുടെ ബെഞ്ച് ഉത്തരവിട്ടിരുന്നു.
കാക്കൂര്‍ കേസില്‍, പ്രതിക്ക് വേണ്ടി അഭിഭാഷകന്‍ ശ്രീറാം പറക്കാട് സുപ്രീം കോടതിയില്‍ ഹാജരായി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ സി.കെ. ശശി, അഭിഭാഷക മീന കെ. പൗലോസ് എന്നിവരും, അതിജീവിതയ്ക്ക് വേണ്ടി സീനിയര്‍ അഭിഭാഷക അനിത ഷേണായിയും ഹാജരായി.