നവീന്‍ ബാബുവിന്റേത് കൊലപാതകമല്ല, തൂങ്ങിമരണം; ശരീരത്തില്‍ മറ്റുമുറിപ്പാടുകളില്ല; അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന മഞ്ജുഷയുടെ വാദം അവാസ്തവം; യാത്രയയപ്പ് യോഗത്തില്‍ പി പി ദിവ്യ ക്ഷണിക്കാതെ നുഴഞ്ഞുകയറിയത് നവീനെ തേജോവധം ചെയ്യാന്‍; ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം
നവീന്‍ ബാബുവിന്റേത് കൊലപാതകമല്ല, ആത്മഹത്യയെന്ന് സര്‍ക്കാര്‍
കണ്ണൂര്‍ : എഡിഎം നവീന്‍ ബാബുവിന്റേത് കൊലപാതകമല്ല, ആത്മഹത്യയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നവീന്‍ ബാബു ജീവനൊടുക്കിയതെന്നും ദിവ്യ തന്റെ മേല്‍ ഉദ്യോഗസ്ഥരുടെ മുമ്പില്‍ വെച്ച് അധിക്ഷേപിച്ചതിലുള്ള മാനസിക വിഷമത്തിലാണ് തൂങ്ങിമരിച്ചതെന്നുമാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്.
നവീനെ അപമാനിക്കാന്‍ ബോധപൂര്‍വമായി ദിവ്യ ശ്രമം നടത്തി. ക്ഷണിക്കാതെയാണ് ദിവ്യ യാത്രയയപ്പ് യോഗത്തിലേക്ക് നുഴഞ്ഞു കയറിയത്. സഹപ്രവര്‍ത്തകരുടെ മുന്നില്‍വെച്ച് ഗുരുതരമായ അഴിമതി ആരോപണം ഉന്നയിച്ചു. ഇത് മനോവിഷമമുണ്ടാക്കി. മരണത്തില്‍ അന്വേഷണം ശരിയായ ദിശയിലാണ്. കേസില്‍ എല്ലാ തെളിവുകളും ശേഖരിച്ചുവെന്നും പഴുതില്ലാത്ത അന്വേഷണമാണ് നടത്തുന്നതെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
നവീന്‍ ബാബുവിനെ തേജോവധം ചെയ്യുക എന്ന ദുരുദ്ദേശത്തോടെയാണ് പി പി ദിവ്യ യോഗത്തിന് എത്തിയതെന്നാണ് പോലീസ് കണ്ടെത്തല്‍. റവന്യൂ ഉദ്യോഗസ്ഥരുടെ മുന്‍പില്‍ വച്ചാണ് ഇന്‍വെസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. എടിഎമ്മിന്റെയും പെട്രോള്‍ ബങ്കിന്റെയും അപേക്ഷ, ഡാറ്റ റിക്കോര്‍ഡുകള്‍ പരിശോധിച്ചു. നവീന്‍ ബാബുവിന്റെയും പെട്രോള്‍ പമ്പിനായി അപേക്ഷ നല്‍കിയ പ്രശാന്തന്റെയും സിഡിആര്‍ പരിശോധിച്ചു.
അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന ഹര്‍ജിക്കാരിയായ നവീന്‍ ബാബുവിന്റെ ഭാര്യയുടെ വാദം അവാസ്തവമാണെന്നും പൊലീസ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. കൊലപാതകം എന്ന കുടുംബത്തിന്റെ ആരോപണം പരിശോധിക്കുന്നതായും പൊലീസ് വ്യക്തമാക്കി. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ ഒരു ആത്മഹത്യയാണ് എന്നാണ് അറിയിച്ചിരിക്കുന്നത്. നവീന്‍ ബാബുവിന്റെ തൂങ്ങി മരണമാണെന്നും ശരീരത്തില്‍ മറ്റ് മുറിപ്പാടുകളില്ലെന്നും ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്. കൊലപാതകമാണ് എന്നതിന്റെ യാതൊരു സൂചനയും ഫോറന്‍സിക് സംഘവും നല്‍കിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
അതിനിടെ, കേസിലെ പ്രതിയായ പി പി ദിവ്യയെ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ സിപിഎം നീക്കം നടത്തുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ധനകാര്യ സ്റ്റാന്‍ഡിംഗ് അംഗമെന്ന പദവിയിലേക്കാണ് വെള്ളിയാഴ്ച്ച രാവിലെ കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പി. പി ദിവ്യയെ തെരഞ്ഞെടുത്തത്. ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ നിന്നു മയ്യില്‍ ഡിവിഷനിലെ എന്‍.വി ശ്രീജിനി രാജിവെച്ച ഒഴിവിലേക്കാണ് ആത്മഹത്യ പ്രേരണാ കുറ്റത്തിന് ജാമ്യം ലഭിച്ച പി.പി ദിവ്യയെ ഉള്‍പ്പെടുത്തിയത്.
എന്‍.വി ശ്രീജിനിയെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുത്തു. ഡിസംബര്‍ പതിനൊന്നിനാണ് സ്ഥിരം സമിതി അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. പി.പി ദിവ്യയെ സ്ഥിരം സമിതി അധ്യക്ഷ പദവിയിലേക്ക് കൊണ്ടുവരാനുള്ള അണിയറ നീക്കവും സജീവമാണ്.
കണ്ണൂര്‍ എ.ഡി.എം പത്മചന്ദ്ര കുറുപ്പാണ് തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചത്. നേരത്തെ എ.ഡി.എം നവീന്‍ ബാബു ദുരുഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ സി.പി.എം പി.പി ദിവ്യയെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കം ചെയ്തിരുന്നു.
എന്നാല്‍ കല്യാശേരി ഡിവിഷന്‍ അംഗമായ പി.പി ദിവ്യ ജില്ലാ പഞ്ചായത്ത് അംഗമായി തുടരുകയായിരുന്നു. ഇരിണാവ് ബ്രാഞ്ചിലേക്കാണ് ദിവ്യയെ അച്ചടക്കനടപടിയുടെ ഭാഗമായി തരംതാഴ്ത്തിയത്. സ്വന്തം വീട് നില്‍ക്കുന്ന പ്രദേശമായ പാപ്പിനിശേരി ഏരിയാ സമ്മേളനത്തിലും ദിവ്യ യ്ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
കാര്യങ്ങള്‍ ഇങ്ങനെയെങ്കിലും, പാര്‍ട്ടി ജില്ലാ നേതൃത്വത്തിലെ ചില നേതാക്കള്‍ പി.പി ദിവ്യയ്ക്ക് പൂര്‍ണമായ പിന്തുണയാണ് രഹസ്യമായി നല്‍കിക്കൊണ്ടിരിക്കുന്നതെന്നാണ് വിവരം. പാര്‍ട്ടി അഭിഭാഷകനായ കെ. വിശ്വനാണ് ദിവ്യയുടെ കേസ് വാദിക്കുന്നത്. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്നും ദിവ്യയ്ക്ക് ജാമ്യം കിട്ടിയതും വിശ്വന്റെ അശ്രാന്ത പരിശ്രമത്തിനൊടുവിലാണ്.